sports
വിറച്ച് ഇംഗ്ലണ്ട് ക്വാർട്ടറിൽ; മെക്സികോ പ്രീക്വാർട്ടറിൽ പുറത്ത്
2026 ഫിഫ ലോകകപ്പിൽ മെക്സിക്കോയ്ക്കെതിരെ വിറച്ച് ജയിച്ച് ഇംഗ്ലണ്ട്. അടികളും തിരിച്ചടികളുമായി നീണ്ട മത്സരത്തിൽ മെക്സികോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലണ്ട് തകർത്തത്. ജൂഡ് ബെല്ലിങ്‌ഹാമിന്റെ ഇരട്ടഗോൾ മികവാണ് ഇംഗ്ലണ്ടിന്റെ ജയത്തിൽ നിർണായകമായത്. മത്സരത്തിന്റെ 54 - ആം മിനിറ്റിൽ ജാരെൽ ക്വാൻസ റെഡ് കാർഡ് കണ്ട് പുറത്തതായതോടെ ഇംഗ്ലണ്ട് പത്ത് പേരായി ചുരുങ്ങുകയും ചെയ്തിരുന്നു.ഇംഗ്ലണ്ടായിരുന്നു മത്സരത്തിൽ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയിൽ മത്സരത്തിന്റെ 36, 38 മിനിറ്റുകളിലായിരുന്നു മെക്സിക്കോയുടെ ഗോൾ വലകുലുക്കികൊണ്ട് ബെല്ലിംഗ്ഹാം മിന്നലാട്ടം നടത്തിയത്. വെറും ഒരൊറ്റ മിനിറ്റിന്റെ വ്യത്യാസം മാത്രമേ ഇരുഗോളുകളും തമ്മിൽ ഉള്ളൂ. ആദ്യ മിനിറ്റുകളിൽ ഒരു ഒഴുക്കിന് തുടങ്ങിയ മത്സരം പിന്നീട് തീപാറും പോരാട്ടം ആവുകയായിരുന്നു
ബ്രസീലിനെ തകർത്ത് നോർവേ ക്വാർട്ടറിൽ
ചരിത്രം ഒരിക്കൽ കൂടി ആവർത്തിച്ചു. ലോകകപ്പ് വേദിയിൽ നോർവെക്ക് മുന്നിൽ ബ്രസീലിന് വീണ്ടും അടി തെറ്റി. 28 വർഷം മുൻപ് കണ്ടതിന്റെ തനിയാവർത്തനം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റു. വരാനിരിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങൾ മത്സരത്തിന്റെ തുടക്കത്തിലേ കണ്ടതാണ്. മൂന്നാം മിനിറ്റിൽ ബ്രസീലിന്റെ വല നോർവേ കുലുക്കിയെങ്കിലും ഓഫ്സൈഡിൽ രക്ഷപ്പെട്ടു.പത്താം മിനിറ്റിൽ മുന്നിലെത്താൻ കിട്ടിയത് സുവർണ്ണാവസരം . കൂന്യയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗുമറൈസിന് ലക്ഷ്യത്തിലെത്തിക്കാൻ ആയില്ല. അവിടം മുതൽ ബ്രസീലിന്റെ വില്ലനായത് നോർവേ ഗോൾ കീപ്പർ നീൽലൻഡ്.ഗോളിനായി ബ്രസീൽ നിരന്തരാക്രമണങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല രണ്ടാം പകുതി ഇരുടീമുകളും പതിഞ്ഞ തുടക്കം.പകരക്കാരനായി എത്തിയ എൻട്രിക്ക് ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ പന്ത് പുറത്തേക്ക് അടിച്ചു. എഴുപതിഒൻപതാം മിനിറ്റ് അതുവരെ ബ്രസീലിയൻ പ്രതിരോധം വിടാതെ പിന്തുടർന്ന ഏർലിൻ ഹാലൻഡ് ആ പൂട്ട് പൊട്ടിച്ചു സുന്ദരമായ ഹെഡറിലൂടെ നോർവേ മുന്നിലെത്തിച്ചു. കളിയുടെ നിശ്ചിത നിശ്ചിത സമയത്തിന്റെ അവസാനത്തിൽ പ്രതിരോധത്തിന്റെ പിഴവിലൂടെ ഹർലിങ്ങിന്റെ രണ്ടാം പ്രഹരം. ബ്രസീലിന്റെ പതനം.
'കേപ് വർദെയിലെ ജനങ്ങൾ നിങ്ങളെയോർത്ത് അഭിമാനിക്കട്ടെ..'; മെസി പറഞ്ഞ വാക്കുകളെ കുറിച്ച് വൊസീഞ്ഞ
നിലവിലെ ലോകചാമ്പ്യന്മാരയ അർജന്റീനയെ വിറപ്പിച്ചുകൊണ്ടാണ് കേപ് വർദെ നോക്കൗട്ടിൽ നിന്നും പുറത്തായത്. അത്യന്തം ആവേശകരമായ മത്സരത്തിൽ ഇരുപത്തിയൊമ്പതാം മിനിറ്റിൽ തന്നെ മെസിയിലൂടെ അർജന്റീന ലീഡ് എടുത്തെങ്കിലും അൻപത്തിയൊമ്പതാം മിനിറ്റിൽ ഡെറോയ് ഡുവാർട്ടെയിലൂടെ കേപ് വർദെ സമനില പിടിച്ചു.ഇരുപകുതിയിലും നല്ലപോലെ ആക്രമിച്ചു കളിച്ച കേപ് വർദെയെ ഞെട്ടിച്ചുകൊണ്ട് തൊണ്ണൂറ്റിയാറാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസ് സ്‌കോർ ചെയ്‌തെങ്കിലും അധികസമയത്തിൽ സിഡ്‌നി ലോപസ് കബ്രാളിന്റെ ഗംഭീരമായൊരു ഗോളിലൂടെ കേപ് വർദെ വീണ്ടും സമനിലപിടിച്ചു. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിച്ച സമയത്താണ് മെസിയുടെ കോർണർകിക്കിൽ നിന്നും ഹെഡർ ഗോളിലൂടെ അർജന്റീന ലീഡ് പിടിച്ച മത്സരം സ്വന്തമാക്കുന്നത്. ഡിനെ ബോർഗ്‌സിന്റെ ടച് ഉണ്ടായതുകൊണ്ട് തന്നെ സെൽഫ് ഗോൾ ആയാണ് അത് കണക്കാക്കിയത്.അർജന്റീന അനായാസമായി ജയിക്കേണ്ടിയിരുന്ന മത്സരത്തിൽ കേപ് വർദെ ഗോൾ കേപ്പർ വൊസിഞ്ഞയുടെ നിർണായക ഇടപെടലായിരുന്നു ഏറ്റവും പ്രധാനം. ഗോൾ എന്നുറപ്പിച്ച നിരവധി ഷോട്ടുകളാണ് വൊസിഞ്ഞ എന്ന നാലപതുകാരൻ തട്ടിയകറ്റിയത്.
ഫ്രാൻസിന് എന്ത് പാരഗ്വായ്; എംബാപ്പെയും സംഘവും ക്വാർട്ടർ ഫൈനലിൽ
പാരഗ്വായ് യെ തോൽപ്പിച്ച് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ. പ്രീ ക്വാർട്ടർ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. നായകൻ കെയ്‌ലിയൻ എംബാപ്പെ നേടിയ പെനാൽറ്റി ഗോളിലായിരുന്നു ജയം. 70-ാം മിനിറ്റിലായിരുന്നു ഗോൾ. പാരഗ്വായ് പ്രതിരോധ താരങ്ങൾ ഡുവെയെ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിളിച്ചത്.കളിയുടെ തുടക്കം മുതൽ പന്തടക്കത്തിലും മുന്നേറ്റത്തിലും ഫ്രാൻസ് തന്നെയായിരുന്നു മുന്നിൽ. എന്നാൽ ഗോൾ വല ഭേദിക്കാൻ ഫ്രാൻസിനായില്ല. ഏറ്റവുമൊടുവിലാണ് എംബാപ്പെയുടെ ഗോൾ പിറന്നത്.താരത്തിന്റെ ഈ ലോകകപ്പിലെ ഏഴാം ഗോളാണിത്. ഇതോടെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ അർജന്റീനൻ സൂപ്പർ താരം ലയണൽ മെസിക്കൊപ്പമെത്തി ഫ്രഞ്ച് താരം. ലോകകപ്പ് ചരിത്രത്തിലെ 19-ാം ഗോളാണിത്. 20 ഗോളുമായി മെസിയാണ് ലിസ്റ്റിൽ ഒന്നാമത്.
ഡബിളടിച്ച് ഔനാഹി, വിജയഗാഥ തുടർന്ന് മൊറോക്കോ; കാനഡയെ തകർത്ത് ക്വാർട്ടറിലേക്ക്
ഹൂസ്റ്റൺ: ഔനാഹിയുടെ ഇരട്ടഗോളിൽ സഹ ആതിഥേയരായ കാനഡയെ തകർത്ത് മൊറോക്കോ ക്വാർട്ടർ ഫൈനലിലേക്ക്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കാനഡയെ മൊറോക്കോ തകർത്തത്. ആദ്യ പകുതിയിൽ കാനഡ ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ അൻപതാം മിനിറ്റിൽ തന്നെ മൊറോക്കോ ലീഡ് കണ്ടെത്തി. വലതുവിംഗിൽ നിന്നും ലഭിച്ച ഫ്രീകിക്ക് അഷ്‌റഫ് ഹക്കിമി നീട്ടി നൽകിയത് ബോക്സിലുണ്ടായിരുന്ന ഔനാഹിയുടെ കാലുകളിലേക്ക്. ലക്ഷ്യം പിഴക്കാത്ത ഔനാഹി കൃത്യമായി അത് കാനഡയുടെ വലയിലെത്തിച്ചു.ലീഡെടുത്തെങ്കിലും മത്സരത്തിൽ ആക്രമണം കുറച്ച് പ്രതിരോധത്തിലേക്കിറങ്ങത്ത മൊറോക്കോയെയാണ് മത്സരത്തുനിൽ കണ്ടത്. എണ്പത്തിരണ്ടാം മിനിറ്റിൽ ലഭിച്ച കൗണ്ടർ അറ്റാക്ക് കലാശിച്ചത് മൊറോക്കോയുടെ രണ്ടാം ഗോളിൽ ആയിരുന്നു. ബോക്സിൽ നിന്നും ബ്രാഹിം ഡിയാസ് നീട്ടിനൽകിയ പന്ത് ഔനാഹി കൃത്യമായി വലയിലെത്തിച്ചു. കാളിയവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ സോഫിയാൻ റഹിമി മൊറോക്കോയുടെ ഗോൾ നില മുന്നിലെത്തിച്ചു. ബ്രാഹിം ഡിയാസ് തന്നെയാണ് ഇത്തവണയും അസിസ്റ്റ്.ഇന്ന് നടക്കുന്ന പാരഗ്വായ്- ഫ്രാൻസ് മത്സരത്തിലെ വിജയികളെയാണ് മൊറോക്കോ ക്വാർട്ടറിൽ നേരിടുക. നോക്കൗട്ടിൽ നെതർലാൻഡ്സിനെ തോൽപിച്ച ആത്മവിശ്വാത്തിലാണ് മൊറോക്കോ പ്രീ ക്വാർട്ടറിന് എത്തിയത്. ഷൂട്ടൗട്ടിൽ ഗോൾ കീപ്പർ യാസിൻ ബോണോയുടെ മികച്ച സേവുകൾ മൊറോക്കോയ്ക്ക് ക്വാർട്ടറിലേക്കുള്ള വഴിയൊരുക്കി. ബ്രസീലുമായി ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ തന്നെ ലാറ്റിനമേരിക്കൻ വമ്പന്മാരെ സമനിലയിൽ തളച്ച പോരാട്ടവീര്യം കൂടിയുണ്ടായിരുന്നു മൊറോക്കോയ്ക്ക്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഫ്രാൻസ് പരാഗ്വായ്യെ തോല്പിച്ചവൾ ക്വാർട്ടറിൽ മികച്ചൊരു മത്സരം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ പ്രേമികൾ.
അടിക്ക് തിരിച്ചടി, അര്‍ജന്റീനയെ വിറപ്പിച്ച് കേപ് വെര്‍ദെ; ഒടുവില്‍ കടന്നുകൂടി, ഇനി അങ്കം ഈജിപ്തിനെതിരെ
മയാമി: പൊരുതി കളിച്ച കേപ് വെര്‍ദയെ അധിക സമയത്ത് മറികടന്ന് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക്. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. ടൂര്‍ണമെന്റിലുടനീളം അട്ടിമറികളിലൂടെ ശ്രദ്ധേയരായ കേപ് വെര്‍ദെയുടെ മികച്ച ചെറുത്തുനില്‍പ്പിനെ അതിജീവിച്ചാണ് ലയണല്‍ മെസിയും സംഘവും അവസാന പതിനാറിലെത്തിയത്. ലിയോണല്‍ മെസി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഒരെണ്ണം കേപ് താരം ഡിനിയുടെ സെല്‍ഫ് ഗോളായിരുന്നു. ഡെറോയ് ഡ്വാര്‍തെ, സിഡ്‌നി ലോപസ് എന്നിവരുടെ വകയായിരുന്നു കേപ് വെര്‍ദെയുടെ ഗോളുകള്‍.മത്സരത്തിന്റെ 29-ാം മിനിറ്റില്‍ ലയണല്‍ മെസി നേടിയ ഗോളിലൂടെ അര്‍ജന്റീന ലീഡ് എടുത്തു. ഇത് താരത്തിന്റെ കരിയറിലെ ഇരുപതാമത് ലോകകപ്പ് ഗോളായിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ ഡെറോയ് ഡുവാര്‍ട്ടെയുടെ ഗോളിലൂടെ കേപ്പ് വെര്‍ദെ ഒപ്പമെത്തി. 90 മിനിറ്റിനുശേഷം മത്സരം അധികസമയത്തേക്ക് നീണ്ടു. അധികസമയത്തിന്റെ തുടക്കത്തില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് അര്‍ജന്റീനയെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും, കേപ്പ് വെര്‍ദെയുടെ സിഡ്നി ലോപ്പസ് കാബ്രല്‍ ഒരു തകര്‍പ്പന്‍ ഗോളിലൂടെ വീണ്ടും സമനില പിടിച്ചു.
ചരിത്രം കുറിച്ച് ഈജിപ്ത്; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍
ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി ഈജിപ്ത് പ്രീ ക്വാര്‍ട്ടറില്‍. നോക്കൗട്ടില്‍ ഓസ്ട്രേലിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഈജിപ്ത് ചരിത്രനേട്ടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1 എന്ന നിലയില്‍ സമനില പാലിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. 13-ാം മിനിറ്റില്‍ ഇമാം അഷൗറിന്റെ ഗോളില്‍ ഈജിപ്ത് മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം പകുതി, 55-ാം മിനിറ്റില്‍ മുഹമ്മദ് ഹാനിയുടെ സെല്‍ഫ് ഗോളിന് ഈജിപ്ത്തിന് വിനയായി.ഷൂട്ടൗട്ടില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ഈജിപ്ത് 4-2 എന്ന സ്‌കോറിനാണ് വിജയം പിടിച്ചെടുത്തത്. ഈജിപ്ത് തങ്ങളുടെ നാല് കിക്കുകളും ഗോളാക്കി മാറ്റിയപ്പോള്‍, ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് പിഴച്ചു. പതിനെട്ടുകാരനായ ലൂക്കാസ് ഹെറിംഗ്ടണിനും പരിചയസമ്പന്നനായ പ്രതിരോധതാരം ഹാരി സൂട്ടറിനും പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഇത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയായി.
ലോകകപ്പോടെ റൊണാൾഡോ വിരമിക്കുമെന്ന് സഹോദരി; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി പോർച്ചുഗൽ നായകൻ
ലോകകപ്പോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന സഹോദരിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി പോര്‍ച്ചുഗല്‍ നായകൻ. ക്രൊയേഷ്യക്കെതിരായ മത്സരത്തിന് തൊട്ടുമുമ്പ് പോർച്ചുഗീസ് മാധ്യമമായ 'സ്പോർട് ടിവി'-യിൽ സംസാരിക്കവെയാണ് സഹോദരി കാറ്റിയ അവെയ്‌റോ റൊണാൾഡോയുടെ വിരമിക്കലിനെക്കുറിച്ച് സൂചന നൽകിയത്. വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരം അനുസരിച്ച്, ഇത് അവന്‍റെ ലാസ്റ്റ് ഡാന്‍സ് ആണ്. ഇത് ഉടൻ അവസാനിക്കും.അതുകൊണ്ട് അവൻ കളിക്കുന്നത് ഇപ്പോൾ പരമാവധി ആസ്വദിക്കൂ. പോർച്ചുഗൽ ദേശീയ ടീമിനായി ഇനി 200 ഗോളുകൾ നേടുന്ന മറ്റൊരാളെ കണ്ടെത്തുക പ്രയാസമായിരിക്കുമെന്നായിരുന്നു കാറ്റിയയുടെ പ്രതികരണം
'ഈ ജയം ജോട്ടയ്ക്കും പിന്നെ പോര്‍ച്ചുഗലിനും, നമ്മള്‍ മുന്നോട്ട്' -ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ക്രൊയേഷ്യക്കെതിരായ ലോകകപ്പിലെ നോക്കൗട്ട് വിജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 'ഇത് ജോട്ടയ്ക്കും പോര്‍ച്ചുഗലിനും വേണ്ടിയുള്ളതാണ്. നമ്മള്‍ മുന്നോട്ട്' -ക്രിസ്റ്റിയാനോ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ഡിയേഗോ ജോട്ടയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തിലാണ് പോര്‍ച്ചുഗലിന്റെ ജയം. 2025 ജൂലായ് മൂന്നിനാണ് താരം സ്‌പെയിനില്‍ കാറപകടത്തില്‍ മരിച്ചത്. താരത്തിന്റെ ജേഴ്‌സി പിടിച്ചാണ് ക്രിസ്റ്റ്യാനോ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ക്രിസ്റ്റിയാനോ ഗോളടിച്ചിരുന്നു. പെനാല്‍ട്ടിയിലൂടെയാണ് ഗോള്‍നേട്ടം. അടിമുടി നാടകീയത നിറഞ്ഞ മത്സരത്തിനൊടുവിലാണ് പോര്‍ച്ചുഗല്‍ ജയിച്ചുകയറിയത്. ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ടുഗോളിന് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (68, പെനാല്‍റ്റി), ഗോണ്‍സാലോ റാമോസ് (90+4) എന്നിവരാണ് സ്‌കോററര്‍മാര്‍. പിന്നില്‍നിന്ന ശേഷം തിരിച്ചടിച്ചാണ് ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ കടന്നത്. 53-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ മുന്നിലെത്തിയിരുന്നു. കളിയില്‍ മേധാവിത്തം പുലര്‍ത്താന്‍ ടീമിനായെങ്കിലും പറങ്കിപ്പടയുടെ തിരിച്ചടിയില്‍ എല്ലാം തകര്‍ന്നു. പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനാണ് പോര്‍ച്ചുഗലിന് എതിരാളി. ജൂലായ് ഏഴിനു നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലും സ്‌പെയിനും ഏറ്റുമുട്ടും.
ചരിത്രമെഴുതി ക്രിസ്റ്റ്യാനോ, ഇഞ്ചുറി ടൈമിൽ രക്ഷകനായി റാമോസ്; ക്രോയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ
ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി. നാടകീയത നിറഞ്ഞ അവസാന 20 മിനിറ്റുകള്‍ക്കൊടുവില്‍ 2-1നായിരുന്നു പോര്‍ച്ചുഗലിന്‍റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. 53-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ മുന്നിലെത്തിയ ക്രൊയേഷ്യയെ 68-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒപ്പമെത്തിച്ചു.പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസാണ് ഇൻജുറി ടൈമിൽ(90+4) പോർച്ചുഗലിന്‍റെ വിജയഗോള്‍ നേടിയത്. 10 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈം 18 മിനിറ്റ് വരെ നീണ്ടപ്പോള്‍ കളിയുടെ അവസാന സെക്കന്‍ഡില്‍ ക്രൊയേഷ്യ വീണ്ടും പോര്‍ച്ചുഗല്‍ വല കുലുക്കി സനമനില പിടിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡായതോടെ റൊണാള്‍ഡോയും സംഘവും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. പ്രീ ക്വാര്‍ട്ടറില്‍ സ്പെയിനാണ് പോര്‍ച്ചുഗലിന്‍റെ എതിരാളികള്‍. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ റൊണാള്‍ഡോ നേരത്തെ നേടിയ ഗോള്‍ ഓഫ് സൈഡായാപ്പോള്‍ പോര്‍ച്ചുഗലിന്‍റെയും ക്രൊയേഷ്യയുടെയും ഗോള്‍ ശ്രമങ്ങള്‍ പോസ്റ്റിലും ബാറിലും തട്ടിത്തെറിച്ചു.
സ്വീഡനെതിരായ ഇരട്ടപ്രഹരം, ഫിഫ പവര്‍ റാങ്കിംഗിലും ഗോള്‍ഡന്‍ ബൂട്ട് റേസിലും മെസിയെ പിന്തള്ളി എംബാപ്പെ, കുതിച്ച് ഹാലണ്ടും
ലോകകപ്പ് ഫുട്ബോളില്‍ സ്വീഡനെതിരായ ഇരട്ടഗോള്‍ പ്രകടനത്തോടെ ഫിഫ പവര്‍ റാങ്കിംഗിലും ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് റേസിലും അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയെ പിന്തള്ളി ഫ്രഞ്ച് ക്യാപ്റ്റൻ കിലിയന്‍ എംബാപ്പെ. സ്വീഡനെതിരെ രണ്ട് ഗോള്‍ നേടിയതോടെ ഫിഫ പവര്‍ റാങ്കിംഗില്‍ രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന എംബാപ്പെ മെസിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമനായി.കളിക്കാരുടെ അറ്റാക്കിംഗ്, ക്രിയേറ്റിവിറ്റി, ഡിഫന്‍ഡിംഗ് എന്നീ വിഭാഗങ്ങളിലെ സ്‌കോറുകള്‍ പരിശോധിച്ചാണ് ഫിഫ പവര്‍ റാങ്കിംഗ് നടത്തുന്നത്. പുതിയ റാങ്കിംഗ് പ്രകാരം എംബാപ്പെക്ക് അറ്റാക്കിംഗില്‍ 8.79, ക്രിയേറ്റിവിറ്റിയില്‍ 7.48, ഡിഫന്‍ഡിംഗ് 4.71 എന്നിങ്ങനെയാണ് സ്കോര്‍. അതേസമയം 8.27, 6.38, 5.17 എന്നിങ്ങനെയാണ് മെസിയുടെ സ്‌കോര്‍. ഫ്രഞ്ച് താരം മൈക്കല്‍ ഒലീസെ 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 71-ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 74-ാം സ്ഥാനത്താണ്. നാലു സ്ഥാനങ്ങള്ർ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന നോര്‍വെയുടെ ഏര്‍ലിംഗ് ഹാലണ്ടാണ് പവര്‍ റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം.ബ്രസീല്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ പവര്‍ റാങ്കിംഗില്‍ ഒരു സ്ഥാനം താഴേക്കിറങ്ങി അഞ്ചാമതും ഫ്രാന്‍സിന്‍റെ ഒസ്മാന്‍ ഡെംബെലെ ഏഴാമതുമാണ്. 29 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഐവറികോസ്റ്റിന്‍റെ അമാഡ് ഡിയാലോ 10ാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് മറ്റൊരുമാറ്റം. മെക്സിക്കോയുടെ ഹൂലിയന ക്വിനോനെസ് 30 സ്ഥാനം ഉയര്‍ന്ന് പവര്‍ റാങ്കിംഗില്‍ 11-ാം സ്ഥാനത്തെത്തി. പവര്‍ റാങ്കിംഗില്‍ 106 സ്ഥാനം ഉയര്‍ന്ന് 30-ാം സ്ഥാനത്തെത്തിയ നോര്‍വെയുടെ അന്‍റോണിയോ നൂസയാണ് ഏറ്റവും അധികം നേട്ടം കൊയ്ത താരം
പ്രീ- ക്വാർട്ടറിൽ ബ്രസീലിന് എതിരാളികൾ നോർവെ; ഐവറി കോസ്റ്റിനെ തകർത്തത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെ തകർത്ത നോർവെ പ്രീ ക്വാർട്ടറിലേക്ക്. ബ്രസീൽ ആണ് പ്രീ ക്വാർട്ടറിൽ നോർവെയുടെ എതിരാളികൾ. ഐവറി കോസ്റ്റിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു നോർവെയുടെ വിജയം. 1998നു ശേഷം ആദ്യമായാണ് നോർവേ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് പ്രവേശനം നേടുന്നത്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഐവറി കോസ്റ്റിനെതിരെ പ്രതിരോധത്തിലൂന്നിയാണ് നോർവെ കളിമെനഞ്ഞത്. ഗോളെന്നുറപ്പിച്ച ഐവറി കോസ്റ്റിന്റെ നിരവധി അവസരങ്ങളാണ് നോർവെ പ്രതിരോധം ഇല്ലാതെയാക്കിയത്.ആദ്യ പകുതി തീരാൻ കുറച്ച് മിനുട്ടുകൾ മാത്രം ശേഷിക്കെ മുപ്പത്തിയൊമ്പതാം മിനിറ്റിൽ നോർവെയ്ക്ക് വേണ്ടി അന്റോണിയോ നുസയാണ് ആദ്യം സ്‌കോർ ചെയ്തത്. ഗോൾ വഴങ്ങിയെങ്കിലും പ്രതിരോധത്തിലേക്ക് തിരിയാൻ ഒരിക്കലും തയ്യാറല്ലാതിരുന്ന ഐവറി കോസ്റ്റിനെ വേണ്ടി വലതുവിംഗിൽ നിന്നും ഡയോമൊണ്ടയുടെ മൂർച്ചയേറിയ ആക്രമണങ്ങളായിരുന്നു നടത്തിയിരുന്നത്. അതിന്റെ ഫലമെന്നോണം അമാദ് ഡിയാലോ ഐവറി കോസ്റ്റിന് വേണ്ടി ഗോൾ മടക്കി. എന്നാൽ എൺപത്തിനാലാം മിനിറ്റിൽ നോർവേയ്ക്ക് വേണ്ടി ഹാളണ്ട് പട്ടിക പൂർത്തിയാക്കി.
ലോകകപ്പ് ആവേശത്തിനിടെ ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരക്ക് നാളെ തുടക്കം
അയർലൻഡിനെതിരായ ടി20 പരമ്പരയിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ, ഇംഗ്ലണ്ടിനെതിരായാ ടി20 പരമ്പരയ്ക്ക് ടീം ഇന്ത്യ നാളെ ഇറങ്ങും. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം നാളെ ചെസ്റ്റർ ലീ സ്ട്രീറ്റിലെ റിവർസൈഡ് ഗ്രൗണ്ടിൽ നടക്കും. ഹാരി ബ്രൂക്ക് നയിക്കുന്ന ഇംഗ്ലണ്ട് ടീമിനെതിരെ പുതിയ ക്യാപ്റ്റനായ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.അയർലൻഡിനോട് 0-2 ന് പരമ്പര തോറ്റതിന്‍റെ ഞെട്ടലിലാണ് ഇന്ത്യൻ ടീം എന്ന് ബാറ്റിംഗ് കോച്ച് റയാൻ ടെൻ ഡോഷെട്ടെ സമ്മതിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരെ വൻ അഴിച്ചുപണികളോടെയാകും ഇന്ത്യ ഇറങ്ങുക എന്നാണ് സൂചന. 15-കാരൻ വൈഭവ് സൂര്യവംശി ഇന്ന് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് സൂചനകൾ.
ജർമനിയെ തകർത്ത് പാരഗ്വാ; ഷൂട്ടൗട്ടിൽ ജയം
ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ തോൽപ്പിച്ച് ജർമനിയെ പാരാഗ്വായ്. ഷൂട്ടൗട്ടിൽ 4 -3 നായിരുന്നു ജയം ജയം. ജർമൻ താരങ്ങളുടെ രണ്ട് കിക്കുകൾ പാരാഗ്വാ ഗോൾ കീപ്പർ ഗിൽ തടഞ്ഞപ്പോൾ ഒന്ന് പുറത്തേക്ക് പോയി. പാരാഗ്വയുടെ ഒരു കിക്ക് പുറത്തേക്ക് പോയപ്പോൾ ഒന്ന് ജർമൻ ഗോൾ കീപ്പർ ന്യൂയർ തടഞ്ഞു.നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. തുടർന്നുള്ള മുപ്പത്ത് മിനിറ്റ് എക്ട്രാ ടൈമിലും ഇരു ടീമിനും വല കുലുക്കാനാവാത്തതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.ജർമനിയെ ഞെട്ടിച്ച് പാരഗ്വായ് ആണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. 42-ാം മിനിറ്റിൽ ജൂലിയോ എൻസീസോയാണ് ഗോളടിച്ചത്. രണ്ടാം പകുതിയിൽ ജർമനിയുടെ തിരിച്ചടിയെത്തി.കായ് ഹവേർട്‌സാണ് ഗോളടിച്ചത്. ഇടതുവിങ്ങിൽ നിന്ന് ഫ്‌ലോറിയൻ വിർട്‌സ് നൽകിയ ക്രോസ് തലവെച്ച് ഹാവേർട്‌സ് സമനില പിടിച്ചു. പക്ഷെ ഷൂട്ടൗട്ടിൽ തോറ്റ് പുറത്താകാനായിരുന്നു ജർമനിയുടെ വിധി.
ചിറകടിച്ചുയർന്ന് കാനറികൾ; ജപ്പാനെ തോൽപ്പിച്ച് പ്രീ-ക്വാർട്ടറിൽ
ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 ൽ ജപ്പാനെ തോൽപ്പിച്ച് ബ്രസീൽ പ്രീ-ക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കാനറികളുടെ വിജയം. പകരക്കാരനായി ഇറങ്ങിയ ഗബ്രിയേൽ മാർട്ടിനെല്ലി രണ്ടാംപകുതിയുടെ ഇൻജുറി ടൈമിലാണ് (90+6) ബ്രസീലിന്‍റെ വിജയഗോൾ നേടിയത്.മത്സരത്തിന്‍റെ 29ാം മിനിറ്റിൽ കെയ്ഷു സനോയിലൂടെ ജപ്പാനാണ് ആദ്യം ലീഡെടുത്തത്. ഇടവേളക്കുശേഷം കാസെമിറോ 56-ാം മിനിറ്റിൽ ഒപ്പമെത്തിച്ചു.മത്സരം അധിക സമയത്തേക്ക് പോകുമെന്ന് ഏവരും ഉറപ്പിച്ചിരിക്കെയാണ് മാർട്ടിനെല്ലി ടീമിന്‍റെ രക്ഷകനായി അവതരിക്കുന്നത്. ബോക്സിനു തൊട്ടു വെളിയിൽനിന്ന് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബ്രൂണോ ഗ്യുമറേസ് നൽകിയ പന്താണ് താരം വലയിലാക്കിയത്.മത്സരത്തിൽ പന്തടക്കത്തിൽ ബ്രസീൽ മുന്നിട്ടുനിന്നെങ്കിലും ഗോൾ നീക്കങ്ങളെല്ലാം ജപ്പാന്‍റെ പ്രതിരോധത്തിൽ തട്ടിതെറിച്ചു. മൈതാനത്തിന്‍റെ മധ്യത്തിൽനിന്ന് ഡാനിലോ നൽകിയ ഒരു മോശം പാസ് തട്ടിയെടുത്ത് സനോ നടത്തിയ ഒറ്റയാൾ കുതിപ്പാണ് ജപ്പാന് ലീഡ് നേടുകൊടുത്തത്.
ബീഫില്ലാതെ എന്ത് ഫിറ്റ്‌നസ്; ലോകകപ്പ് ക്യാമ്പിലേക്ക് അര്‍ജന്റീനയില്‍നിന്ന് എത്തിച്ചത് 500 കിലോ ബീഫ്
ലോകകപ്പ് ജേതക്കളായ അര്‍ജന്റീനയ്ക്ക് ഭക്ഷണ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. അതിന് വേണ്ടി നാട്ടില്‍നിന്നുവരെ ഭക്ഷണം എത്തിക്കുകയാണ് അര്‍ജന്റീന മാനേജ്‌മെന്റ്. അര്‍ജന്റീന ക്യാമ്പിലേക്ക് ബീഫ് എത്തിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ച. 500 കിലോ ബീഫാണ് അര്‍ജന്റീനയില്‍നിന്ന് കന്‍സാസ് സിറ്റിയിലെ അര്‍ജന്റീന ടീമിന്റെ ക്യാമ്പിലേക്ക് എത്തിച്ചത്. നേരത്തെ ഖത്തര്‍ ലോകകപ്പ് സമയത്ത് 1000 കിലോയോളം ബീഫ് ടീം ഖത്തറിലെ ക്യാമ്പിലെത്തിച്ചിരുന്നു. സുരക്ഷ മാനദണ്ഡങ്ങളെല്ലാം പരിശോധിച്ചാണ് ബീഫ് കയറ്റുമതി ചെയ്തത്.അര്‍ജന്റീന താരങ്ങളുടെ ഭക്ഷണത്തില്‍ പ്രധാനപ്പെട്ടതാണ് ബീഫ്. അമേരിക്കയിലേക്ക് ഭക്ഷണം എത്തിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. കര്‍ശനമായ കസ്റ്റംസ് പരിശോധനകളെല്ലാം കഴിഞ്ഞുവേണം അമേരിക്കയിലേക്ക് ഭക്ഷ്യവസ്തുക്കളെത്തിക്കാന്‍. ബീഫ് ഗ്രില്‍ ചെയ്താണ് അര്‍ജന്റീന താരങ്ങള്‍ കഴിക്കുന്നത്. മെസ്സിയാണ് പലപ്പോഴും ഇതിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഇക്കാര്യം അദ്ദേഹം തന്നെ നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് ഉള്‍പ്പടെ താരങ്ങള്‍ ഗ്രില്‍ ചെയ്യുന്നതിന് മുന്നോട്ടുവരുന്ന വിഡിയോ വൈറലായിരുന്നു. നാട്ടില്‍നിന്ന് എത്ര ദൂരെയാണെങ്കിലും നാടിന്റെ ടച്ച് വിടാതിരിക്കാനും അര്‍ജന്റീനയിലെ ഭക്ഷണം എത്തിക്കുന്നതിലൂടെ കഴിയുമെന്നാണ് മാനേജ്‌മെന്റിന്റെ വാദം.
അട്ടിമറി വീര്യവുമായി ജപ്പാൻ, കിരീട വരൾച്ച തീർക്കാൻ ബ്രസീൽ; ലോകകപ്പിലെ നോക്കൗട്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
ലോകകപ്പ് കിരീട വരൾച്ചയ്ക്ക് അറുതി വരുത്താൻ ഉറച്ചിറങ്ങുന്ന ബ്രസീലിന് ആദ്യ നോക്കൗട്ട് (റൗണ്ട് ഓഫ് 32) മത്സരത്തിൽ കനത്ത വെല്ലുവിളി. ഏഷ്യൻ കരുത്തരായ ജപ്പാനാണ് കാനറികളുടെ എതിരാളികൾ. ഇന്ത്യൻ സമയം ഇന്ന് രാത്രി പത്തരയ്ക്ക് ഹൂസ്റ്റണിലാണ് ആരാധകര്‍ കാത്തിരിക്കുന്ന വമ്പന്‍ പോരാട്ടം.ഗ്രൂപ്പ് സിയിൽ തോൽവിയറിയാതെ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. സൂപ്പർ താരം വിനീഷ്യസ് ജൂനിയർ നയിക്കുന്ന മുന്നേറ്റനിര മികച്ച ഫോമിലാണ്. പഴയ കളിശൈലിയുടെ അത്രയും അപ്രമാദിത്യം അവകാശപ്പെടാനില്ലെങ്കിലും, പരിമിതികൾ മറികടന്ന് ഒരു സംഘമായി മുന്നേറാൻ കോച്ച് കാർലോ ആഞ്ചലോട്ടിയുടെ ടീമിന് സാധിക്കുന്നുണ്ട്. മധ്യനിരയും പ്രതിരോധവും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് ബ്രസീലിന്‍റെ ആത്മവിശ്വാസം കൂട്ടുന്നത്. വ്യക്തിഗത മികവിനെ ബ്രസീൽ അമിതമായി ആശ്രയിക്കുമ്പോൾ, മികച്ച ടീം സ്പിരിറ്റിലാണ് ജപ്പാന്‍റെ പ്രതീക്ഷകൾ. നെതർലൻഡ്സും സ്വീഡനുമുൾപ്പെട്ട കടുത്ത ഗ്രൂപ്പിൽ നിന്നും തോൽവിയറിയാതെയാണ് ജപ്പാൻ പ്രീ-ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്.കോച്ച് ഹാജിമെ മൊറിയാസുവിന് കീഴിൽ അതിവേഗ നീക്കങ്ങളും കൃത്യമായ പ്രെസ്സിങ് ഗെയിമും പുറത്തെടുക്കുന്ന ജപ്പാൻ ഏത് വമ്പന്മാരെയും വീഴ്ത്താൻ പോന്നവരാണ്. മൈതാനത്ത് എതിരാളികൾക്ക് ഒരിഞ്ചുപോലും ഇടം നൽകാതെയുള്ള ജപ്പാന്‍റെ വേഗക്കളിക്ക് തടയിടാൻ ആഞ്ചലോട്ടി ഒരുക്കുന്ന മറുതന്ത്രങ്ങളാവും മത്സരവിധി നിർണ്ണയിക്കുക
ബ്രസീലിനിത് ഫൈനല്‍; സൂപ്പര്‍ താരം നെയ്മര്‍ കൂടുതല്‍ സമയം കളിക്കുമെന്ന് ആഞ്ചലോട്ടി
ബ്രസീല്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇപ്പോഴാണ് ആശ്വാസമായത്. ഫുട്‌ബോള്‍ ലോകകപ്പിലെ കഠിനമായ മത്സര കാലത്ത് തങ്ങളുടെ പ്രിയപ്പെട്ട സുല്‍ത്താന്‍ തിരിച്ചെത്തിയിരിക്കുന്നു. വിനീഷ്യസും കുന്യയും അരങ്ങുവാഴുന്ന ടീമിലേക്ക് നെയ്മര്‍ കൂടിയെത്തിയത് കാനറികള്‍ക്ക് ആശ്വാസമാവുകയാണ്. എന്നാല്‍ പരിക്കില്‍നിന്ന് അദ്ദേഹം പൂര്‍ണ മുക്തനായ ശേഷം ഫിറ്റ്‌നസ് വീണ്ടെടുത്തോ എന്ന ആശങ്ക ഇപ്പോഴുമുണ്ട്. കൂടുതല്‍ സമയം ഗ്രൗണ്ടില്‍ അദ്ദേഹത്തിന് ചെലവിടാനാകുമോ എന്നും ആശങ്കയുണ്ടായിരുന്നു. ഇതിന് മറുപടിയുമായാണ് ഇപ്പോള്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി രംഗത്തെത്തിയിരിക്കുന്നത്. നെയ്മര്‍ ഫിറ്റ്‌നസ് വീണ്ടെടുത്തെന്നും കൂടുതല്‍ സമയം കളിക്കാന്‍ പ്രാപ്തനായെന്നുമാണ് അദ്ദേഹം പറയുന്നത്. ജപ്പാനെതിരെ താരം കൂടുതല്‍ സമയം കളിച്ചേക്കുമെന്നാണ് വിവരം. നെയ്മര്‍ ജപ്പാനെതിരെ കളിച്ചേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോച്ചിന്റെ പുതിയ വെളിപ്പെടുത്തല്‍ ആരാധകര്‍ക്ക് ആശ്വാസമാകുന്നത്.
ലോകകപ്പിൽ മെസി - റോണോ പോര് ഉണ്ടാകുമോ? സാധ്യതകൾ ഇങ്ങനെ
ലോകകപ്പിൽ മെസി - റോണോ പോര് ഉണ്ടാകുമോ എന്നതിൽ, നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കലാശപ്പോരിൽ എത്തിയാൽ മാത്രമേ ഈ പോര് നടക്കുകയുള്ളൂ. ഫൈനലിന് മുമ്പായി അർജന്റീന - പോർച്ചുഗൽ മത്സരം നടക്കാൻ സാധ്യതകൾ ഇല്ല എന്നത് വ്യക്തമാണ്.കഴിഞ്ഞ ദിവസം നടന്ന കൊളംബിയയ്ക്ക് എതിരായ മത്സരത്തിൽ ആരുമാരും ഗോൾ അടിക്കാതെ ഗോൾരഹിത സമനിലയിൽ ആയിരുന്നു അവസാനിച്ചിരുന്നത്. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം ടി=സ്ഥാനത്ത് ഫിനിഷ് ചെയ്തുകൊണ്ടാണ് പോർച്ചുഗൽ റൗണ്ട് ഓഫ് 23 ലേക്ക് യോഗ്യത നേടിയിരുന്നത്. അതേസമയം, ഗ്രൂപ്പ് ചെമ്പ്യന്മാരായാണ് അർജന്റീന കാപ്പ വെർദെയുമായി കൊമ്പുകോർക്കാണ് തയ്യാറെടുക്കുന്നത്.നിലവിലുള്ള ഫിഫയുടെ ഫിക്സ്ച്ചർ അനുസരിച്ച് ഇരുടീമുകൾക്കും നേർക്കുനേർ വരാൻ സാധിക്കാത്ത വിധമുള്ള ക്രിമീകരണമാണ് കാണാൻ സാധിക്കുന്നത്. ഏതൊക്കെ വഴികൾ നോക്കിയാലും ഇരുടീമുകളുടെയും ഇതിഹാസ താരങ്ങളായ ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും കൊമ്പുകോർക്കുന്നത്ത് കാണാത്ത ചെറുതല്ലാത്ത ബുദ്ധിമുട്ട് ഉണ്ട്. അതേസമയം മത്സരങ്ങൾ ജയിച്ചുകയറി ലോകകപ്പ് കലാസപ്പോര് വരെ എത്തുകയാണെങ്കിൽ മാത്രമേ അർജന്റീന - പോർച്ചുഗൽ പോരാട്ടം കാണാൻ ആരാധകർക്ക് സാധിക്കുകയുള്ളു.
ഇനിയും 'കാണാഡാ'; കാനഡ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ
2026 ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി ആതിഥേയരായ കാനഡ. ഇന്ന് നടന്ന നോക്കൗട്ട് മത്സരത്തിൽ സൗത്ത് ആഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയപ്പെടുത്തിയത്. ഗോൾരഹിത സമനിലയിലായിരുന്നു മത്സരത്തിന്റെ ആദ്യ പകുതിയിൽ അവസാനിച്ചിരുന്നതെങ്കിൽ 90 മിനിറ്റും കഴിഞ്ഞ് അതിന്റെ ഇഞ്ചുറി സമയത്തായിരുന്നു കാനഡയുടെ വിജയഗോൾ പിറന്നത്.പല തവണ ഇരുടീമുകളും ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും തന്നെ ഫലം കണ്ടിരുന്നില്ല. മത്സരം അധിക സമയത്തേക്ക് നീങ്ങും എന്ന് വിചാരിച്ചിരുന്ന സമയത്തായിരുന്നു 90 + 2 ൽ സ്റ്റീഫനിലൂടെ കാനഡ വിജയഗോൾ കണ്ടെത്തിയത്. ഇതോടെ കാനഡ ഈ വർഷത്തെ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിക്കുന്ന ആദ്യ ടീമായി മാറി. ഈ ലോകകപ്പിന് ആഥിതേയത്വം വഹിക്കുന്ന രാജ്യങ്ങളിൽ ഒന്ന് കൂടിയാണ് കാനഡ.
ഗ്രൂപ്പ് ചാമ്പ്യന്മാരായി ബെൽജിയം നോക്കൗട്ടിലേക്ക്, കൂടെ ഈജിപ്തും; പൊരുതിവീണ ഇറാന് നോക്കൗട്ട് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം
ഗ്രൂപ്പ് ജി യിലെ നിർണായക പോരാട്ടത്തിൽ ന്യൂസിലൻഡിനെ തകർത്ത് ബെൽജിയം ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബെൽജിയത്തിന്റെ വിജയം. മറ്റൊരു മത്സരത്തിൽ ഇറാൻ ഈജിപ്തിനോട് സമനില വഴങ്ങിയതോടെ കളിച്ച മൂന്ന് മത്സരത്തിലും ജയമില്ലാതെയായ ഇറാന്റെ നോക്കൗട്ട് പ്രവേശനത്തിന് ഇനിയും കാത്തിരിക്കേണ്ടിവന്നിരിക്കുകയാണ്. രണ്ട് മത്സരം നേരത്തെ സമനില വഴങ്ങിയത് കൊണ്ട് തന്നെ ഒറ്റ മത്സരത്തിലെ ജയത്തിന്റെ ബലത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബെൽജിയം നോക്കൗട്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.ഗ്രൂപ്പിൽ ഒരേ പോയന്റുകളാണ് ബെൽജിയത്തിനും ഈജിപ്തിനും. ഗോൾ വ്യത്യസ്തത്തിന്റെ പുറത്താണ് ബെൽജിയം മുന്നിൽ. 28, 50 മിനിറ്റുകളിൽ ലിയാൻഡ്രോ ട്രോസാർഡിലൂടെ മുന്നിലെത്തിയ ബെൽജിയത്തിന്റെ സമ്പൂർണ ആധിപത്യം തന്നെയായിരുന്നു മത്സരത്തിലുടനീളം. കെവിൻ ഡിബ്രൂയ്നും ലുക്കാക്കുവും, അലക്സിസ് സെലെമേക്കേഴ്‌സും ബെൽജിയത്തിന്റെ വിജയം അനായാസമാക്കികൊടുത്തു
പുറത്താവൽ ഭീഷണിയിൽ ബെൽജിയം, ചരിത്രം കുറിക്കാൻ കേപ് വർദെ; മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിൽ ഇടംപിടിക്കുന്ന ആ 8 ടീമുകൾ ആരൊക്കെ?
48 ടീമുകളുമായി മത്സരം തുടങ്ങിയ ലോകകപ്പ് അതിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് അടുക്കുകയാണ്. 12 ഗ്രൂപ്പുകളിലെ ചാമ്പ്യന്മാരും റണ്ണേഴ്‌സ് അപ്പുകളാവുന്ന ടീമുകളും നേരിട്ട് നോക്കൗട്ടിലേക്ക് യോഗ്യത നേടും. ഇതുവരെ ഗ്രൂപ്പ് എയിൽ നിന്നും മെക്സിക്കോ, സൗത്ത് ആഫ്രിക്ക,ബിയിൽ നിന്നും സ്വിറ്റ്സർലാൻഡ്, കാനഡ സിയിൽ നിന്നും ബ്രസീൽ, മൊറോക്കോ, ഡിയിൽ നിന്നും യുഎസ്എ, ഓസ്‌ട്രേലിയ ഇ യിൽ നിന്നും ജർമനി, ഐവറി കോസ്റ്റ് എഫിൽ നിന്നും നെതർലൻഡ്സ്, ജപ്പാൻ, ഗ്രൂപ്പ് ഐയിൽ നിന്നും ഫ്രാൻസ്, നോർവേ, ഗ്രൂപ് ജെ യിൽ നിന്നും അർജന്റീന, കെ യിൽ നിന്നും കൊളംബിയ എന്നീ ടീമുകളാണ് ഔദ്യോഗികമായി നോക്കൗട്ട് ഉറപ്പിച്ചിരിക്കുന്നത്.അതിൽ തന്നെ ഗ്രൂപ് ജി യിലെ ഈജിപ്ത്, ഇറാൻ, ബെൽജിയം ടീമുകളുടെ വരാനിരിക്കുന്ന മത്സരഫലങ്ങൾ ഏറ്റവും നിർണ്ണായകമാണ്. നിലവിൽ ഈജിപ്തിന് 4 പോയിന്റുകളും ഇറാനും ബെൽജിയത്തിനും രണ്ട് പോയന്റുകൾ വീതവുമാണുള്ളത്. ഗ്രൂപ്പ് എച്ചിൽ 4 പോയന്റുകളുമായി സ്‌പെയ്ൻ ആണ് മുന്നിട്ട് നിൽക്കുന്നത്. ഉറുഗ്വായും കേപ് വർദെയും രണ്ട് പോയന്റുകളുമായി പുറകിലുണ്ട്. എൽ ഗ്രൂപ്പിൽ ഇംഗ്ലണ്ടിനും ഘാനയ്ക്കും 4 പോയന്റുകൾ വീതമുണ്ട്. മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടം നേടാൻ ശ്രമിക്കുന്ന ക്രൊയേഷ്യക്ക് 3 പോയന്റുകളാണുള്ളത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോടേറ്റ തോൽവിയാണ് ക്രൊയേഷ്യക്ക് തിരിച്ചടിയായത്.മൂന്നാം സ്ഥാനക്കാരുടെ 12 ടീമുകളുടെ പട്ടികയിൽ നിലവിലെ കണക്കുകളനുസരിച്ച് സ്വീഡൻ ആണ് മുന്നിലുള്ളത്. ഗോൾ വ്യത്യാസത്തിന്റെ ബലത്തിലാണ് 4 പോയന്റുകൾ ഉള്ള സ്വീഡൻ മുന്നിലുള്ളത്. തൊട്ടുപുറകിലുള്ള ഇക്വഡോർ, ബോസ്നിയ, പരാഗ്വായ് എന്നീ ടീമുകൾക്കും 4 പോയന്റുകൾ വീതമുണ്ട്. സ്വീഡനും ഇക്വഡോറും പരാഗ്വായ്‌യും ആദ്യ മൂന്ന് സ്ഥാനക്കാരായി നോക്കൗട്ടിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ള അഞ്ച് സ്ഥാനങ്ങൾക്ക് വേണ്ടിയാണ് ഇനിയുള്ള മത്സരം. 3 പോയന്റുകളുമായി ക്രൊയേഷ്യ, ദക്ഷിണ കൊറിയ, അൾജീരിയ സ്കോട്ട്ലൻഡ് എന്നീ ടീമുകളാണ് എട്ട് വരെയുള്ള സ്ഥാനങ്ങളിൽ.
പ്രായം തളർത്താത്ത പോരാളി; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ
ഗ്രൂപ്പ് കെയിലെ നിർണ്ണായക മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിലാണ് പോർച്ചുഗലിന്റെ വിജയം. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയത് കൊണ്ട് തന്നെ ഗ്രൂപ്പ് ചാമ്പ്യാന്മാരെ നിർണയിക്കുന്നതിൽ പ്രാധാന്യമുള്ള ഈ മത്സരത്തിൽ ജയിക്കേണ്ടത് പോർച്ചുഗലിന്റെ സംബന്ധിച്ച് അനിവാര്യമായിരുന്നു. ഇന്നത്തെ ഇരട്ട ഗോളോട് കൂടി ആദ്യ മത്സരത്തിൽ തനിക്ക് കേട്ട പഴികൾക്കെല്ലാമുള്ള മറുപടി കൂടിയാണ് റൊണാൾഡോ നൽകിയിരിക്കുന്നത്. തുടർച്ചയായി ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് കൂടിയാണ് റൊണാൾഡോ ഇന്ന് സ്വന്തമാക്കിയിരിക്കുന്നത്.തുടക്കം മുതൽ ഉണർന്നുകളിച്ച പോർച്ചുഗൽ മുന്നേറ്റനിര റൊണാൾഡോയിലൂടെ ആറാം മിനിറ്റിൽ തന്നെ ലീഡ് നേടുന്നുണ്ട്. വലതുവിംഗിലൂടെയുള്ള ജാവോ കാൻസലോ നടത്തിയ മുന്നേറ്റത്തിലൂടെ മികച്ചൊരു ക്രോസ് ആയിരുന്നു ബോക്സിലേക്ക് നൽകിയത്. ബോക്സിൽ കൃത്യമായൊരു ഫസ്റ്റ് ടച്ചിലൂടെ റൊണാൾഡോ പന്ത് വലയിലെത്തിച്ചു. പതിനേഴാം മിനിറ്റിൽ നുനോ മെൻഡസ് മനോഹരമായൊരു ഫ്രീകിക്കിലൂടെ പോർച്ചുഗലിന്റെ ലീഡുയർത്തി. മുപ്പത്തിയൊമ്പതാം മിനിറ്റിൽ റൊണാൾഡോ തന്റെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ മൂന്നാം ഗോളിനും വഴിയൊരുക്കിയത് റൊണാൾഡോയുടെ കൃത്യമായ പ്രെസിങ്ങിലൂടെ ലഭിച്ച കോർണർ കിക്കിലൂടെയായിരുന്നു. ബ്രൂണോ ഫെർണാണ്ടസ് നീട്ടിനൽകിയ കോർണർ കിക്ക് റൊണാൾഡോ പോസ്റ്റിലേക്ക് തിരിച്ചുവിടുന്നതിന്റെ ഉസ്ബെക് പ്രതിരോധനിരതാരം നെമട്ടോവിന്റെ ദേഹത്ത് തട്ടി പോസ്റ്റിലേക്ക് കയറി.
ഫിഫ ലോകകപ്പ്: നാടകീയതകൾക്കൊടുവിൽ ഐവറി കോസ്റ്റിനെ വീഴ്ത്തി ജർമ്മനി നോക്കൗട്ടിൽ; ഉന്ദവിന് ഇരട്ടഗോൾ
ഫിഫ ലോകകപ്പ് 2026 ലെ ഗ്രൂപ്പ് ഇ മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെതിരെ ജർമ്മനിക്ക് തകർപ്പൻ വിജയം. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ടാം പകുതിയിൽ തകർപ്പൻ തിരിച്ചുവരവോടെ ജർമ്മനി വിജയം പിടിച്ചെടുത്തത്. ഈ വിജയത്തോടെ ജർമ്മനി ടൂർണമെന്റിന്റെ നോക്കൗട്ട് യോഗ്യത ഉറപ്പാക്കി.മത്സരത്തിന്റെ തുടക്കം മുതൽ ജർമ്മനിയാണ് ആധിപത്യം പുലർത്തിയത്. എന്നാൽ ആദ്യ പകുതി ജർമ്മനിക്ക് കടുത്ത നിർഭാഗ്യത്തിന്റേതായിരുന്നു. 21-ാം മിനിറ്റിൽ ജർമ്മനിയുടെ യുവതാരം അലക്സാണ്ടർ പാവ്‌ലോവിച്ച് മികച്ചൊരു നീക്കത്തിലൂടെ ഐവറി കോസ്റ്റിന്റെ വലകുലുക്കി. എന്നാൽ, ഗോൾ നേടുന്നതിന് തൊട്ടുമുമ്പ് ഐവറി കോസ്റ്റ് ഗോൾകീപ്പർ യഹിയ ഫൊഫാനയെ ജർമ്മൻ താരം ഫൗൾ ചെയ്തതായി വിഎആർ പരിശോധനയിൽ കണ്ടെത്തുകയും റഫറി ഗോൾ നിഷേധിക്കുകയും ചെയ്തു. 30-ാം മിനിറ്റിൽ ഐവറി കോസ്റ്റ് പെട്ടെന്നുള്ളൊരു കൗണ്ടർ അറ്റാക്കിലൂടെ ജർമ്മനിയെ ഞെട്ടിച്ചു. യാൻ ഡിയോമൻഡെയുടെ പാസിൽ നിന്ന് അമദ് ഡിയാലോ എടുത്ത ഷോട്ട് ജർമ്മൻ ഗോൾകീപ്പർ മാനുവൽ നോയർ തട്ടിയകറ്റിയെങ്കിലും, റീബൗണ്ടിൽ ഓടിയെത്തിയ ക്യാപ്റ്റൻ ഫ്രാങ്ക് കെസ്സി പന്ത് വലയിലെത്തിച്ച് ഐവറി കോസ്റ്റിന് 1-0 ന്റെ ലീഡ് സമ്മാനിച്ചു.ഗോൾ വഴങ്ങിയതിന് പിന്നാലെ ജർമ്മനി ആക്രമണം ശക്തമാക്കി. 38ാം മിനിറ്റിൽ ഫ്ലോറിയൻ വിർട്സിന്റെ പാസിൽ നിന്ന് കൈ ഹാവെർട്സ് മനോഹരമായി പന്ത് വലയിലെത്തിച്ചെങ്കിലും, വീണ്ടും വിഎആർ വില്ലനായി. ഗോൾ നീക്കത്തിന് തുടക്കമിട്ട സമയത്ത് വിർട്സ് ഐവറി കോസ്റ്റിന്റെ കോസൗനുവിനെ ഫൗൾ ചെയ്തതായി റഫറി വിധിച്ചു. റഫറിയുടെ വൈകിയ തീരുമാനം ജർമ്മൻ ക്യാമ്പിൽ പ്രതിഷേധത്തിന് കാരണമായി. ആദ്യ പകുതിയിൽ 1-0 ന് പിന്നിലായിരുന്ന ജർമ്മനി രണ്ടാം പകുതിയിൽ നടത്തിയ തകർപ്പൻ പടയോട്ടത്തിലാണ് കളി തങ്ങളുടേതാക്കി മാറ്റിയത്. മത്സരത്തിന്റെ 68-ാം മിനിറ്റിൽ ഡെനിസ് ഉന്ദാവിലൂടെ ജർമ്മനി സമനില പിടിച്ചു. മൈതാനത്തിന്റെ വലതുവശത്ത് നിന്ന് ബോക്സിലേക്ക് ഉയർന്നുവന്ന ഒരു മികച്ച ക്രോസ്, കൃത്യമായി ഉന്ദാവ് ഗോൾപോസ്റ്റിലേക്ക് അടിച്ചുകയറ്റി.
മെസിയുടെ ചവിട്ടിന് ചുവപ്പ് കാര്‍ഡ് തന്നെ വേണം'; റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നല്‍കി അല്‍ജീരിയ
2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയോട് 3-0 ന് പരാജയപ്പെട്ട മത്സരത്തിലെ റഫറിയിങ്ങിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി അല്‍ജീരിയ ഔദ്യോഗികമായി ഫിഫയെ സമീപിച്ചു. ആദ്യ പകുതിയില്‍ ലയണല്‍ മെസിക്ക് ചുവപ്പ് കാര്‍ഡ് നല്‍കേണ്ടതായിരുന്നുവെന്നും, മറ്റ് നിരവധി വിവാദ സംഭവങ്ങളില്‍ റഫറി നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിക്കുന്നു. കന്‍സാസ് സിറ്റിയില്‍ നടന്ന മത്സരത്തില്‍ മെസിയുടെ ഹാട്രിക് മികവിലാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന വിജയം സ്വന്തമാക്കിയത്. എന്നാല്‍ മത്സരത്തിന് ശേഷം, അര്‍ജന്റീന ക്യാപ്റ്റനും അല്‍ജീരിയന്‍ ക്യാപ്റ്റന്‍ ഐസ മാന്‍ഡിയും ഉള്‍പ്പെട്ട ഒരു ഫൗളിനെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്.
നെയ്മറില്ലാതെയും ബ്രസീലിന്റെ ഗോള്‍വേട്ട; ഹെയ്തിയെ തകര്‍ത്ത് ബ്രസീല്‍, ആദ്യ പകുതിയില്‍ തന്നെ ഗോളടിച്ച് ലാറ്റിനമേരിക്കൻ കരുത്തര്‍
ഹെയ്തിക്കെതിരായ മത്സരത്തില്‍ തകർപ്പൻ ജയവുമായി ബ്രസീല്‍ ഫിഫ ലോകകപ്പില്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തി.ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്രസീല്‍ വിജയിച്ച മത്സരത്തില്‍ മാത്യൂസ് ക്യൂഞ്ഞ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍, വിനീഷ്യസ് ജൂനിയർ ഒരു ഗോള്‍ കൂടി സംഭാവന ചെയ്തു.ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകളും സ്വന്തമാക്കിയ ബ്രസീല്‍, പിന്നീട് മികച്ച പ്രതിരോധത്തിലൂടെ ഹെയ്തിയുടെ മുന്നേറ്റങ്ങളെ തടഞ്ഞുനിർത്തുകയായിരുന്നു. പരിക്കേറ്റ സൂപ്പർ താരം നെയ്മറിന്റെ അഭാവത്തിലും ആത്മവിശ്വാസത്തോടെ കളിച്ച ടീമിന്, ആദ്യ മത്സരത്തിലെ സമനിലയ്ക്ക് ശേഷം ലഭിച്ച ഈ വിജയം വലിയ ഉണർവാണ് നല്‍കുന്നത്.അതേസമയം, മികച്ച വിജയത്തിനിടയിലും ബ്രസീലിയൻ ക്യാമ്പില്‍ ആശങ്ക പടർത്തുന്നത് മുന്നേറ്റ താരം റാഫീഞ്ഞയുടെ പരിക്കാണ്. മത്സരത്തിന്റെ 40-ാം മിനിറ്റില്‍ കാലിന് പരിക്കേറ്റതിനെത്തുടർന്ന് അദ്ദേഹത്തിന് കളം വിടേണ്ടി വന്നു.ടീമിന്റെ നിർണായക താരമായ റാഫീഞ്ഞയുടെ പരിക്ക് വരും മത്സരങ്ങളില്‍ ടീമിനെ എങ്ങനെ ബാധിക്കുമെന്നത് പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് വലിയ തലവേദനയാകും. യോഗ്യതാ റൗണ്ടിലുടനീളം മികച്ച ഫോമിലായിരുന്ന താരത്തിന്റെ അസാന്നിധ്യം വരും മത്സരങ്ങളില്‍ ടീമിന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.
'ആ തോൽവി ഇപ്പോഴും വേട്ടയാടുന്നു'; 2022 ലെ ഫൈനൽ പിന്നീട് കണ്ടിട്ടില്ലെന്ന് എംബാപ്പെ
ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനയോടേറ്റ തോൽവി ഇന്നും തന്‍റെ ഉറക്കം കെടുത്തുന്നുണ്ടെന്നും കരിയറിലെ ഏറ്റവും വലിയ മുറിവായി അത് അവശേഷിക്കുന്നുവെന്നും തുറന്നു പറയുകയാണ് ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെ.ഫ്രഞ്ച് മാധ്യമമായ 'ലെ പാരീസിയൻ' ന് നല്‍കിയ അഭിമുഖത്തിൽ സഹതാരം ഇബ്രാഹിമ കൊനാട്ടെയാണ് എംബാപ്പെയോട് 2018, 2022 ലോകകപ്പ് ഫൈനലുകളെക്കുറിച്ചുള്ള ഓർമ്മകളെക്കുറിച്ച് ചോദ്യമുന്നയിച്ചത്. ഞാൻ ഏറ്റവും കൂടുതൽ ഓർക്കുന്നത് തോറ്റ ഫൈനലാണ് (2022). ജയിച്ച ഫൈനലിന്‍റെ ചരിത്രം എനിക്ക് തിരുത്തിയെഴുതേണ്ട ആവശ്യമില്ല. ഞങ്ങൾ ജയിച്ചു, ട്രോഫി സ്വന്തമാക്കി, അത് വിസ്മയകരമായിരുന്നു.എന്നാൽ നാല് വർഷമെന്നത് വലിയൊരു സമയമാണ്. ഒരുപാട് കളിക്കാർ ഇതിനിടയിൽ ടീമിൽ നിന്ന് മാറിപ്പോകും, അതാണ് ലോകകപ്പിന്‍റെ ക്രൂരത. അത്രയുമധികം കഷ്ടപ്പെട്ടിട്ട് ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽക്കുക എന്നത് കടുത്ത നിരാശയാണ്.ഞാൻ ഭാഗ്യത്തിൽ വിശ്വസിക്കുന്നില്ല, പെനാൽറ്റി ഒരു ലോട്ടറിയുമല്ല. അതൊരു സാങ്കേതിക തീരുമാനമാണ്, എങ്കിലും ഒരു ലോകകപ്പ് ഫൈനൽ തോൽക്കാൻ ഇതിലും കഠിനമായ മറ്റൊരു വഴിയില്ല, എംബാപ്പെ പറഞ്ഞു.ഫിഫ ലോകകപ്പിൽ ഫ്രാൻസ് തങ്ങളുടെ ആദ്യ പോരാട്ടത്തിനിറങ്ങുകയാണ് ഇന്ന്. ആഫ്രിക്കൻ കരുത്തരാ സെനഗല്‍ ആണ് എതിരാളികള്‍. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ജന്‍റീനക്ക് മുമ്പില്‍ അടിയറവെച്ച കിരീടം തിരിച്ചുപിടിക്കാനാണ് ഫ്രാൻസ് ഇറങ്ങുന്നത്.
രണ്ട് വട്ടം പിന്നിലായിട്ടും തോൽക്കാൻ മനസില്ലാതെ ഇറാൻ; ന്യൂസിലൻഡിനെതിരെ ആവേശ സമനില
ലോകകപ്പ് ഗ്രൂപ്പ് ജിയിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ ഇറാനെ സമനിലയിൽ തളച്ച് ന്യൂസിലൻഡ്. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി പിരിഞ്ഞ മത്സരം ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നായി മാറി. കളിയിലുടനീളം രണ്ടുതവണ മുന്നിലെത്തിയ ന്യൂസിലൻഡിനെ തിരിച്ചടിച്ച ഇറാൻ ഒടുവിൽ സമനിലയിൽ കുടുക്കിയത്. ന്യൂസിലൻഡിനായി എലിജ ജസ്റ്റ് ഇരട്ട ഗോളുകൾ നേടിയപ്പോൾ, റാമിൻ റെസായൻ, മൊഹമ്മദ് മൊഹെബി എന്നിവരാണ് ഇറാന്‍റെ രക്ഷകരായത്. രാഷ്ട്രീയ തർക്കങ്ങളും വിസ പ്രതിസന്ധികളും കാരണം മത്സരത്തിന് തൊട്ടുമുൻപ് വരെ വാർത്തകളിൽ നിറഞ്ഞ ഇറാൻ ടീമിന് കനത്ത സുരക്ഷയിലാണ് ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ കളിക്കളമൊരുങ്ങിയത്.പ്രവാസി ഇറാനികളുടെ വലിയൊരു നിര സ്റ്റേഡിയത്തിൽ ഇരുപക്ഷത്തുമായി നിലയുറപ്പിച്ചതോടെ ഗാലറിയും കലുഷിതമായിരുന്നു. മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ഇറാനെ ഞെട്ടിച്ച് ന്യൂസിലൻഡ് മുന്നിലെത്തി. സൂപ്പർ താരം ക്രിസ് വുഡിന്‍റെ മികച്ചൊരു പാസിൽ നിന്നും എലിജ ജസ്റ്റ് ലക്ഷ്യം കാണുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ ഉണർന്നു കളിച്ച ഇറാൻ തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു. അതിന് വൈകാതെ ഫലം കണ്ടു. 31-ാം മിനിറ്റിൽ റാമിൻ റെസായൻ ഇറാനായി സമനില ഗോൾ കണ്ടെത്തി. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഇറാൻ വീണ്ടും വലകുലുക്കിയെങ്കിലും റഫറി അത് ഓഫ്‌സൈഡ് വിധിച്ചത് അവർക്ക് തിരിച്ചടിയായി.
അവസാന നിമിഷത്തെ ദിയാലോ മാജിക്; ഇക്വഡോറിനെ അട്ടിമറിച്ച് ഐവറി കോസ്റ്റ്
ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ ലാറ്റിന്‍ അമേരിക്കന്‍ കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്. ഫിലാഡല്‍ഫിയയിലെ ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കടുത്ത പോരാട്ടത്തില്‍ 90-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം അമദ് ദിയാലോ നേടിയ ഗോളാണ് ആഫ്രിക്കന്‍ വമ്പന്മാര്‍ക്ക് ചരിത്രവിജയം സമ്മാനിച്ചത്. ഈ പരാജയത്തോടെ ഇക്വഡോറിന്റെ തുടര്‍ച്ചയായ 19 മത്സരങ്ങളുടെ അപരാജിത കുതിപ്പിനാണ് വിരാമമായത്.മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇക്വഡോര്‍ കളം നിറഞ്ഞു കളിച്ചെങ്കിലും രണ്ടാം പകുതിയില്‍ തന്ത്രപരമായ മാറ്റങ്ങളിലൂടെ ഐവറി കോസ്റ്റ് കളി കൈപ്പിടിയിലൊതുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ അരമണിക്കൂറില്‍ ഇക്വഡോര്‍ ആണ് പൂര്‍ണ ആധിപത്യം പുലര്‍ത്തിയത്. എന്നാല്‍ നിര്‍ഭാഗ്യം അവരുടെ മുന്നേറ്റങ്ങള്‍ക്ക് വിലങ്ങുതടിയായി. കളിയുടെ ആദ്യ പകുതിയില്‍ ഇക്വഡോര്‍ താരങ്ങളായ ജോണ്‍ യെബോവയുടെയും അലന്‍ മിന്‍ഡയുടെയും തകര്‍പ്പന്‍ ഷോട്ടുകള്‍ ഐവറി കോസ്റ്റ് ഗോള്‍പോസ്റ്റിന്റെ ക്രോസ്സ്ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.രണ്ടാം പകുതിയില്‍ കളിയിലേക്ക് ശക്തമായി തിരിച്ചുവന്ന ഐവറി കോസ്റ്റിനും ഒരു സുവര്‍ണ്ണാവസരം നഷ്ടമായി. എലി വാഹിയുടെ ഒരു മികച്ച ശ്രമം ഇക്വഡോര്‍ പോസ്റ്റില്‍ തട്ടി മടങ്ങി. മത്സരം സമനിലയിലേക്ക് എന്ന് ഉറപ്പിച്ചിരുന്ന 90-ാം മിനിറ്റിലാണ് കളിയിലെ ഒരേയൊരു ഗോള്‍ പിറന്നത്. വില്‍ഫ്രഡ് സിംഗോ വലതുവിങ്ങില്‍ നിന്നും നല്‍കിയ മനോഹരമായ പന്ത് സ്വീകരിച്ച പകരക്കാരനായി ഇറങ്ങിയ അമദ് ദിയാലോ, ബോക്സിനുള്ളില്‍ നിന്നും കൃത്യമായ ഒരു ഇടങ്കാലന്‍ ഷോട്ടിലൂടെ പന്ത് ഇക്വഡോര്‍ വലയിലെത്തിക്കുയായിരുന്നു.
ക്യുറോസോവൻ ഗോൾ മുഖം തകർത്ത് ജർമ്മൻ പട; ലോകകപ്പിൽ ഗോൾ മഴപെയ്യിപ്പിച്ച് കിമ്മിച്ചും സംഘവും
ഹൂസ്റ്റൺ: ഗ്രൂപ്പ് ഇ- ലെ ആദ്യ മത്സരത്തിൽ ക്യുറോസോവയ്‌ക്കെതിരെ വമ്പൻ വിജയവുമായി ജർമനി. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കായിരുന്നു ജർമനിയുടെ വിജയം. കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ ജർമനി വരവറിയിച്ചിരുന്നു. ഫെലിക്സ് മേട്ച്ച തുടക്കമിട്ട ഗോൾ വേട്ടയ്ക്ക് എഴുപത്തിയെട്ടാം മിനിറ്റിൽ ഡെനിസ് ഉൻഡാവ് ആണ് അവസാനമിട്ടത്. ആറാം മിനിറ്റിൽ ആദ്യ ഗോൾ വഴങ്ങിയെങ്കിലും ഇരുപത്തിയൊന്നാം മിനിറ്റിൽ ക്യുറോസോവ ഗോൾ മടക്കി ജർമനിയെ ഞെട്ടിച്ചിരുന്നു. ലീവാനോ കോമനൻസിയ ആയിരുന്നു ക്യുറോസോവയ്ക്ക് വേണ്ടി ഗോൾ നേടിയത്.സമനില പിടിച്ച് കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ച ക്യുറോസോവയുടെ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസ് മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. മുപ്പത്തിയെട്ടാം മിനിറ്റിൽ നിക്കോ ഷോൾട്ടർബക്ക് ജർമനിയുടെ ലീഡുയർത്തി. ആദ്യ പകുതി അവസാനിക്കാൻ മിനുട്ടുകൾ ബാക്കിനിൽക്കെ കിട്ടിയ പെനാൽറ്റി ഹാവെർട്സ് വലയിലെത്തിക്കുമ്പോൾ ജർമനി ഏകദേശം വിജയമുറപ്പിച്ചിരുന്നു.രണ്ടാം പകുതിയുടെ തുടക്കം തന്നെ ജമാൽ മൂസിയാള തന്റെ വരവറിയിച്ചു. നാല്പത്തിയേഴാം മിനിറ്റിൽ ജർമനി അണ്ഡത്തിയ മികച്ചൊരു മുന്നേറ്റം മൂസിയാളയിലൂടെ അവർ പൂർത്തിയാക്കി. അറുപത്തിയെട്ടാം മിനിറ്റിൽ നഥാനിയേൽ ബ്രൗണും എഴുപത്തിയെട്ടാം മിനിറ്റിൽ ഡെനിസ് ഉൻഡാവും ജർമനിക്കായി വലകുലുക്കി. എൺപത്തിയെട്ടാം മിനിറ്റിൽ ഹാവെർട്സ് തന്റെ ഇരട്ട ഗോൾ നേടി ജർമനിയുടെ വിജയം സമ്പൂർണ്ണമാക്കി. അതേസമയം തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിനാണ് ക്യുറോസോവ ഇന്നിറങ്ങിയത്. വിശ്വവേദിയിലെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടാൻ കഴിഞ്ഞുവെന്ന മികച്ച നേട്ടത്തിന്റെ സന്തോഷമെല്ലാം നിമിഷനേരംകൊണ്ടാണ് ജർമനി തല്ലികെടുത്തിയത്.
