കൽപ്പറ്റയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
നെസ്റ്റോ ഹൈപ്പർമാർക്കറ്റിന് സമീപമാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കൽപ്പറ്റ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കി മുട്ടവില; ഉപയോഗം കുറച്ച് ഉപഭോക്താക്കൾ
തിരുവനന്തപുരം :ദിനംപ്രതി കുതിച്ചുയരുന്ന ഭക്ഷ്യവിലക്കയറ്റത്തിനിടയില്‍ മുട്ടയുടെ വിലയിലും വന്‍ വര്‍ധനവ്. അടുത്തിടെയായി മുട്ട വില സര്‍വകാല റെക്കോര്‍ഡിലാണെന്നും, ഫാമുകളില്‍ നിന്നുള്ള വില ഉയര്‍ന്നതോടെ പല നഗരങ്ങളിലും ചില്ലറ വില്‍പ്പന നിരക്ക് മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചുവെന്നും ലോക്കല്‍ സര്‍ക്കിള്‍സ് പുറത്തുവിട്ട പുതിയ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ 6 മാസത്തിനിടെ മുട്ടയ്ക്ക് 10 മുതല്‍ 50 ശതമാനം വരെ വില കൂടി. കോഴിത്തീറ്റയുടെ വിലയിലുണ്ടായ വര്‍ധനവും വിതരണത്തിലെ തടസ്സങ്ങളുമാണ് ഉപഭോക്താക്കളെ വലയ്ക്കുന്ന ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. ഫാമുകളില്‍ നിന്നുള്ള വിലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35-40 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.മുട്ട വാങ്ങുന്നത് കുറച്ച് പകുതിയോളം പേര്മുട്ടവില കൂടിയ സാഹചര്യത്തോട് എങ്ങനെ പ്രതികരിച്ചുവെന്ന സര്‍വേയിലെ ചോദ്യത്തിന് 19,638 പേരാണ് മറുപടി നല്‍കിയത്. ഇതില്‍ 48 ശതമാനം ആളുകളും പറഞ്ഞത് തങ്ങള്‍ മുട്ട വാങ്ങുന്നതിന്റെ അളവും തവണകളും കുറച്ചു എന്നാണ്. 10 ശതമാനം പേര് വില കുറഞ്ഞ മറ്റ് ബദലുകള്‍ തേടി. അതേസമയം, വില കൂടിയെങ്കിലും ഉപയോഗത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് 37 ശതമാനം പേര് പറഞ്ഞു.കുതിച്ചുയര്‍ന്ന് മുട്ടവിലരാജ്യത്തെ പല നഗരങ്ങളിലും ഫാമുകളില്‍ നിന്നുള്ള മുട്ട വില കുത്തനെ ഉയര്‍ന്നു. ഒരു വര്‍ഷം മുന്‍പ് 4.94 രൂപയുണ്ടായിരുന്ന മുട്ടയ്ക്ക് ഇപ്പോള്‍ ഫാമുകളില്‍ 7 രൂപയാണ് വില. ചില്ലറ വില്‍പ്പന വിപണികളില്‍ ഒരു മുട്ടയ്ക്ക് ശരാശരി 8.50 മുതല്‍ 9 രൂപ വരെ നല്‍കണം. ചില ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഇത് 14 രൂപ വരെയെത്തി! കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 35-40 ശതമാനത്തിന്റെ വിലക്കയറ്റമാണ് രേഖപ്പെടുത്തിയത്.നാഷണല്‍ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ) മൊത്തവ്യാപാര നിരക്ക് 2025 സെപ്റ്റംബറിലെ 558 രൂപയില്‍ നിന്നും (100 മുട്ടയ്ക്ക്) ഡിസംബറായപ്പോഴേക്കും 686 രൂപയായി ഉയര്‍ന്നിരുന്നു. പ്രധാന നഗരങ്ങളില്‍ ഇത് 100 മുട്ടയ്ക്ക് 800 രൂപ കടന്നു. ജൂണില്‍ 5.32 ശതമാനമായിരുന്ന രാജ്യത്തെ ചില്ലറ ഭക്ഷ്യ വിലക്കയറ്റ നിരക്ക് 2026 ജൂലൈയില്‍ 5.52 ശതമാനമായി ഉയര്‍ന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇ.എസ്.എ വിജ്ഞാപനം അംഗീകരിക്കില്ല:വയനാട് റോബസ്റ്റ ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി
വയനാട് ജില്ലയിലെ 13 വില്ലേജുകളെ മാനദണ്ഡങ്ങൾ പാലിക്കാതെ പരിസ്തിതി ലോലമായി കരട് വിജ്ഞാപനം ചെയ്ത കേന്ദ്രസർക്കാർ നടപടി എത്രയും പെട്ടെന്ന് പുനപരിശോദിക്കണമെന്ന് വയനാട് റോബസ്റ്റ ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി ആവശ്യപെട്ടു.ഭാവിയിൽ ഇത് ജില്ലയിലെ മുഴുവൻ മേഖലയെയും ബാധിക്കുമെന്നും കേന്ദ്രസംസ്ഥാന സർക്കാറുകൾ പ്രശ്നത്തിൽ ഉടൻ ഇടപെടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.ചെയർമാൻ അലി ബ്രാ൯ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ മോഹൻ രവി സ്വാഗതവും സിഇഒ സജി നന്ദിയും പറഞ്ഞു.
ഭീതിയിൽ ലോകം, 2027 ഫെബ്രുവരി വരെ എൽ നിനോ അതിശക്തമായി തുടരാൻ സാധ്യത; കേരളത്തിൽ ഇത്തവണ ലഭിച്ചത് 21 ശതമാനം കുറവ് മഴ, മുന്നറിയിപ്പ്
ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ അസാധാരണമായ ഉയർന്ന താപനില എൽ നിനോ കൂടുതൽ ശക്തിപ്പെടാനുള്ള അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് ലോക കാലാവസ്ഥ സംഘടനയുടെ മുന്നറിയിപ്പ്. 2027 ഫെബ്രുവരി വരെ എൽ നിനോ തുടരാനുള്ള സാധ്യതയുണ്ടെന്നും വളരെ ശക്തമായ എൽ നിനോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മഴയുടെയും താപനിലയുടെയും സാധാരണ രീതികളിൽ വലിയ മാറ്റങ്ങൾ വരുത്തുകയും തീവ്ര കാലാവസ്ഥാ സംഭവങ്ങൾക്ക് കാരണമാകുകയും ചെയ്യാമെന്ന് ലോക കാലാവസ്ഥ സംഘടന വ്യക്തമാക്കുന്നു.എന്നാൽ വളരെ ശക്തമായ എൽ നിനോ എല്ലായിടത്തും ഒരേ തരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കണമെന്നില്ല. അതോടൊപ്പം എൽ നിനോയുടെ ശക്തി മാത്രം ഒരു രാജ്യത്തോ പ്രദേശത്തോ ഉണ്ടാകുന്ന ആഘാതത്തിന്റെ തീവ്രത നിർണയിക്കുന്നില്ല. ഇതിന്റെ സ്വാധീനം പ്രദേശത്തിനും കാലാവസ്ഥാ സീസണിനും അനുസരിച്ച് വ്യത്യാസപ്പെടും. കൂടാതെ ഇന്ത്യൻ മഹാസമുദ്രം, അറ്റ്ലാന്റിക്ക് മഹാസമുദ്രം തുടങ്ങിയ മേഖലകളിലെ മറ്റ് കാലാവസ്ഥാ ഘടകങ്ങൾ ചേർന്ന് ചില പ്രദേശങ്ങളിൽ എൽ നിനോയുടെ സ്വാധീനം ശക്തിപ്പെടുത്തുകയോ, ദുർബലപ്പെടുത്തുകയോ, വ്യത്യസ്തമാക്കുകയോ ചെയ്യാമെന്നും ലോക കാലാവസ്ഥ സംഘടന വ്യക്തമാക്കുന്നു.
വിശുദ്ധ ശരീഅത്ത് സംരക്ഷിക്കപ്പെടണം,കാലികമല്ലെന്ന് പറഞ്ഞ് കളിയാക്കരുത്';കാന്തപുരത്തിന് ജിഫ്രി തങ്ങളുടെ പിന്തുണ
മലപ്പുറം: സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ സമസ്ത നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് പിന്തുണയുമായി ഇ കെ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഇന്ത്യ രാജ്യത്ത് ഓരോരുത്തര്‍ക്കും അവരുടെ മതപരമായ കാര്യങ്ങള്‍ പറയാമെന്നും അത് സ്വീകരിക്കാമെങ്കില്‍ സ്വീകരിക്കാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. അല്ലാതെ കാലികമല്ലെന്ന് പറഞ്ഞ് കളിയാക്കേണ്ടതില്ല. ഉത്തരവാദിത്തപ്പെട്ടവര്‍ അങ്ങനെ പ്രതികരിക്കരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.'ഓരോ മതങ്ങള്‍ക്കും അവരവരുടെ മതകാര്യങ്ങള്‍ ഉണ്ട്. ഇന്ത്യ അങ്ങനെയൊരു രാജ്യമാണ്. ഏതെങ്കിലും ഒരു മതത്തിന്റെ ആചാരങ്ങളെ ആരും എതിര്‍ക്കരുത്. അങ്ങനെ എതിര്‍ക്കാന്‍ അനുവദിക്കില്ല. വിശുദ്ധ ശരീഅത്ത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അത് കാലത്തിനനുസരിച്ച് മാറില്ല. മാറ്റേണ്ടതുമില്ല', ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
പടികള്‍ കയറുമ്പോള്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നുണ്ടോ?; കാരണങ്ങള്‍ ഇവയാകാം
പടികള്‍ കയറുമ്പോള്‍ ശ്വാസതടസ്സം ഉണ്ടാകുന്നത് ഒരു സാധാരണ പ്രശ്നമാണ്. പ്രത്യേകിച്ച് ദീര്‍ഘനാളായി വ്യായാമം ചെയ്യാത്ത ഒരാള്‍ക്ക്. അമിതഭാരമുള്ളവര്‍ക്കും പെട്ടെന്ന് വേഗത്തില്‍ പടികള്‍ കയറുമ്പോഴോ ഇത് സംഭവിക്കാം. സ്റ്റെപ്പുകള്‍ കയറുമ്പോള്‍ ശരീരത്തില്‍ ഓക്സിജന്റെ ആവശ്യകത വര്‍ദ്ധിക്കുകയും വേഗത്തിലുള്ള ശ്വസനം ആവശ്യമായി വരികയും ചെയ്യുന്നു. ഇങ്ങനെ സംഭവിച്ചാലും ഒരു ചെറിയ വിശ്രമത്തിനുശേഷം ശ്വസനം സാധാരണ നിലയിലാകുകയാണെങ്കില്‍ അത് പലപ്പോഴും മോശം ശാരീരികക്ഷമതയുടെയോ സാധാരണ ശരീര പ്രതികരണത്തിന്റെയോ ലക്ഷണമാണ്. എങ്കിലും കുറച്ച് പടികള്‍ കയറുന്നത് പോലും അമിതമായ ശ്വാസതടസ്സത്തിന് കാരണമാകുകയോ ഇങ്ങനെ ആവര്‍ത്തിച്ച് സംഭവിക്കുകയോ മറ്റ് ലക്ഷണങ്ങളോടൊപ്പം ഉണ്ടാകുകയോ ചെയ്താല്‍ ഇക്കാര്യം അവഗണിക്കരുത്.ഫിറ്റ്നസിന്റെ കുറവും കാരണമാകാംപതിവായി നടക്കുകയോ ഓടുകയോ മറ്റ് തരത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാത്തവരില്‍ ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതാണ് ഇതിന് കാരണം. അതിനാല്‍ പടികള്‍ കയറുന്നത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് ശരീരത്തിന് കൂടുതല്‍ ആയാസം വരുത്തുകയും ഹൃദയം വേഗത്തില്‍ രക്തം പമ്പ് ചെയ്യാനിടവരുത്തുകയും ചെയ്യുന്നു. പേശികള്‍ക്ക് കൂടുതല്‍ ഓക്സിജനും ആവശ്യമായിവരും.breathlessness when climbing stairsശരീരഭാരം കൂടുന്നതും പ്രശ്നം വര്ദ്ധിപ്പിക്കുംഅമിതഭാരം ഉണ്ടെങ്കില്‍ നടക്കുകയോ പടികള്‍ കയറുകയോ പോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ശരീരത്തിന് കൂടുതല്‍ പരിശ്രമം ആവശ്യമാണ്. ഇത് ഓക്സിജന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുകയും ശ്വാസതടസ്സത്തിന് കാരണമാവുകയും ചെയ്യും. അതിനാല്‍ പതിവ് ശാരീരിക പ്രവര്‍ത്തനങ്ങളും സമീകൃതാഹാരവും വളരെ അത്യാവശ്യമാണ്.ഹീമോഗ്ലോബിന്റെ അളവ് കുറവാണെങ്കില്ഹിമോഗ്ലോബിന്റെ അളവ് കുറഞ്ഞാല്‍ രക്തത്തിന് ഓക്സിജന്‍ വഹിക്കാനുള്ള കഴിവിനെ ഇത് ബാധിച്ചേക്കാം. പടികള്‍ കയറുന്നത് പോലുള്ള പ്രവൃത്തികളില്‍ ശ്വാസതടസ്സത്തോടൊപ്പം ക്ഷീണം, ബലഹീനത, തലകറക്കം, തലവേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടായാല്‍ ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.ഫിറ്റ്നസ് മെച്ചപ്പെടുത്തുകപടികള് കയറുമ്പോള്‍ ശ്വാസതടസ്സം ഉണ്ടായാല്‍ അത് സാധാരണമാണ്. അത്തരമൊരു സാഹചര്യത്തില്‍ ദിവസേന നടക്കുകയോ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്തുകൊണ്ട് ശാരീരിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ദിവസവും കഴിയുന്നത്ര പടികള്‍ കയറിയാല്‍ പോലും നിങ്ങളുടെ ഫിറ്റ്നസ് മെച്ചപ്പെടുത്താന്‍ കഴിയും. ഇടയ്ക്കിടെയുള്ള ശ്വാസതടസ്സം ഗുരുതരമായ ഒരു പ്രശ്നത്തിന്റെ ലക്ഷണമാകുമെന്ന് ഓര്‍മ്മിക്കുക. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു ഡോക്ടറെ സമീപിക്കുകയോ പരിശോധന നടത്തുകയോ ചെയ്യുന്നതാണ് നല്ലത്.(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമാണ്. മെഡിക്കല്‍ ഉപദേശത്തിന് പകരമാകില്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)
സ്വര്‍ണക്കടത്തിനായി രണ്ടിലധികം വിവാഹം; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍
കോഴിക്കോട്: കരിപ്പൂരില്‍ പിടിയിലായ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വര്‍ണക്കടത്തിനായി രണ്ടിലധികം വിവാഹം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തൽ. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ നിന്നും സ്വര്‍ണം പിടികൂടിയ സംഭവത്തിലാണ് നിര്‍ണായക കണ്ടെത്തല്‍.കുഞ്ഞിന്റെ പിതാവ് പൊന്നാനി കോക്കൂര്‍ സ്വദേശി ഫാറൂഖിന് രണ്ടിലധികം ഭാര്യമാരുണ്ട്. രണ്ടാമത്തെ ഭാര്യയെ കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടു കോടിയുടെ സ്വര്‍ണവുമായി ഡിആര്‍ഐ പിടികൂടിയിരുന്നു. 28കാരിയായ യുവതി നാപ്കിനില്‍ ഒളിപ്പിച്ചു കടത്തിയത് 1.78 കിലോ സ്വര്‍ണമാണ്. ഭര്‍ത്താവാണ് സ്വര്‍ണം ഒളിപ്പിച്ചു യാത്രയാക്കിയതെന്ന് യുവതി ഡിആര്‍ഐ ക്ക് മൊഴി നല്‍കിയിരുന്നു. ഇതേതുടർന്ന് ഭര്‍ത്താവിന്റെ യാത്രകള്‍ നിരീക്ഷിച്ച റെവന്യു ഇന്റലിജന്‍സ് വിഭാഗമാണ് ഒരു കോടി രൂപയുടെ സ്വര്‍ണവുമായി എത്തിയ ഫാറൂഖിനെ കരിപ്പൂരില്‍ നിന്ന് പിടികൂടിയത്.എട്ടുമാസം പ്രായമായ കുഞ്ഞടക്കം മൂന്നു കുട്ടികളുമായാണ് 34കാരന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂരില്‍ എത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘമാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്. കുഞ്ഞിന്റെ ഡയപ്പറില്‍ നിന്നും പിതാവിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലുമായാണ് ഒരു കോടിയുടെ സ്വര്‍ണം കണ്ടെടുത്തത്. ഭര്‍ത്താവും, രണ്ടാമത്തെ ഭാര്യയും ചേര്‍ന്ന് ഇതു വരെ കൊണ്ടുവന്നത് മൊത്തം മൂന്ന് കോടിയുടെ സ്വര്‍ണമാണെന്ന് റെവന്യു ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. സ്വര്‍ണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ഡിആര്‍ഐ അന്വേഷണം തുടരുകയാണ്.
നഷ്ടം ഇരട്ടിച്ചു! നിർണായക നീക്കവുമായി ടാറ്റ, എയർ ഇന്ത്യയിൽ 10000 കോടി കൂടി നിക്ഷേപിക്കും
എയർ ഇന്ത്യയിൽ 10000 കോടി കൂടി നിക്ഷേപിക്കാൻ ടാറ്റ. എയർ ഇന്ത്യയുടെ നഷ്ടം ഇരട്ടിച്ചതോടെയാണ് നീക്കം. 2021 ൽ എയർലൈൻസ് ഏറ്റെടുത്ത ശേഷമുളള ഏറ്റവും ഉയർന്ന സാമ്പത്തിക സഹായമാണിത്. ടാറ്റ സണ്‍സിനും സിംഗപ്പൂർ എയർലൈൻസിനുമാണ് എയർഇന്ത്യയിൽ ഓഹരി പങ്കാളിത്തമുളളത്. എയർ ഇന്ത്യ നഷ്ടത്തിലായതും എൻ ചന്ദ്രശേഖരന്റെ ടാറ്റാ സണ്‍സ് ചെയർമാൻ സ്ഥാനത്തുനിന്നുളള പടിയിറക്കത്തിന് കാരണമായിരുന്നു.അതേ സമയം, എയർ ഇന്ത്യയിലുള്ള (Air India) സിംഗപ്പൂർ എയർലൈൻസിന്റെ നിക്ഷേപങ്ങൾക്ക് സിംഗപ്പൂർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആഗോള നിക്ഷേപ കമ്പനിയായ ടെമാസെക് (Temasek) പിന്തുണ പ്രഖ്യാപിച്ചതായി വാർത്തകൾ പുറത്തു വന്നിരുന്നു. വൻനഷ്ടത്തിൽ ഓടുന്ന എയർ ഇന്ത്യയിലേക്ക് കൂടുതൽ തുക നിക്ഷേപിക്കുന്നതിനെ ചൊല്ലി സിംഗപ്പൂരിൽ രാഷ്ട്രീയ തലത്തിൽ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ടെമാസെകിന്റെ ഈ വിശദീകരണം.വികസനപ്രവർത്തനങ്ങൾക്കായി 1.5 ബില്യൺ യു.എസ് ഡോളർ (ഏകദേശം 14,000 കോടി രൂപ) കൂടി നിക്ഷേപകരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിൽ എയർ ഇന്ത്യയിൽ സിംഗപ്പൂർ എയർലൈൻസിന് 25.1% ഓഹരി പങ്കാളിത്തമുണ്ട്. ബാക്കി 74.9% ടാറ്റാ സൺസിന്റെ പക്കലാണ്. സിംഗപ്പൂർ എയർലൈൻസിന്റെ പ്രധാന ഓഹരി ഉടമ ടെമാസെക് ആണ്.
താലൂക്ക് വികസന സമിതി യോഗം
സുല്‍ത്താന്‍ ബത്തേരി താലൂക്ക് വികസന സമിതി യോഗം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10.30 ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
സൗജന്യ മത്സര പരീക്ഷ പരിശീലനം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സൗജന്യ മത്സരപരീക്ഷ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ നടക്കുന്ന 30 ദിവസത്തെ സൗജന്യ പരിശീലനം സെപ്റ്റംബര്‍ 16 ന് സുല്‍ത്താന്‍ ബത്തേരിയില്‍ ആരംഭിക്കും. 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 11 നകം കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസുകളില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. ഫോണ്‍- 04936 202534, 04936 221149, 9447846515
ഹൈസ്കൂള്‍ ടീച്ചര്‍ അഭിമുഖം
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ നാച്ചുറല്‍ സയന്‍സ് (കാറ്റഗറി നം. 659/2025, മലയാളം മീഡിയം, ഫസ്റ്റ് എന്‍.സി.എ ഹിന്ദു നാടാര്‍) ഹൈസ്കൂള്‍ ടീച്ചര്‍ മാത്തമാറ്റിക്സ് (കാറ്റഗറി നം. 327/2025, മലയാളം മീഡിയം, ഫസ്റ്റ് എന്‍.സി.എ എല്‍.സി/എ.ഐ) ഹൈസ്കൂള്‍ ടീച്ചര്‍ ഹിന്ദി (കാറ്റഗറി നം. 238/2025, ഫസ്റ്റ് എന്‍.സി.എ എസ്.ഐ.യു.സി നാടാര്‍) തസ്തികകളിലേക്ക് സെപ്റ്റംബര്‍ ഒന്‍പതിന് ജില്ലാ പി.എസ്.സി ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത അറിയിപ്പ് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, കെ ഫോം (ബയോഡാറ്റ), യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും അസല്‍ സഹിതം നിശ്ചിത തിയതിയില്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയ സമയത്ത് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936 202539.
GOAT DEBATE SETTLED'; സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട് മെസ്സി, വീണ്ടും ചര്‍ച്ചയായി 'ഗോട്ട'
ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം (GOAT) ആരാണെന്ന ദീര്‍ഘകാലത്തെ തര്‍ക്കത്തിന് അര്‍ജന്റീനയിലെ തന്റെ നേട്ടങ്ങള്‍ വ്യക്തമാക്കുന്ന ഒരു റസീപ്റ്റ് മാതൃകയിലുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ലയണല്‍ മെസ്സി സ്വന്തമായൊരു ട്വിസ്റ്റ് നല്കിയിരിക്കുന്നു. ഒരു പുതിയ ബ്രാന്‍ഡ് പ്രചാരണത്തിന്റെ ഭാഗമായി തയാറാക്കിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍, മെസ്സിയുടെ അന്താരാഷ്ട്ര കരിയറിനെ ഒരു ബാര്‍ റസീപ്റ്റിന്റെ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗോളുകള്‍, അസിസ്റ്റുകള്‍, കളിച്ച മിനിറ്റുകള്‍, പ്രധാന കിരീടങ്ങള്‍ എന്നിവ അതില്‍ പ്രത്യേകമായി അക്കമിട്ടു നിരത്തിയിട്ടുണ്ട്.അര്‍ജന്റീന ദേശീയ ടീമിനൊപ്പമുള്ള മെസ്സിയുടെ അത്ഭുതകരമായ യാത്രയുടെ ദൃശ്യാവിഷ്കാരമായാണ് റസീപ്റ്റ് ഉപയോഗിച്ചിരിക്കുന്നത്. തന്റെ കരിയറിലെ സ്ഥിതിവിവരക്കണക്കുകളെയും നേട്ടങ്ങളെയും പ്രതീകാത്മകമായ ഒരു 'ടാബ്' ആയി ഇത് മാറ്റുന്നു. 2022-ലെ ഫിഫ ലോകകപ്പ് വിജയം, നിരവധി കോപ്പ അമേരിക്ക കിരീടങ്ങള്‍, ഒളിമ്പിക് സ്വര്‍ണമെഡല്‍, ഫൈനലിസിമ എന്നിവയാണ് ഈ റസീപ്റ്റില്‍ എടുത്തുപറഞ്ഞിരിക്കുന്ന പ്രധാന നേട്ടങ്ങള്‍. അര്‍ജന്റീനയെ പ്രതിനിധീകരിച്ച കാലയളവിലുടനീളം ദശലക്ഷക്കണക്കിന് ആരാധകര്‍ക്ക് ആവേശം പകര്‍ന്നത് ഉള്‍പ്പെടെ, മെസ്സിയുടെ കരിയര്‍ ഉണ്ടാക്കിയ വലിയ സ്വാധീനത്തെക്കുറിച്ചും റസീപ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ പരസ്യ പ്രചാരണം ഒട്ടും മടിയില്ലാതെ കാര്യങ്ങള്‍ തുറന്നുപറയുന്നു. സാധാരണ സബ്ടോട്ടലോ ടിപ്പ് ലൈനോ നല്‍കുന്നതിന് പകരം, മെസ്സിയുടെ നേട്ടങ്ങള്‍ ഓരോന്നായി നിരത്തിയ ശേഷം ഏറ്റവും താഴെയായി 'GOAT debate-settled' എന്ന കുറിപ്പോടെയാണ് റസീപ്റ്റ് അവസാനിക്കുന്നത്.അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കാന്‍ മെസ്സി തീരുമാനിച്ചതിന് പിന്നാലെയാണ് ഈ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പുറത്തുവന്നത്. ഇത് അര്‍ജന്റീന നായകന്റെ കരിയറിലെ മറ്റൊരു അധ്യായത്തിന് കൂടി തുടക്കമിടുന്നു. 2014-ലെ ഫിഫ ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനിയോട് തോറ്റതടക്കം വര്‍ഷങ്ങളോളം നേരിട്ട ഹൃദയഭേദകമായ തിരിച്ചടികള്‍ക്ക് ശേഷം, 2022-ല്‍ കിലിയന്‍ എംബാപ്പെ നയിച്ച ഫ്രാന്‍സിനെ ഫൈനലില്‍ തോല്‍പ്പിച്ചാണ് മെസ്സി ഫിഫ ലോകകപ്പ് കിരീടം ഉയര്‍ത്തിയത്. 36 വര്‍ഷത്തിന് ശേഷമുള്ള അര്‍ജന്റീനയുടെ ആദ്യ ലോകകപ്പ് വിജയമായിരുന്നു അത്. അവരുടെ ആകെ മൂന്നാമത്തേതും. ഇതിനുമുമ്പ്, 2021-ല്‍ കോപ്പ അമേരിക്ക കിരീടം നേടിക്കൊടുത്ത് അര്‍ജന്റീനയുടെ 28 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിക്കുന്നതിലും മെസ്സി നിര്‍ണായക പങ്കുവഹിച്ചിരുന്നു. 2022 ലോകകപ്പ് വിജയത്തിന് ശേഷം 2024 പതിപ്പിലും ടീം തുടര്‍ച്ചയായി കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തി. 2016-ല്‍ ചിലെക്കെതിരായ കോപ്പ അമേരിക്ക ഫൈനല്‍ തോല്‍വിക്ക് ശേഷം മെസ്സി അന്താരാഷ്ട്ര വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും, പിന്നീട് അത് പിന്‍വലിക്കുകയും ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറില്‍ സ്വന്തം രാജ്യത്തെ ലോകകപ്പ് വിജയത്തിലേക്ക് നയിക്കുകയുമായിരുന്നു.
ടിക്കറ്റ് വില 1000 മുതല്‍ 15000 വരെ, ഇന്ത്യ-ബ്രസീൽ പോരാട്ടത്തിന്റെ ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നു.
ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഇന്ത്യ-ബ്രസീൽ സ്വപ്ന പോരാട്ടത്തിനായുള്ള ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റു തീര്‍ന്നു. ഒക്ടോബർ 3-ന് കൊൽക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി ക്രീരംഗനിൽ (സാൾട്ട് ലേക്ക് സ്റ്റേഡിയം) നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകളാണ് വില്പനക്കെത്തി മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നത്. 2 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച ടിക്കറ്റ് വിൽപനയിൽ, 1,000 രൂപ മുതൽ 5,000 രൂപ വരെയുള്ള നോൺ-പ്രീമിയം ടിക്കറ്റുകൾ വെറും 20 മിനിറ്റിനുള്ളിൽ വിറ്റഴിഞ്ഞു. 10,000 രൂപ മുതൽ 15,000 രൂപ വരെയുള്ള പ്രീമിയം ടിക്കറ്റുകൾക്കും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.ചരിത്രത്തിൽ ആദ്യമായാണ്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിന്റെ സീനിയർ പുരുഷ ടീം ഇന്ത്യയിൽ കളിക്കാനെത്തുന്നത്. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്‍ഡ്രിക്ക് തുടങ്ങിയ പ്രമുഖ താരങ്ങളെയും പരിശീലകൻ കാർലോ ആഞ്ചലോട്ടിയെയും ഉൾപ്പെടുത്തി പൂർണ്ണ സജ്ജമായ ടീമിനെയാകും ബ്രസീൽ ഇന്ത്യയിലേക്ക് അയക്കുകയെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ ഭാരവാഹികൾ സൂചന നൽകി. 85,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയം മത്സരദിവസം നിറഞ്ഞു കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കണം: മന്ത്രി കെ.എം ഷാജി
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മേഖലയ്ക്ക് മികച്ച മാതൃകയാണെന്നും കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാന്‍ വിവിധ യൂണിവേഴ്സിറ്റികളുടെ സേവനം ഉപയോഗപ്പെടുത്തി ഇന്റേണ്‍ഷിപ്പ് സൗകര്യം ഒരുക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി ആന്‍ഡ് വെല്‍നസ് സെന്ററിലെ ഉപകരണങ്ങള്‍, സഖി വുമണ്‍ വെല്‍നസ് കോസ്മറ്റിക്സ് ഗൈനക്കോളജി പദ്ധതി ലോഗോ പ്രകാശനം, സോളാര്‍ പ്ലാന്റ് സ്വിച്ച് ഓണ്‍ കര്‍മ്മം, ന്യൂട്രീഷന്‍ കിറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനപ്രതിനിധിയെന്ന നിലയില്‍ വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ചലനാത്മകമായിട്ടുള്ള ആരോഗ്യ സ്ഥാപനമാണ് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമി ആശുപത്രി ആവശ്യത്തിനായി ലഭ്യമാക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സാങ്കേതിക വശങ്ങള് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെയും നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ 2025-26 സാമ്പത്തിക വര്‍ഷത്തെ തുക വിനിയോഗിച്ച് കുടുംബാരാഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് 62,44,000 രൂപയുടെ ആധുനിക വൈദ്യുത ഉപകരണങ്ങളാണ് ഗവ ഇ-മാര്‍ക്കറ്റ് പ്ലേസ് പോര്‍ട്ടല്‍ മുഖേന ആശുപതിയില്‍ ലഭ്യമാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം കെ അജീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി അവറാന്, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മോയിന്‍, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസസിഡന്റ് എം.കെ ജയ, വൈസ് പ്രസിഡന്റ് എന്‍.എ ഉസ്മാന്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബെന്നി കൈനിക്കല്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.പി ദാഹര്‍ മുഹമ്മദ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ദേശീയ നേത്രദാന പക്ഷാചരണം പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരാവണം: എം.എല്‍.എ ഉഷ വിജയന്
പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരായി അന്ധതയ്ക്ക് പരിഹാരം കാണാമെന്ന് എം.എല്‍.എ ഉഷ വിജയന്. മാനന്തവാടി സ്കില്‍ ലാബില്‍ നടന്ന 41-ാമത് ദേശീയ നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച്സം സാരിക്കുകയായിരുന്നു എം.എല്‍.എ. കണ്ണുകള്‍ ദാനം ചെയ്യുക, കാഴ്ച സമ്മാനിക്കുകയെന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. രാജ്യത്ത് 120 ലക്ഷത്തോളം അന്ധരാണുള്ളത്. ഇതില്‍ പന്ത്രണ്ട് ലക്ഷത്തോളം പേരുടെ അന്ധതയ്ക്ക് കാരണം നേത്രപടല തകരാറുകളാണ്. നേത്രപടലം മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ കാഴ്ച വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ. മരണാനന്തരം ദാനം ചെയ്യുന്ന കണ്ണിന്റെ നേത്രപടലമാണ് ശസ്ത്രക്രിയക്ക് ഉപയോഗിക്കാന്‍ സാധിക്കു. ഇതിനായി എല്ലാവര്ക്കും നേത്രദാന സമ്മതപത്രം നല്‍കാവുന്നതാണ്. സെപ്റ്റംബര്‍ എട്ടുവരെയാണ് ദേശീയ നേത്രദാന പക്ഷാചരണം ആചരിക്കുന്നത്. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായ പരിപാടിയില്‍ മാനന്തവാടി നഗരസഭ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ഷിബു കെ ജോര്‍ജ് നേത്രദാന പ്രതിജ്ഞന ചൊല്ലി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര് ഷീജ പക്ഷാചരണ സന്ദേശവും ജില്ലാ എന്‍സിഡി നോഡല്‍ ഓഫീസര്‍ ഡോ. പി.എസ് സുഷമ വിഷയാവതരണവും നടത്തി. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.എം ധന്യ ബോധവത്കരണ ക്ലാസിന് നേതൃത്വം നല്കി. മാനന്തവാടി ഗവ നഴ്സിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നേത്രദാന ബോധവത്കരണ ലഘുനാടകം അവതരിപ്പിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എം മൊയ്തീന്‍ഷാ, മാനന്തവാടി നഗരസഭ ഡിവിഷന് കൗണ്‍സിലര്‍ പി.കെ ഹംസ, വയനാട് ഗവ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. യു അനുജ, മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി.കെ ജീവന്‍ലാല്‍, ജില്ലാ ഒഫ്താല്‍മിക് സര്ജന് ഡോ. സന്ധ്യ റാം, മെഡിക്കല്‍ കോളേജ് ഒഫ്താല്‍മിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രചന ചന്ദ്രന്, ജില്ലാ ആശുപത്രി ആര്.എം.ഒ ഡോ. ജി.ആര് ഫെസിന്, ഗവ നഴ്സിങ് കോളേജ് പ്രിന്‍സിപ്പല്‍ കെ.കെ റസിയ, ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം ഫസല്‍, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്ട്രോള് ഓഫീസര്‍ വി.പി കൃഷ്ണകുമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് സി.കെ ബിജു, ജില്ലാ നഴ്സിങ് ഓഫീസര്‍ ബിനിമോള്‍ തോമസ്, ജില്ല ഒഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ എം സ്മിത എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ദേശീയ അന്ധത നിവാരണ പരിപാടി വിഭാഗം ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പടിഞ്ഞാറത്തറയില്‍ എ.ബി.സി. കേന്ദ്രം പ്രവര്‍ത്തന സജ്ജമായി
തെരുവുനായ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ അതീവ ജാഗ്രത അനിവാര്യം- മന്ത്രി കെ.എം ഷാജിപടിഞ്ഞാറത്തറ ആനിമല്‍ ബര്‍ത്ത് കണ്ട്രോള് കേന്ദ്രം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നാടിന് സമര്‍പ്പിച്ചു. തെരുവുനായ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ അതീവ ജാഗ്രത അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പഠനാവശ്യത്തിന് വീട്ടില്‍ നിന്ന് ഇറങ്ങുന്ന കുട്ടികള്‍ വരെ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന് മുന്നിലുള്ള പ്രതിസന്ധിയാണ് തെരുവുനായ ശല്യം പരിഹാരവും അവയുടെ അതിജീവനവും. വളര്‍ത്തുനായ്കളെ നിരുത്തരവാദപരമായി തെരുവില്‍ കളയുന്ന രീതി സംസ്ഥാനത്ത് വ്യാപകമായുണ്ടെന്നത് സര്‍ക്കാരിന്റെ ശ്രദ്ധയിലുള്ള കാര്യമാണ്. നിലവില്‍ തെരുവുനായ്ക്കളുടെ ഇരട്ടി വളര്‍ത്തു നായ്ക്കള്‍ കേരളത്തിലുണ്ട്. വളര്‍ത്തുനായ്ക്കള്‍ പ്രസവിക്കുമ്പോള്‍ ഉണ്ടാവുന്ന കുഞ്ഞുങ്ങളെ തെരുവുകളില്‍ ഉപേക്ഷിക്കുന്ന പ്രവണതയാണുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ ഒരു ഏക്കര്‍ സ്ഥലത്ത് ഏകദേശം ആയിരത്തിലധികം നായ്ക്കളെ പാര്‍പ്പിക്കാന്‍ കഴിയും വിധത്തില്‍ ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതിനായി പഞ്ചായത്തുകളുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സാധാരണക്കാരായ മനുഷ്യരുടെ പ്രശ്നങ്ങളോട് ചേര്‍ന്നു നില്ക്കാന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. ആസ്പിരേഷന്‍ ജില്ലാ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാപനങ്ങള്‍, ജീവനക്കാര്‍ക്കുള്ള അവാര്‍ഡുകള്‍, സംസ്ഥാന കുടുംബശ്രീ മിഷന്റെ ധീരം സ്വയം രക്ഷാ പരിശീലനം പദ്ധതി ഗുണഭോക്താക്കള്‍ക്ക് ജേഴ്സിയും വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റും മന്ത്രി വിതരണം ചെയ്തു. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരെ പരിപാടിയില്‍ ആദരിച്ചു. എ.ബി.സി സെന്ററിലെ ഓപറേഷന് തിയേറ്റര്‍ എം.എല്‍.എ ഉഷ വിജയന് ഉദ്ഘാടനം ചെയ്തു.തദ്ദേശ സ്വയംഭരണവകുപ്പ് 97 ലക്ഷം രൂപയും മൃഗ സംരക്ഷണവകുപ്പ് 33 ലക്ഷം രൂപയും വിനിയോഗിച്ച് പൂര്‍ത്തീകരിച്ച് സെന്ററില്‍ ഓപറേഷന് തിയേറ്റര്‍, പ്രീ-സര്‍ജറി മുറികള്‍, പോസ്റ്റ് ഓപറേറ്റീവ് ഷെല്‍ട്ടര്‍, 84 കൂടുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സെന്ററിലൂടെ പ്രതിമാസം 200 വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ രണ്ടാമത്തെ ആനിമല്‍ ബര്‍ത്ത് കണ്ട്രോള് കേന്ദ്രമാണ് പടിഞ്ഞാറത്തറയിലേത്. ആദ്യഘട്ടത്തില്‍ സ്കൂള്‍ പരിസരങ്ങള്‍, ടൗണുകള്‍, മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ജനസാന്ദ്രതാ മേഖലകളില്‍ നിന്നും തെരുവുനായകളെ പിടികൂടും. കേന്ദ്രത്തിലെത്തിക്കുന്ന നായകള്‍ക്ക് വിദഗ്ധ ശസ്ത്രക്രിയ നടത്തി പരിചരണം നല്‍കും. തുടര്‍ന്ന് പേ വിഷ പ്രതിരോധകുത്തിവെപ്പ് നല്കി പിടികൂടിയ സ്ഥലത്ത് തിരിച്ചെത്തിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് മുഖ്യാതിഥിയായി. ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരപത്രം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ കൈമാറി. ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കുമായി 'തെരുവുനായ നിയന്ത്രണം -പ്രശ്നങ്ങളും പ്രായോഗിക പരിഹാര നിര്‍ദേശങ്ങളും' എന്ന വിഷയത്തില്‍ സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റ് ഡയറക്ടര്‍ ഡോ.വി ജയേഷ് സെമിനാര്‍ അവതരിപ്പിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ. ആര് ബിനു പ്രശാന്ത് മോഡറേറ്ററായി. ജില്ലാ വെറ്ററിനറി കേന്ദ്രം സീനിയര്‍ വെറ്ററിനറി സര്ജന് ഡോ.വി.ജെ മാനോജ്, വെറ്ററിനറി സര്ജന് ഡോ. ആര്യ തെരേസ എന്നിവര്‍ സംസാരിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്, മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരായ കെ.കെ അസ്മ, എം.ജി ബിജു, ജാസര്‍ പാലക്കല്‍, ഖമര്‍ ലൈല, സി.വി രാജന്, സി സി രജിത, നാസര്‍ കാദിരി, റംല ഹംസ, സൂസി ബാബു, വി കേശവന്, സി.പി രഞ്ജിത്ത്, എസ്.എം പ്രമോദ് മാസ്റ്റര്‍, അഞ്ചു ബാലന്, ഗിരിജാ സുധാകരന്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ജിനി തോമസ്, വി എന്‍ ശശീന്ദ്രന്, ഗിരിജാ കൃഷ്ണന്, സല്‍മ മോയി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി മൊയ്തീന് ഹാജി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാലില്, ജില്ലാ പഞ്ചായത്ത് ഡിവിഷന് അംഗം കമലാ രാജന്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബുഷറ വൈശ്യന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.എസ് പ്രേമന്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സാജിത നൗഷാദ്, യു.സി അമ്പിളി, ഹാരിസ് കണ്ടിയന്‍, വാര്‍ഡ് അംഗം ശാന്ത ബാബു, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം രാകേഷ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വിദ്യാലയങ്ങളിൽ ജാഗ്രതാ മതിൽ; പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ സഭ നിലവിൽ വന്നു
പനമരം: സംസ്ഥാന സർക്കാറിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 'ലഹരി വിരുദ്ധ സഭ' നിലവിൽ വന്നു. 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ ആദ്യ സഭായോഗവും ഉദ്ഘാടനവും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.വയനാട് സമഗ്ര ശിക്ഷ കേരള (SSK) ജില്ലാ പ്രൊജക്ട് ഓഫീസർ നിസാർ കമ്പ ലഹരി വിരുദ്ധ സഭയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ രമേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ്, രേഖ കെ., മമ്മൂട്ടി അഞ്ചുകുന്ന്, നവാസ് ടി.ഇ. തുടങ്ങിയവർ സംസാരിച്ചു. വരും ദിവസങ്ങളിൽ ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും ലഹരി വിരുദ്ധ ബോധവൽക്കരണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ സഭ തീരുമാനിച്ചു.
വിമൻ ഇന്ത്യ മൂവ്മെൻ്റിന് പുതിയ ഭാരവാഹികൾ
കൽപ്പറ്റ : വിമൻ ഇന്ത്യ മ്യൂവ്മെൻ്റ് കൽപ്പറ്റ മണ്ഡലത്തിന്പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.സാഹിറ ഉസാമ(പ്രസിഡന്റ്) റൈഹാനത്ത് ബഷീർ(വൈസ് പ്രസിഡന്റ്) ,ഹഫ്സത് ജാഫർ(സെകട്ടറി), ആയിശ ഹംസ,ഉമൈബ കരിം(ജോയിന്റ് സെക്രട്ടറിമാർ), മുനീറ ശിഹാബ്(ട്രഷറർ), എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സമീറ, ആയിശ, മൈമൂന, സുലൈഖ നാസർ, സുബൈദ ജാഫർ , എന്നിവരെയുമാണ് കൽപ്പറ്റയിൽ ചേർന്ന പ്രതിനിധി സഭയിൽ തെരഞ്ഞെടുത്തത്. സാഹിറ ഉസാമ അദ്ധ്യക്ഷത വഹിച്ചു.ഹഫ്സത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി നുഫൈസ,ജില്ലാകമ്മിറ്റിയംഗം മൈമൂന നാസർ എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു ആയിശ,റൈഹാനത്ത് എന്നിവർ സംസാരിച്ചു.
തൂഫാനില്‍ രാഷ്ട്രീയം നോക്കി ആരെയും പിടികൂടുകയോ രക്ഷിക്കുകയോ ചെയ്യുന്നില്ല; ജി സുധാകരന് മറുപടിയുമായി ചെന്നിത്തല
ഓപ്പറേഷന് തൂഫാന് സിപിഐഎം നേതാക്കളെ തൊടുന്നില്ലെന്ന ജി സുധാകരന് എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി മന്ത്രി രമേശ് ചെന്നിത്തല. ആരും തൂഫാനില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും രാഷ്ട്രീയം നോക്കി ആരെയും പിടികൂടുകയോ രക്ഷിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഓപ്പറേഷന് തൂഫാന് എല്ലാവരുടെയും സഹായം വേണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന് തൂഫാന് വമ്പിച്ച വിജയത്തിലേക്ക് കുതിക്കുകയാണ്. വന്‍ ജനകീയ പങ്കാളിത്തമാണ് ലഭിക്കുന്നത്. 170 കോടി രൂപയുടെ മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഇതുവരെ 10600-ല്‍ അധികം ആളുകള്‍ അറസ്റ്റിലായി. ഒമ്പതിനായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇരുപതാം തീയതി രണ്ടാം ഘട്ടം ആരംഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനകീയ മുന്നേറ്റമാണ് ലക്ഷ്യം. എല്ലാ ഏജന്‍സികളുടെയും സഹായത്തോടെ ലഹരി മാഫിയയുടെ വേരറുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സ്വന്തം ആളുകള്‍ കുടുങ്ങിയപ്പോള്‍ അന്വേഷണം അട്ടിമറിച്ചവരാണ് ഇപ്പോള്‍ 'ഓപ്പറേഷന് തൂഫാ'ന്റെ പേരില്‍ പി ആര് മഹാമഹം തീര്‍ക്കുന്നതെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിനും ചെന്നിത്തല മറുപടി നല്കി.
വെറുംവയറ്റില്‍ പാല് കുടിക്കാറുണ്ടോ?എന്നാല്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
രാവിലെ എഴുന്നേറ്റയുടന്‍ ഒരു ഗ്ലാസ് പാല് കുടിക്കുന്നത് പലരും പതിവായി ചെയ്യുന്ന കാര്യമാണ്. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ആരോഗ്യകരമായ ശീലമെന്ന നിലയില്‍ പാല് കുടിക്കാറുണ്ട്. ചിലര്‍ പ്രഭാതഭക്ഷണത്തിന് മുമ്പ് തന്നെ പാല് കുടിക്കും. എന്നാല്‍ വെറും വയറ്റില്‍ പാല് കുടിക്കുന്നത് യഥാര്‍ഥത്തില്‍ ശരീരത്തിന് ഗുണകരമാണോ? അതോ ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണോ കൂടുതല്‍ നല്ലത്?പാല് പോഷകസമൃദ്ധമായ ഒരു ഭക്ഷണമാണ്. പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, ചില വിറ്റാമിനുകളും ധാതുക്കളും തുടങ്ങിയവയെല്ലാം പാലിലൂടെ ലഭിക്കും. അതുകൊണ്ടുതന്നെ സമീകൃതമായ ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്ന ഒന്നാണ് പാല്.എല്ലുകള്‍ക്ക് ആവശ്യമായ കാല്സ്യംപാലിന്റെ പ്രധാന ഗുണങ്ങളില്‍ ഒന്നാണ് കാല്‍സ്യം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാല്‍സ്യം പ്രധാനമാണ്. ആവശ്യമായ അളവില്‍ കാല്‍സ്യം ലഭിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് സഹായകരമാണ്. അതിനാല്‍ ഭക്ഷണത്തില്‍ പാല് ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.പ്രോട്ടീന്‍ ലഭിക്കുംപാലില് നല്ല നിലവാരത്തിലുള്ള പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പേശികളുടെ പരിപാലനത്തിനും വളര്‍ച്ചയ്ക്കും പ്രോട്ടീന്‍ ആവശ്യമാണ്. പ്രഭാതഭക്ഷണത്തില്‍ ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാത്തവര്‍ക്ക് പാല് ഭക്ഷണത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തുന്നത് സഹായകരമാണ്.വയറ് നിറഞ്ഞതായി തോന്നാംപാലിലെ പ്രോട്ടീനും കൊഴുപ്പും കാരണം കുടിച്ചതിന് ശേഷം കുറച്ചുസമയം വയറുനിറഞ്ഞതായി തോന്നാന്‍ സാധ്യതയുണ്ട്. ചില പഠനങ്ങളില്‍ പാലുള്‍പ്പെടെയുള്ള ഡയറി ഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷം 'സാറ്റിയറ്റി' അഥവാ വയറ് നിറഞ്ഞതായി തോന്നുന്ന അവസ്ഥ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് എല്ലാവരിലും ഒരുപോലെ അനുഭവപ്പെടണമെന്നില്ല.വെറും വയറ്റില്‍ തന്നെ കുടിക്കണമെന്നുണ്ടോ?ഇവിടെയാണ് പ്രധാന കാര്യം. പാല് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതാണ് ഏറ്റവും ആരോഗ്യകരമായ മാര്‍ഗമെന്ന് ഉറപ്പിച്ച് പറയാന്‍ മതിയായ ശാസ്ത്രീയ തെളിവില്ല. രാവിലെ കുടിക്കാം, പക്ഷേ ഭക്ഷണത്തിന് മുമ്പ് തന്നെ കുടിക്കണമെന്ന നിര്‍ബന്ധമില്ല. ശരീരത്തിന് യോജിക്കുന്ന സമയത്തും രീതിയിലും പാല് കഴിക്കുകയാണ് വേണ്ടത്.ചിലര്‍ക്ക് അസ്വസ്ഥത ഉണ്ടാകാംപാല് കുടിച്ച ശേഷം വയറുവേദന, വയറുവീക്കം, ഗ്യാസ്, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നവര്‍ക്ക് Lactose intolerance ഉണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ വെറും വയറ്റില്‍ പാല് കുടിക്കുന്നത് കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കാനും സാധ്യതയുണ്ട്. പാല് അലര്‍ജിയുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം.അപ്പോള്‍ എങ്ങനെ കുടിക്കണം?പാല് ഇഷ്ടമാണെങ്കില്‍ ഭക്ഷണക്രമത്തിന്റെ ഭാഗമായി സാധാരണ അളവില്‍ കഴിക്കാം. വെറും വയറ്റില്‍ കുടിക്കുമ്പോള്‍ അസ്വസ്ഥതയുണ്ടെങ്കില്‍ പ്രഭാതഭക്ഷണത്തോടൊപ്പമോ മറ്റൊരു ഭക്ഷണത്തിന്റെ ഭാഗമായോ കഴിച്ചു നോക്കാം.ഒറ്റവാക്കില്‍ പറഞ്ഞാല്‍ പാലിന്റെ ഗുണം ലഭിക്കാന്‍ അത് വെറും വയറ്റില്‍ തന്നെ കുടിക്കണമെന്നില്ല. ഒരാളുടെ ശരീരത്തിന് യോജിക്കുന്ന രീതിയില്‍ സമീകൃതമായ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതാണ് പ്രധാനം. പാലിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ മൊത്തത്തില്‍ പല ഗുണകരമായ ബന്ധങ്ങളും കണ്ടെത്തിയിട്ടുണ്ടെങ്കിലും വ്യക്തിയുടെ ആരോഗ്യസ്ഥിതി, ഭക്ഷണക്രമം എന്നിവയും പരിഗണിക്കണം.

