general
ഭീതിയിൽ ലോകം, 2027 ഫെബ്രുവരി വരെ എൽ നിനോ അതിശക്തമായി തുടരാൻ സാധ്യത; കേരളത്തിൽ ഇത്തവണ ലഭിച്ചത് 21 ശതമാനം കുറവ് മഴ, മുന്നറിയിപ്പ്
ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ അസാധാരണമായ ഉയർന്ന താപനില എൽ നിനോ കൂടുതൽ ശക്തിപ്പെടാനുള്ള അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് ലോക കാലാവസ്ഥ സംഘടനയുടെ മുന്നറിയിപ്പ്. 2027 ഫെബ്രുവരി വരെ എൽ നിനോ തുടരാനുള്ള സാധ്യതയുണ്ടെന്നും വളരെ ശക്തമായ എൽ നിനോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മഴയുടെയും താപനിലയുടെയും സാധാരണ രീതികളിൽ വലിയ മാറ്റങ്ങൾ വരുത്തുകയും തീവ്ര കാലാവസ്ഥാ സംഭവങ്ങൾക്ക് കാരണമാകുകയും ചെയ്യാമെന്ന് ലോക കാലാവസ്ഥ സംഘടന വ്യക്തമാക്കുന്നു.എന്നാൽ വളരെ ശക്തമായ എൽ നിനോ എല്ലായിടത്തും ഒരേ തരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കണമെന്നില്ല. അതോടൊപ്പം എൽ നിനോയുടെ ശക്തി മാത്രം ഒരു രാജ്യത്തോ പ്രദേശത്തോ ഉണ്ടാകുന്ന ആഘാതത്തിന്റെ തീവ്രത നിർണയിക്കുന്നില്ല. ഇതിന്റെ സ്വാധീനം പ്രദേശത്തിനും കാലാവസ്ഥാ സീസണിനും അനുസരിച്ച് വ്യത്യാസപ്പെടും. കൂടാതെ ഇന്ത്യൻ മഹാസമുദ്രം, അറ്റ്ലാന്റിക്ക് മഹാസമുദ്രം തുടങ്ങിയ മേഖലകളിലെ മറ്റ് കാലാവസ്ഥാ ഘടകങ്ങൾ ചേർന്ന് ചില പ്രദേശങ്ങളിൽ എൽ നിനോയുടെ സ്വാധീനം ശക്തിപ്പെടുത്തുകയോ, ദുർബലപ്പെടുത്തുകയോ, വ്യത്യസ്തമാക്കുകയോ ചെയ്യാമെന്നും ലോക കാലാവസ്ഥ സംഘടന വ്യക്തമാക്കുന്നു.
നഷ്ടം ഇരട്ടിച്ചു! നിർണായക നീക്കവുമായി ടാറ്റ, എയർ ഇന്ത്യയിൽ 10000 കോടി കൂടി നിക്ഷേപിക്കും
എയർ ഇന്ത്യയിൽ 10000 കോടി കൂടി നിക്ഷേപിക്കാൻ ടാറ്റ. എയർ ഇന്ത്യയുടെ നഷ്ടം ഇരട്ടിച്ചതോടെയാണ് നീക്കം. 2021 ൽ എയർലൈൻസ് ഏറ്റെടുത്ത ശേഷമുളള ഏറ്റവും ഉയർന്ന സാമ്പത്തിക സഹായമാണിത്. ടാറ്റ സണ്‍സിനും സിംഗപ്പൂർ എയർലൈൻസിനുമാണ് എയർഇന്ത്യയിൽ ഓഹരി പങ്കാളിത്തമുളളത്. എയർ ഇന്ത്യ നഷ്ടത്തിലായതും എൻ ചന്ദ്രശേഖരന്റെ ടാറ്റാ സണ്‍സ് ചെയർമാൻ സ്ഥാനത്തുനിന്നുളള പടിയിറക്കത്തിന് കാരണമായിരുന്നു.അതേ സമയം, എയർ ഇന്ത്യയിലുള്ള (Air India) സിംഗപ്പൂർ എയർലൈൻസിന്റെ നിക്ഷേപങ്ങൾക്ക് സിംഗപ്പൂർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആഗോള നിക്ഷേപ കമ്പനിയായ ടെമാസെക് (Temasek) പിന്തുണ പ്രഖ്യാപിച്ചതായി വാർത്തകൾ പുറത്തു വന്നിരുന്നു. വൻനഷ്ടത്തിൽ ഓടുന്ന എയർ ഇന്ത്യയിലേക്ക് കൂടുതൽ തുക നിക്ഷേപിക്കുന്നതിനെ ചൊല്ലി സിംഗപ്പൂരിൽ രാഷ്ട്രീയ തലത്തിൽ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ടെമാസെകിന്റെ ഈ വിശദീകരണം.വികസനപ്രവർത്തനങ്ങൾക്കായി 1.5 ബില്യൺ യു.എസ് ഡോളർ (ഏകദേശം 14,000 കോടി രൂപ) കൂടി നിക്ഷേപകരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിൽ എയർ ഇന്ത്യയിൽ സിംഗപ്പൂർ എയർലൈൻസിന് 25.1% ഓഹരി പങ്കാളിത്തമുണ്ട്. ബാക്കി 74.9% ടാറ്റാ സൺസിന്റെ പക്കലാണ്. സിംഗപ്പൂർ എയർലൈൻസിന്റെ പ്രധാന ഓഹരി ഉടമ ടെമാസെക് ആണ്.
നേപ്പാള്‍ മിന്നല്‍ പ്രളയം; മരണസംഖ്യ 1,250 ആയി, 4000 പേര് ഇപ്പോഴും കാണാമറയത്ത്
നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 1,250 ആയി ഉയര്‍ന്നു. 4000 ഓളം പേര് ഇപ്പോഴും കാണാ മറയത്താണ്. കാണാതായവരില്‍ 583 പേര് വിദേശ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 11,993 പേരെ രക്ഷപ്പെടുത്തിയതായാണ് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. പ്രളയം രൂക്ഷമായി ബാധിച്ച എട്ട് ജില്ലകളില്‍ നിന്നാണ് ഭൂരിഭാഗം മൃതദേഹങ്ങളും കണ്ടെടുത്തിരിക്കുന്നത്.നാഷണല്‍ ഡിസാസ്റ്റര്‍ റിസ്ക് റിഡക്ഷന്‍ ആന്‍ഡ് മാനേജ്മെന്റ് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം, ചിറ്റവാന്‍ ജില്ലയില്‍ നിന്ന് 348 മൃതദേഹങ്ങളും, നവല്‍പരാസി ഈസ്റ്റില്‍ നിന്ന് 218-ഉം, നവല്‍പരാസി വെസ്റ്റില്‍ നിന്ന് 208-ഉം, നുവകോട്ടില്‍ നിന്ന് 155-ഉം മൃതദേഹങ്ങള്‍ സുരക്ഷാ സേന കണ്ടെടുത്തു. അതുപോലെ റാസുവയില്‍ നിന്ന് 127-ഉം ഗോര്‍ഖയില്‍ നിന്ന് 69-ഉം, ധാഡിംഗില്‍ നിന്ന് 60-ഉം, തനഹൂവില്‍ നിന്ന് 38-ഉം മൃതദേഹങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്.
അധികം വൈകിപ്പിക്കേണ്ട; വാഹന ഇൻഷുറൻസ് പുതുക്കാത്തവരറിയാൻ, ഇല്ലെങ്കിൽ എട്ടിന്റെ പണി കിട്ടും
വാഹനങ്ങൾ സ്വന്തമായിട്ടുള്ളവർ എപ്പോഴും കൃത്യമായി ഓർത്തുവയ്ക്കേണ്ടൊരു കാര്യമാണ് വാഹന ഇൻഷുറൻസ് പുതുക്കുന്നത്. പല തിരക്കുകൾക്കിടയിൽ ചിലരെങ്കിലും ഈ കാര്യം മറന്നുപോകാൻ സാധ്യതയുണ്ട്. വാഹന ഇൻഷുറൻസ് കൃത്യമായ സമയങ്ങളിൽ പുതുക്കിയില്ലെങ്കിൽ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.1• വാഹന പരിശോധന : ഇൻഷുറൻസ് കാലാവധി കഴിഞ്ഞാൽ പുതിയ പോളിസി നൽകുന്നതിന് മുൻപ് കമ്പനികൾ വാഹനം നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തും. പരിശോധന പൂർത്തിയായി പുതിയ പോളിസി നിലവിൽ വരുന്നത് വരെ വാഹനത്തിന് യാതൊരു സുരക്ഷയുമുണ്ടാകില്ല. ഈ ഘട്ടത്തിൽ വാലിഡ് ആയ പി.യു.സി സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.2•നോ ക്ലെയിം ബോണസ് നഷ്ടപ്പെടുന്നു: മുൻവർഷങ്ങളിൽ ക്ലെയിം ഒന്നും ചെയ്യാത്തതിന് ലഭിക്കുന്ന 20 മുതൽ 50 ശതമാനം വരെയുള്ള ‘നോ ക്ലെയിം ബോണസ്’ ആനുകൂല്യം നഷ്ടപ്പെടാൻ ഇത് കാരണമാകും. എന്നാൽ പോളിസി കാലാവധി കഴിഞ്ഞ് 90 ദിവസത്തിനകം പുതുക്കുകയാണെങ്കിൽ ഈ ആനുകൂല്യം നഷ്ടപ്പെടില്ലെന്ന് ഐ.ആർ.ഡി.എ.ഐ വ്യക്തമാക്കുന്നു3•പരിരക്ഷ ഇല്ലാതാകുന്നു: ഇൻഷുറൻസ് പുതുക്കേണ്ട തീയതി കഴിഞ്ഞാൽ, ഒരൊറ്റ ദിവസം പോലും വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കണമെന്നില്ല. ഈ കാലയളവിൽ അപകടം സംഭവിച്ചാൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾ പൂർണമായും ഉടമ തന്നെ വഹിക്കേണ്ടി വരും.ഇൻഷുറൻസ് പുതുക്കാതെ പ്രത്യേകിച്ച് തേർഡ് പാർട്ടി പരിരക്ഷയില്ലാതെ വാഹനം ഓടിക്കുന്നത് നിയമപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.*എപ്പോഴാണ് വാഹന ഇൻഷുറൻസ് പുതുക്കേണ്ടത്?*ഇൻഷുറൻസ് കാലാവധി തീരുന്നതിന് 60 ദിവസം മുൻപ് തന്നെ പുതുക്കൽ നടപടികൾ ആരംഭിക്കാനാണ് ഐ.ആർ.ഡി.എ.ഐ നിർദ്ദേശിക്കുന്നത് . പോളിസി കാലഹരണപ്പെട്ടാൽ ഉടൻ തന്നെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട് പരിശോധനകൾ പൂർത്തിയാക്കി പുതിയ പോളിസി ആക്ടീവ് ആക്കുകയാണ് ചെയ്യേണ്ടത്.
ചെറുകിട വ്യാപാരികൾക്ക് ‘ഡിജിറ്റൽ പൂട്ട്’; സെപ്റ്റംബർ 15 നിർണായകം, യുപിഐ ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാം
രാജ്യത്തെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികൾ ആശങ്കയിൽ. യുപിഐ പേയ്മെന്റുകൾക്ക് മുന്നിൽ പുതിയ പ്രതിസന്ധി. RBI നിർദേശിച്ച മർച്ചന്റ് re-KYC പൂർത്തിയാക്കാനുള്ള അവസാന തിയതി 2026 സെപ്റ്റംബർ 15 അടുത്തെത്തിയതോടെയാണ് ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് ആശങ്ക ശക്തമാകുന്നത്. കൃത്യസമയത്ത് കെവൈസി പുതുക്കാത്ത പക്ഷം ചെറുകിട വ്യാപാരികളുടെ ഡിജിറ്റല്‍ ഇടപാടുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.യുപിഐ ഇടപാടുകള്‍ക്കായി ക്യൂആര്‍ കോഡുകള്‍ ഉപയോഗിക്കുന്ന ചെറുകിട ഓഫ്ലൈന് വ്യാപാരികളില്‍ 30 മുതല്‍ 35 ശതമാനം വരെ ആളുകള്‍ക്ക് സമയപരിധിക്കുള്ളില്‍ കെവൈസി പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കില്ലെന്നാണ് കണക്കാക്കുന്നത്. ഇത് കൂടാതെ ഓണ്‍ലൈന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പത്ത് ലക്ഷത്തോളം ചെറിയ ബിസിനസ് സ്ഥാപനങ്ങളും സമയത്തിനുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കാനാകാതെ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ട്.ഓണ്‍ലൈന്‍, ഓഫ്ലൈന്, ക്രോസ്- ബോര്‍ഡര്‍ (അതിര്‍ത്തി കടന്നുള്ള സേവനങ്ങള്‍) ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം വ്യാപാരികള്‍ക്കും ഈ നിയമം ബാധകമാണ്. എന്നാല്‍, കോടിക്കണക്കിന് വ്യാപാരികളുടെ കെവൈസി പൂര്‍ത്തിയാകാത്തതിനെക്കുറിച്ചോ സമയപരിധിക്ക് മുന്‍പ് ഇത് എങ്ങനെ തീര്‍പ്പാക്കുമെന്നതിനെക്കുറിച്ചോ പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകളായ പേടിഎം , ഫോണ്‍പേ , ഗൂഗിള്‍ പേ എന്നിവ പ്രതികരിച്ചിട്ടില്ല.2025 സെപ്റ്റംബറിലാണ് ആര്‍ബിഐ മാസ്റ്റര്‍ ഡയറക്ഷനുകള്‍ പുതുക്കി പരിഷ്കരിച്ച് പുറത്തിറക്കിയത്. പേയ്മെന്റ് അഗ്രിഗേറ്ററുകളെ പിഎ-ഓണ്‍ലൈന്‍, പിഎ-ഫിസിക്കല്‍, പിഎ-ക്രോസ് ബോര്‍ഡര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചതും ഇതിലൂടെയാണ്. നിലവിലുള്ള എല്ലാ വ്യാപാരികളുടെയും പൂർണ്ണമായ റീ-കെവൈസി 2026 സെപ്റ്റംബര്‍ 15-നകം പൂര്‍ത്തിയാക്കണമെന്നും, അല്ലാത്തപക്ഷം അവരുടെ പണമിടപാടുകള്‍ നിര്ത്തിവെയ്ക്കണമെന്നുമാണ് കേന്ദ്രബാങ്കിന്റെ നിര്‍ദേശം. 2026 ജനുവരി 1 മുതല്‍ പുതുതായി ചേരുന്ന വ്യാപാരികള്‍ക്ക് പണം സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ കെവൈസി നിര്‍ബന്ധമാക്കിയിരുന്നു.എന്നാൽ സെപ്റ്റംബർ 15 മുതൽ രാജ്യത്തെ UPI തന്നെ നിർത്തലാക്കും എന്നല്ല. പ്രശ്നം പ്രധാനമായും KYC പൂർത്തിയാക്കാത്ത വ്യാപരികളുടെ പണം സ്വീകരിക്കുന്നത് സംബന്ധിച്ചാണ്. പേയ്മെന്റ് അഗ്രിഗേറ്റർമാർ സമയപരിധിക്ക് മുമ്പായി പരമാവധി വ്യാപാരികളുടെ പരിശോധന പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്.വ്യവസായ മേഖലയിലെ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം, സൗണ്ട്ബോക്സ് ഉപയോഗിക്കുന്ന വ്യാപാരികളിൽ 85–90 ശതമാനം വരെ കെവൈസി നടപടികൾ പൂർത്തിയാക്കാൻ സാധ്യതയുണ്ട്. എന്നാൽ സാധാരണ ക്യുആർ കോഡ് മാത്രം ഉപയോഗിക്കുന്ന ഏറ്റവും ചെറിയ വ്യാപാരികളിലാണ് കൂടുതൽ ആശങ്ക.
രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ
രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 9 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ വില 2,747 രൂപ 50 പൈസയും മുംബൈയിൽ 2,701 രൂപയും ചെന്നൈയിൽ 2,916 രൂപ 50 പൈസയുമായി. കൊച്ചിയിൽ ഒരു സിലിണ്ടറിന് ഇനി 2,783 രൂപ 50 പൈസ നൽകണം. ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.അമേരിക്ക-ഇറാൻ സംഘർഷത്തിനും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്കും നേരിയ അയവ് വന്നതിനെ തുടർന്ന് നേരത്തെ കുറച്ച വാണിജ്യ സിലിണ്ടർ വിലയിലാണ് ഇപ്പോൾ വീണ്ടും വർധനയുണ്ടായിരിക്കുന്നത്. മാസാരംഭത്തിലെ വിലവർധന ഹോട്ടലുകൾ, ഭക്ഷ്യോൽപ്പന്ന-ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ, തട്ടുകടകൾ, ബേക്കറികൾ, കുടുംബശ്രീ ഭക്ഷ്യ യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് അധിക ബാധ്യതയാകും.വാണിജ്യ സിലിണ്ടർ വില തുടർച്ചയായി ഉയരുന്നത് ഭക്ഷ്യമേഖലയെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ധനച്ചെലവ് വർധിക്കുന്നതോടെ ഹോട്ടൽ ഭക്ഷണത്തിന്റെയും മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെയും വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്. നേരത്തെയുണ്ടായ തുടർച്ചയായ വിലവർധനയെ തുടർന്ന് ഹോട്ടൽ ഭക്ഷണത്തിന് വില കൂട്ടേണ്ടി വന്നിരുന്നു.
കുടുംബ ബജറ്റ് പൊള്ളും: സവാളയ്ക്ക് വിലക്കയറ്റം; പൂഴ്ത്തിവെയ്പ്പെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കുടുംബ ബജറ്റിന് കൂടുതൽ ഭാരമായി സവാളയുടെ വില കുതിച്ചുയരുന്നു. ഡല്‍ഹിയില്‍ സവാള വില കിലോയ്ക്ക് 62 രൂപ വരെ എത്തി. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത ലാഭമെടുക്കല്‍ എന്നിവയാണ് വിലക്കയറ്റത്തിന് കാരണമാവുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. അതേസമയം, സര്‍ക്കാര്‍ നിശ്ചയിച്ച കേന്ദ്രങ്ങളിലൂടെയും മൊബൈല്‍ വാനുകളിലൂടെയും കിലോയ്ക്ക് 35 രൂപ നിരക്കില്‍ സവാള വില്‍ക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റേതാണ് അറിയിപ്പ്.
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 584 ആയി; 13 ജലവൈദ്യുത പദ്ധതികളിലെ 679 തൊഴിലാളികളെ കാണാതായി
നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും 584 പേർ മരിച്ചതായി സ്ഥിരീകരണം. നേപ്പാളിലും ചൈനയുടെ ടിബറ്റ് മേഖലയിലുമായി 2,400ലധികം പേരെ കാണാതായതാണ് റിപ്പോർട്ട്. 13 ജലവൈദ്യുത പദ്ധതികളിലായി 679 തൊഴിലാളികളെ കാണാതായി. റസുവ, നുവാകോട്ട് മേഖലയിലുണ്ടായ ദുരന്തത്തിലാണ് ഇവരെ കാണാതായത്. അപ്പർ ത്രീശൂലി-1 പദ്ധതിയിലാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. അപകടം നടക്കുമ്പോൾ ഏകദേശം 1,350 പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇതിൽ 576 പേരെയാണ് കാണാതായിരിക്കുന്നത്. പ്രൊജക്റ്റുകളിൽ ഹെലികോപ്റ്റർ ഇറാക്കാനുള്ള സൗകര്യമില്ലാത്തതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്.ഇതിനിടെ നേപ്പാളിലെ റാസുവ ജില്ലയിൽ തടാകം കരകവിഞ്ഞൊഴുകാൻ തുടങ്ങിയതായി വെള്ളിയാഴ്ച വിവരം ലഭിച്ചതായി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദിയിലെ ജലനിരപ്പ് ഉയരുന്നതായി നമുക്ക് കാണാനാകുന്നുണ്ട് എന്നാണ് റാസുവ ജില്ലയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ നരേന്ദ്ര പരിയാറിനെ ഉദ്ധരിച്ച് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ജലനിരപ്പ് എത്രത്തോളം ഉയർന്നിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഈ തടാകം എത്ര വലുതാണ്, ജലനിരപ്പ് എത്രത്തോളം ഉയർന്നിട്ടുണ്ട് എന്നൊന്നും ഞങ്ങൾക്ക് അറിയില്ല. എന്നാൽ നദിയിലെ ജലനിരപ്പ് ഉയരുന്നതായി കാണാം എന്നാണ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.എന്നാൽ ദുരന്തത്തെ തുടർന്ന് രണ്ട് പുതിയ തടാകങ്ങൾ രൂപപ്പെട്ടതായാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഒന്ന് ഹിമാനിക്ക് സമീപം ഉയർന്ന പ്രദേശത്താണ് രൂപപ്പെട്ടതെന്നാണ് ഇവർ പറയുന്നത്. ഹിമാനിയിൽ നിന്ന് ഉരുകിയെത്തുന്ന വെള്ളം ഇവിടെ സ്വാഭാവികമായി ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്. രണ്ടാമത്തേതും വലുതും കൂടുതൽ അപകടകരവുമായ തടാകം നേപ്പാളിലെ ഒരു നദിയിലാണ് രൂപപ്പെട്ടിരിക്കുന്നത്. വലിയൊരു മണ്ണിടിച്ചിലിനെ തുടർന്ന് താഴ്വര തടസ്സപ്പെടുകയും നദിയുടെ ഒഴുക്ക് തടയപ്പെടുകയും ചെയ്തതാണ് ഇതിന് കാരണമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
സ്വർണവില 10 ഗ്രാമിന് 15 ലക്ഷം രൂപയിലെത്തുമോ? വന്‍ കുതിപ്പ് പ്രവചിച്ച് ബില്യണയർ തോമസ് കപ്ലാൻ
ആഗോള വിപണിയിൽ വരുംവർഷങ്ങളിൽ സ്വർണവില നിലവിലുള്ളതിന്റെ പത്തിരട്ടിയായി വർധിച്ചേക്കുമെന്ന് പ്രമുഖ ശതകോടീശ്വരനും ഇലക്ട്രം ഗ്രൂപ്പ് ചെയർമാനുമായ തോമസ് കപ്ലാൻ. ഔൺസിന് 50,000 ഡോളർ (ഏകദേശം 41 ലക്ഷം രൂപയിലധികം) വരെയായി സ്വർണവില കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.ഒരു ഡോളറിന് ശരാശരി 95 രൂപ എന്ന കണക്കിൽ മാറ്റിയാൽ, ഇത് ഇന്ത്യൻ വിപണിയിൽ 10 ഗ്രാം സ്വർണത്തിന് ഏകദേശം 15 ലക്ഷം രൂപയോളം വരും. സ്വർണവിലയിലുണ്ടാകുന്ന ഈ വൻ കുതിച്ചുചാട്ടം വെറുമൊരു സാധ്യത മാത്രമല്ല, അനിവാര്യമായ ഒന്നാണെന്നും കിറ്റ്കോ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.നിലവിൽ ഔൺസിന് 4,600 ഡോളർ നിരക്കിലാണ് ആഗോളതലത്തിൽ സ്വർണ വ്യാപാരം നടക്കുന്നത്. 2025-ലെ റെക്കോർഡ് കുതിപ്പിന് ശേഷം വിപണിയിൽ സമീപമാസങ്ങളിൽ ഇടിവുകള്‍ നേരിട്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണവും വെള്ളിയും കുതിച്ചുയരുമെന്നാണ് ആഗോള സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. പ്രമുഖ സാമ്പത്തിക വിദഗ്ധനായ ജിം റോജേഴ്സ്, 'റിച്ച് ഡാഡ് പുവർ ഡാഡ്' രചയിതാവ് റോബർട്ട് കിയോസാക്കി എന്നിവരും വിലക്കയറ്റ സാധ്യതകളെ പിന്തുണയ്ക്കുന്നവരാണ്.വിപണിയിലെ നിലവിലെ ഇടിവിനെ 1987-ലെ ചരിത്രപ്രസിദ്ധമായ 'ബ്ലാക്ക് മൺഡേ' ഓഹരി വിപണി തകർച്ചയോടാണ് കപ്ലാൻ ഉപമിക്കുന്നത്. അന്ന് ഓഹരി വിപണിയിൽ 36 ശതമാനത്തോളം വൻ ഇടിവ് ഉണ്ടായെങ്കിലും, ദീർഘകാല ചാർട്ടുകൾ പരിശോധിക്കുമ്പോൾ അത് മികച്ചൊരു വാങ്ങൽ അവസരമായിരുന്നുവെന്ന് വ്യക്തമാകും. അതുപോലെ സ്വർണവിപണിയിലെ ഇപ്പോഴത്തെ തിരുത്തലുകൾ നിക്ഷേപകർക്ക് മികച്ച അവസരമാണെന്നും, ഇടക്കാലത്തും ദീർഘകാലത്തും സ്വർണവും വെള്ളിയും ഇപ്പോഴുള്ള നിലവാരത്തിൽ നിന്ന് പലമടങ്ങ് വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേപ്പാളിലെ മിന്നല്‍ പ്രളയം; മരണസംഖ്യ 500കടന്നു, ടിബറ്റന്‍ ഡാം തകര്‍ന്നതില്‍ ആശങ്ക
നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഭോട്ടേകോശി - ത്രിശൂലി നദികളിലുണ്ടായ പ്രളയത്തില്‍ ജീവന്‍നഷ്ടമായ 538 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതുവരെ 1,545പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം ത്രിശൂലി നദീ തീരത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. ജലനിരപ്പ് ഉയരുന്നതിനാല്‍ നിലവില്‍ ത്രിശൂലി തീരത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം ടിബറ്റുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശത്ത് അഞ്ച് പേരുടെ മരണം ചൈന സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ 558 പേരെ കാണാതായതായാണ് ഔദ്യോഗിക കണക്ക്.ഇതിനിടയില്‍ ടിബറ്റിലെ ഒരു ഡാം തകര്‍ന്നത് ആശങ്ക ഇരട്ടിപ്പിച്ചിരിക്കുകയാണ്. പ്രദേശവാസികളോടും രക്ഷാപ്രവര്‍ത്തകരോടും ഉയരം കൂടിയ ഇടങ്ങളിലേക്ക് മാറണമെന്നാണ് നേപ്പാള്‍ അധികൃതര്‍ നല്കുന്ന മുന്നറിയിപ്പ്. ചൈനയിലുള്ള ഒരു തടാകം കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ചൈന രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും ചൈനീസ് മാധ്യമമായ സിസിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.നേപ്പാളിലെ പ്രളയത്തില്‍ ഒഴുകി വന്ന അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി ഉണ്ടായ താത്കാലിക തടാകമാണ് ഇത്. ചോച്ചന്‍ ഖോല, പുരേപു സാംഗോ നദികളുടെ സംഗമ സ്ഥാനത്താണ് ഈ തടാകം രൂപം കൊണ്ടത്.
ഇറാന് തിരിച്ചടി? ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്തെന്ന് യു.എസ്; അന്താരാഷ്ട്ര ജലപാത പൂർണ്ണ സുരക്ഷിതമെന്ന് അവകാശവാദം
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അവകാശവാദം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഗതാഗത പാത പൂർണ്ണമായും സുരക്ഷിതമായെന്നും യു.എസ് സേനാ വ്യൂഹം അവകാശപ്പെട്ടു.ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയ്ക്കിടെയാണ് പ്രതിരോധത്തിന്റെ ഭാഗമായി ഇറാൻ ഹോർമൂസ് അടച്ചത്. കടലിൽ മൈനുകൾ സ്ഥാപിക്കുക കൂടി ചെയ്തതോടെ ജലഗതാഗതം തടസപ്പെടുകയും പ്രധാനമായും എണ്ണ വ്യാപാരം പ്രതിസന്ധിയിലാകുകയും ചെയ്തു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുതിച്ചുയർന്നു. ഇന്ധന നീക്കം തടസ്സപ്പെടാതിരിക്കാൻ സൈന്യം നടത്തിയ ഇടപെടലുകൾ വഴി 75 കോടി ബാരൽ ക്രൂഡ് ഓയിൽ ഹോർമുസിന് പുറത്തെത്തിക്കാൻ സാധിച്ചതായി യു എസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. ഇതുവരെ ഏകദേശം 1500 ഓളം ചരക്കു കപ്പലുകൾ ഹോർമുസ് വഴി സുരക്ഷിതമായി കടന്നുപോയിട്ടുണ്ട്.
ചരിത്രത്തിൽ ആദ്യം! സഭയില്‍ മുഖ്യമന്ത്രിയുടെ കസേര വിട്ട് മന്ത്രിമാര്‍ക്കിടയിലിരുന്ന് ജോസഫ് വിജയ്
നിയമസഭയില്‍ മുഖ്യമന്ത്രിയുടെ സീറ്റില്‍ നിന്ന് മാറി മന്ത്രിമാര്‍ക്കൊപ്പം ഇരുന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. വ്യാഴാഴ്ചയാണ് നിയമസഭയില്‍ അത്യപൂര്‍വമായ സംഭവമുണ്ടായത്. മന്ത്രിമാര്‍ക്കൊപ്പം ആദ്യ നിരയില്‍ നിലയുറപ്പിച്ച വിജയ് പരമ്പരാഗത രീതികളെ മറികടക്കുകയായിരുന്നു. സാധാരണയായി, സ്പീക്കറുടെ ഇരിപ്പിടത്തിന് തൊട്ടടുത്ത് മുഖ്യമന്ത്രിക്ക് പ്രത്യേകവും വിശാലവുമായ ഒരു ഇരിപ്പിടമാണുള്ളത്. മന്ത്രിമാര്‍ അദ്ദേഹത്തിന് തൊട്ടടുത്ത്, മുന്‍നിരയില്‍ തങ്ങളുടെ പദവികളുടെ മുൻഗണന അനുസരിച്ച് പ്രത്യേകം ഇരിക്കുന്നതാണ് രീതി.234 അംഗങ്ങളുള്ള സഭയിലെ അംഗബലം അനുസരിച്ച് പ്രതിപക്ഷ നേതാവും വിവിധ നിയമസഭാ കക്ഷി നേതാക്കളും എതിര്‍വശത്തെ നിരയില്‍ ഇരിക്കുന്നു. ഇവരുടെ പിന്നിലായി അതത് പാര്‍ട്ടിയിലെ അംഗങ്ങളും ഇരിക്കുന്നു. ഉച്ചയ്ക്കുശേഷമുള്ള സമ്മേളനത്തിനിടെ, സ്പീക്കര്‍ ജെസിഡി പ്രഭാകറിന്റെ വലതുവശത്തുള്ള തന്റെ ഇരിപ്പിടത്തില്‍ നിന്ന് വിജയ് അനായാസം എഴുന്നേറ്റ്, മന്ത്രിമാരായ കെ എ സെങ്കട്ടയ്യന്‍, ആധവ് അര്‍ജുന എന്നിവര്‍ക്കിടയിലായി ചെന്നിരിക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രി സഭയില്‍ മന്ത്രിമാര്‍ക്കൊപ്പം ഇരിക്കുന്നത് എന്നാണ് വിവരം.
പാചകവാതക വില മുതൽ ക്രെഡിറ്റ് കാർഡ് വരെ; സെപ്റ്റംബർ മുതൽ അറിയണം നിർണായക സാമ്പത്തിക മാറ്റങ്ങൾ
പുതിയ ഒരു മാസം എത്തുകയാണ്, ഒപ്പം സാമ്പത്തിക കാര്യങ്ങളിൽ ചില സുപ്രധാന മാറ്റങ്ങളും സെപ്റ്റംബർ മുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.പാചകവാതക വില മുതൽ നികുതി നടപടികൾ വരെ നിരവധി കാര്യങ്ങളാണ് ഇനി അറിഞ്ഞിരിക്കേണ്ടത്. സാധാരണ കുടുംബങ്ങളുടെ മാസച്ചെലവിനെയും സാമ്പത്തിക ഇടപാടുകളെയും നേരിട്ട് ബാധിക്കാവുന്ന ഈ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.പാചകവാതക ഉപഭോക്താക്കൾ ആധാർ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ പരിശോധന പൂർത്തിയാക്കണം. ഇതിനുള്ള സമയപരിധി ഓഗസ്റ്റ് 31 ആണ്. പരിശോധന പൂർത്തിയാക്കാത്തവർക്ക് പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ നേരിടാൻ സാധ്യതയുണ്ട്. എല്ലാ മാസവും ഒന്നാം തീയതി എണ്ണക്കമ്പനികൾ പാചകവാതക വില പുനഃപരിശോധിക്കാറുണ്ട്. അതിനാൽ സെപ്റ്റംബർ ഒന്നിനും ഗാർഹിക പാചകവാതക വിലയിൽ മാറ്റമുണ്ടാകാം. വില ഉയർന്നാൽ കുടുംബങ്ങളുടെ പ്രതിമാസ ചെലവിലും അതിന്റെ നേരിട്ടുള്ള പ്രതിഫലനം ഉണ്ടാകും.കൂടാതെ സെപ്റ്റംബർ എത്തുമ്പോൾ ബാങ്ക് ഇടപാടുകൾ ആസൂത്രണം ചെയ്യുന്നവർ ബാങ്ക് അവധികളും ശ്രദ്ധിക്കണം. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും രാജ്യത്തെ ബാങ്കുകൾക്ക് പതിവ് അവധിയാണ്. ഇതിന് പുറമെ ചില സംസ്ഥാനങ്ങളിൽ പ്രാദേശിക ആഘോഷങ്ങളും മറ്റ് പ്രത്യേക ദിവസങ്ങളും കാരണം ബാങ്കുകൾക്ക് അവധിയുണ്ടാകാം. അതിനാൽ പണം പിൻവലിക്കൽ, ചെക്ക് ഇടപാടുകൾ, ബാങ്ക് സന്ദർശനം തുടങ്ങിയവ ആസൂത്രണം ചെയ്യുന്നവർ സ്വന്തം സംസ്ഥാനത്തെ ബാങ്ക് അവധി പട്ടിക മുൻകൂട്ടി പരിശോധിക്കുന്നത് നല്ലതാണ്.ഇതിലൊക്കെ പുറമെ, സെപ്റ്റംബറിൽ രാജ്യവ്യാപക ബാങ്ക് സമരത്തിനും പ്രഖ്യാപനമുണ്ട്. ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സെപ്റ്റംബർ 11ന് രാജ്യവ്യാപക സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ആഴ്ചയിൽ അഞ്ച് ദിവസത്തെ ബാങ്കിങ് സംവിധാനം നടപ്പാക്കുക, പുതുക്കിയ പ്രകടനാധിഷ്ഠിത ആനുകൂല്യ പദ്ധതിയിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. ആവശ്യങ്ങളിൽ പരിഹാരമുണ്ടായില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരത്തിനും യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വിദേശയാത്ര നടത്തുന്നവർക്കായി വിമാനത്താവളങ്ങളിലെ യാത്രാ നടപടികളിലും മാറ്റങ്ങൾ വരും. യാത്രാരേഖകളുടെ പരിശോധന കൂടുതൽ ഡിജിറ്റൽ രീതിയിലേക്ക് മാറുന്നതിനാൽ യാത്രക്കാർ ആവശ്യമായ രേഖകൾ കൃത്യമായി കൈവശം സൂക്ഷിക്കണം. പാസ്പോർട്ടും വിസയും പോലുള്ള നിർബന്ധിത രേഖകൾക്ക് പകരം ഡിജിറ്റൽ രേഖകൾ മാത്രം മതിയാകില്ല.വലിയ തുകയുള്ള സ്ഥിരനിക്ഷേപങ്ങളുമായി ബന്ധപ്പെട്ടും പുതിയ വിവരവെളിപ്പെടുത്തൽ സംവിധാനം വരും. മൂന്ന് കോടി രൂപയോ അതിൽ കൂടുതലോ ഉള്ള സ്ഥിരനിക്ഷേപങ്ങളെയാണ് പ്രധാനമായും പുതിയ വ്യവസ്ഥ ബാധിക്കുക. ഇത് സാധാരണ നിക്ഷേപകരെ നേരിട്ട്ബാധിക്കുന്ന മാറ്റമല്ല.ഇതിനു പുറമെ ഓഡിറ്റ് ആവശ്യമില്ലാത്ത ബിസിനസ്, പ്രൊഫഷണല്‍ വരുമാനമുള്ളവര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 ആണ് എന്നതും ഓർക്കുക. സെപ്റ്റംബര്‍ 1 മുതല്‍ സമര്‍പ്പിക്കുന്ന റിട്ടേണുകള്‍ക്ക് വൈകിയതിനുള്ള പിഴയും, പലിശയും ഈടാക്കും.സമയബന്ധിതമായി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ അനാവശ്യമായി ലേറ്റ് ഫീ നല്‍കേണ്ടി വരുമെന്നതിനാല്‍ സാമ്പത്തിക നഷ്ടമുണ്ടാകും.Form 26AS, AIS എന്നിവയിലെ വിവരങ്ങള്‍ കൃത്യമായി ഒത്തുനോക്കി അടിയന്തരമായി ITR-3 അല്ലെങ്കില്‍ ITR-4 ഫയല്‍ ചെയ്യുക.ഇനി ക്രെഡിറ്റ് കാർഡുകളിലേയ്ക്ക് വന്നാൽ വിവിധ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നടത്തുന്ന ചില ഇടപാടുകള്‍ക്ക് നല്‍കിയിരുന്ന റിവാര്‍ഡ് പോയിന്റുകളിലും, സര്‍ചാര്‍ജ് നിബന്ധനകളിലും സെപ്റ്റംബര്‍ 1 മുതല്‍ മാറ്റം വരുത്തുന്നുണ്ട്.ഇക്കാര്യങ്ങള്‍ ബാങ്കുകള്‍ ഉപയോക്താക്കളെ ഇ-മെയില്‍ വഴി മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. ബില്ലുകള്‍ അടയ്ക്കുമ്പോഴും ഓണ്‍ലൈന്‍ സേനങ്ങള്‍ ഉപയോഗിക്കുമ്പോഴും ബാങ്ക് കാര്‍ഡുകളില്‍ ലഭിച്ചിരുന്ന ആനുകൂല്യങ്ങളില്‍ ഇനി മുതൽ കുറവുണ്ടായേക്കാം. ബാങ്ക് അയച്ച ഇമെയിലുകളോ, വെബ്സൈറ്റിലെ പുതിയ ചാര്‍ജ് ഘടനയോ പരിശോധിച്ച് റിവാര്‍ഡ് പോയിന്റ് നിബന്ധനകള്‍ മനസിലാക്കുക.ഇത്തരം നിരവധി നിർണായക കാര്യങ്ങൾ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. അതിനാൽ സെപ്റ്റംബർ തുടങ്ങുന്നതിന് മുമ്പ് ആവശ്യമായ തിരിച്ചറിയൽ പരിശോധനകളും നികുതി നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതും പ്രധാനമാണ്.
വിമാനത്താവളങ്ങളിൽ കോടികളുടെ കുടിശ്ശിക; ജീവനക്കാർക്ക് ശമ്പളമില്ല, പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് സ്പൈസ് ജെറ്റ്
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രവർത്തന പ്രതിസന്ധിയിലും കുടിശ്ശിക ബാധ്യതകളിലും കുടുങ്ങി വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ്. വിവിധ വിമാനത്താവളങ്ങളിൽ അടച്ചുതീർക്കാനുള്ളത് കോടികളുടെ കുടിശ്ശികയാണെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്താവള അധികൃതർ ഉൾപ്പെടെയുള്ള വിവിധ സേവനദാതാക്കൾക്ക് നൽകാനുള്ള കുടിശ്ശികയാണ് പ്രവർത്തനങ്ങളെ ബാധിക്കുന്ന പ്രധാന കാരണങ്ങളിലൊന്നെന്നാണ് സൂചന. ഇതിന് പിന്നാലെ ജീവനക്കാർക്കും ശമ്പളം വൈകുന്ന സാഹചര്യമുണ്ടായതായാണ് റിപ്പോർട്ടുകൾ.കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്പൈസ് ജെറ്റിന്റെ പ്രവർത്തനം പരിമിതമാണ്. വിമാനത്താവളത്തിൽ കമ്പനിക്ക് പ്രത്യേക ഓഫീസ് പോലും നിലവിലില്ല. ആകെ 14 ജീവനക്കാരാണ് ഇവിടെ സ്പൈസ് ജെറ്റിനായി പ്രവർത്തിക്കുന്നത്. ജീവനക്കാർക്കും ക്രൂ അംഗങ്ങൾക്കും താമസസൗകര്യം ഒരുക്കുന്ന ഹോട്ടലുകളിലും കമ്പനി ലക്ഷങ്ങളുടെ ബില്ലുകൾ തീർപ്പാക്കാനുണ്ടെന്നാണ് വിവരം.
നേപ്പാൾ പ്രളയം: രക്ഷാപ്രവർത്തനതിന് 2000 സൈനികരെ വിന്യസിപ്പിച്ചു; 21 ഇന്ത്യക്കാരടക്കം 123പേരെ രക്ഷപ്പെടുത്തി
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഏകദേശം 2,000 സൈനികരെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിപ്പിച്ചിട്ടുണ്ട്. രസുവ, നുവാകോട്ട് ജില്ലകളിലാണ് കൂടുതല്‍ സേനയെ വിന്യസിപ്പിച്ചത്. ഇതിനകം 123 പേരെ രക്ഷാപ്രവര്‍ത്തക സംഘം രക്ഷപെടുത്തിയതായാണ് റിപ്പോര്‍ട്ട്. രക്ഷപ്പെടുത്തിയതില്‍ 21 ഇന്ത്യക്കാരുമുണ്ട്. അതിനിടെ മിന്നല്‍ പ്രളയത്തില്‍ ജീവന് നഷ്ടമായവരുടെ എണ്ണം ഉയരുകയാണ്. ഇതുവരെ 165 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. നേപ്പാളിലെ ദേശീയ ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 826 പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. ഇതിൽ 529 പേർ വിനോദസഞ്ചാരികളാണ് എന്നാണ് വിവരം
പഞ്ചസാരയ്ക്ക് പിന്നാലെ മുട്ട വിലയും കുതിക്കുന്നു; E20 നയത്തിൽ വീണ്ടും വിലക്കയറ്റ ആശങ്ക
പഞ്ചസാര വില കൂടിയതിന്റെ ആശങ്ക മാറും മുമ്പേ, സാധാരണക്കാരന്റെ അടുക്കള ബജറ്റിൽ മറ്റൊരു തിരിച്ചടി. മുട്ട വിലയും കുതിക്കുകയാണ്. പെട്രോളിൽ എഥനോൾ കലർത്തുന്നത് മുട്ടവിലയെ എങ്ങനെ ബാധിക്കും? കേൾക്കുമ്പോൾ ബന്ധമില്ലെന്ന് തോന്നാം. പക്ഷേ രാജ്യത്തെ കോഴിവളർത്തൽ മേഖലയിൽ ഇതിന്റെ പ്രതിഫലനം ഇതിനകം തന്നെ പ്രകടമാണ്.കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിൽ മുട്ടവില ഏകദേശം 40 ശതമാനം വരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ഒരു മുട്ടയ്ക്ക് പല വിപണികളിലും 8 മുതൽ 9 രൂപ വരെ നൽകേണ്ടിവരുന്നുണ്ട്. വരാനിരിക്കുന്ന ശീതകാലത്ത് വില വീണ്ടും ഉയരാനുള്ള സാധ്യതയും നിലനിൽക്കുന്നു.ശീതകാലത്ത് മുട്ടവില ₹20–25 വരെ ഉയർന്നേക്കാം എന്നും റിപ്പോർട്ടുകളുണ്ട്.ഇതിന് പിന്നിലെ പ്രധാന കണ്ണി മക്കച്ചോളമാണ്. കോഴിത്തീറ്റയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായ മക്കച്ചോളം വലിയ അളവിൽ എഥനോൾ ഉൽപാദനത്തിനായി ഉപയോഗിക്കപ്പെടുന്നു. എഥനോൾ നിർമാണത്തിനുള്ള ആവശ്യം ഉയർന്നതോടെ മക്കച്ചോളത്തിന് ആവശ്യകത കൂടി. ഇതോടെ കോഴിത്തീറ്റ നിർമാണച്ചെലവും ഉയർന്നു.കോഴിവളർത്തൽ ചെലവിന്റെ 65 മുതൽ 70 ശതമാനം വരെ തീറ്റയ്ക്കാണെന്നാണ് വ്യവസായ മേഖലയിലെ കണക്ക്. അതിനാൽ മക്കച്ചോളം വില ഉയരുന്നത് നേരിട്ട് കോഴിഫാമുകളുടെ ചെലവിൽ പ്രതിഫലിക്കും. ഈ അധിക ചെലവ് ഒടുവിൽ മുട്ടവിലയിലും ഉപഭോക്താവിന്റെ പോക്കറ്റിലും എത്തുന്നു.
ഇറാനുമായി ചർച്ചകൾ നടത്തുന്നതിൽ യാതൊരു ധൃതിയുമില്ല, സാമ്പത്തികവും സൈനികവുമായ നടപടികൾ ഫലപ്രദം: ഡോണൾഡ് ട്രംപ്
അമേരിക്ക:ഇറാനെതിരായ സൈനിക ആക്രമണവും സാമ്പത്തിക യുദ്ധവും ഫലപ്രദമാണെന്നാണ് കരുതുന്നതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അൽ-ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിൻ്റെ പ്രതികരണം. അമേരിക്കയുടെ സാമ്പത്തിക യുദ്ധനീക്കം സൈനിക ആക്രമണങ്ങളേക്കാൾ ഫലപ്രദമാണോ എന്ന ചോദ്യത്തിനായിരുന്നു ട്രംപിൻ്റെ മറുപടി. യുദ്ധത്തിൽ അമേരിക്ക വലിയ രീതിയിൽ വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും ഇറാന്റെ സമ്പദ്വ്യവസ്ഥ “തകർന്നുകൊണ്ടിരിക്കുകയാണെന്നും അഭിമുഖത്തിൽ ട്രംപ് അവകാശപ്പെട്ടു.ഇറാനെതിരായ സാമ്പത്തികവും സൈനികവുമായ നടപടികൾ ഫലപ്രദമാണെന്നും, ഇറാനുമായി ചർച്ചകൾ നടത്തുന്നതിൽ തനിക്ക് യാതൊരു ധൃതിയുമില്ലെന്നും അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയതായി അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 'എനിക്ക് സമയപരിധിയൊന്നുമില്ല. ഞാൻ ധൃതിയിലല്ല' എന്നായിരുന്നു അൽ ജസീറയുടെ റിപ്പോർട്ടർ ടാന്യ നൂരിയുടെ ചോദ്യങ്ങളോടുള്ള ട്രംപിൻ്റെ പ്രതികരണം.
ഉള്ളി വില കുതിക്കുന്നു; വിലക്കയറ്റത്തിന് തടയിടാൻ ഉള്ളിയുമായി "കാണ്ട എക്സ്പ്രസ്" ഇറക്കി കേന്ദ്രം
തിരുവനന്തപുരം :രാജ്യത്ത് ഉള്ളിവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ വിപണിയിലെ വിതരണം വർധിപ്പിച്ച് വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ ശരാശരി ചില്ലറ ഉള്ളിവിലയിൽ ഏകദേശം 45 ശതമാനം വർധന രേഖപ്പെടുത്തിയതോടെയാണ് സർക്കാർ കരുതൽ ശേഖരത്തിലുള്ള ഉള്ളി വിപണിയിലെത്തിക്കാൻ നടപടി ആരംഭിച്ചത്. ഓഗസ്റ്റ് 24ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ശരാശരി ചില്ലറ വില കിലോഗ്രാമിന് ഏകദേശം 42 രൂപയിലെത്തി. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിലയിൽ 19 ശതമാനം വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്.വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് പ്രത്യേക റെയിൽവേ റേക്കുകൾ വഴി ഉള്ളി എത്തിക്കുന്ന ‘കാണ്ട എക്സ്പ്രസ്’ പദ്ധതിയാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. നാസിക്കിലെ സർക്കാർ കരുതൽ ശേഖരത്തിലുള്ള ഉള്ളി വൻതോതിൽ റെയിൽ മാർഗം വിവിധ വിപണികളിലേക്ക് എത്തിക്കും. തുടക്കത്തിൽ ഡൽഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളിലേക്കാണ് വിതരണം ലക്ഷ്യമിടുന്നത്. പിന്നീട് വിപണിയിലെ ആവശ്യകതയും വിലനിലവാരവും പരിഗണിച്ച് കൂടുതൽ നഗരങ്ങളിലേക്കും വിതരണം വ്യാപിപ്പിക്കാനാണ് സർക്കാർ നീക്കം.
11 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കാൻ കേന്ദ്രാനുമതി; തിരുപ്പതിയും തിരുച്ചിറപ്പള്ളിയും പട്ടികയിൽ
രാജ്യത്തെ 11 വിമാനത്താവളങ്ങൾ സ്വകാര്യ മേഖലയിലേക്ക് കൈമാറാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് തത്വത്തിൽ അനുമതി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI ) ഉടമസ്ഥതയിലുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പും വികസനവും 50 വർഷത്തേക്ക് സ്വകാര്യ കമ്പനികൾക്ക് നൽകാനാണ് പദ്ധതി. പബ്ലിക്ക്–പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റി (PPPAC ) പദ്ധതിക്ക് അനുമതി നൽകിയതോടെ സ്വകാര്യവൽക്കരണ നടപടികൾക്ക് തുടക്കമാകുംആന്ധ്രപ്രദേശിലെ തിരുപ്പതി വിമാനത്താവളവും തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളവും ഉൾപ്പെടെ 11 വിമാനത്താവളങ്ങളെ അഞ്ച് ബണ്ടിലുകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുക. ആന്ധ്രപ്രദേശിലെ തിരുപ്പതി വിമാനത്താവളവും തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളവും ഒരു ബണ്ടിൽ ആയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ നടത്തിപ്പും വികസനവും 50 വർഷത്തെ പാട്ടക്കരാർ അടിസ്ഥാനത്തിലായിരിക്കും വിമാനത്താവളങ്ങൾ സ്വകാര്യമേഖലയ്ക്ക് കൈമാറുക.എന്നാൽ വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശം പൂർണമായി സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നതല്ല. AAIയുടെ ഉടമസ്ഥത തുടരുന്നതിനൊപ്പം നടത്തിപ്പ്, മാനേജ്മെന്റ്, വികസനം എന്നിവയ്ക്കുള്ള അവകാശമാണ് ദീർഘകാലത്തേക്ക് സ്വകാര്യ സ്ഥാപനത്തിന് നൽകുക. തിരുപ്പതി–തിരുച്ചിറപ്പള്ളി കൂടാതെ അമൃത്സർ–കാംഗ്ര, വാരണാസി–ഗയ–കുശിനഗർ, ഭുവനേശ്വർ–ഹുബ്ബള്ളി, റായ്പൂർ–ഔറംഗാബാദ് എന്നീ വിമാനത്താവള കൂട്ടുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വലിയ വിമാനത്താവളങ്ങളോടൊപ്പം താരതമ്യേന ചെറിയ വിമാനത്താവളങ്ങളെയും കൂട്ടിച്ചേർത്താണ് ഈ PPP മാതൃക തയ്യാറാക്കിയിരിക്കുന്നത്. 11 വിമാനത്താവളങ്ങളിലായി സ്വകാര്യ പങ്കാളിത്തത്തിലൂടെ ഏകദേശം 8,622 കോടി നിക്ഷേപം പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. തീർഥാടന നഗരമായ തിരുപ്പതിയുടെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ തിരുപ്പതി വിമാനത്താവളത്തിന്റെ വികസനത്തിനും ഈ പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ട്. 2024–25 സാമ്പത്തിക വർഷത്തിൽ ഏകദേശം 9.96 ലക്ഷം യാത്രക്കാരാണ് തിരുപ്പതി വിമാനത്താവളം ഉപയോഗിച്ചത്.യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും കൂടുതൽ വികസിപ്പിക്കുകയാണ് PPP പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.സ്വകാര്യവൽക്കരണത്തിന് ശേഷം നിലവിലുള്ള AAI ജീവനക്കാരുടെ കാര്യത്തിലും വ്യവസ്ഥകൾ നിർദേശിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികള്‍ (concessionaires) ചുമതലയേറ്റതിന് ശേഷം ഒരു വർഷത്തെ ജോയിന്റ് മാനേജ്മന്റ് കാലയളവ് ഉണ്ടായിരിക്കും. തുടർന്ന് നിലവിലുള്ള AAI ജീവനക്കാരിൽ 60 ശതമാനം പേരെയെങ്കിലും കുറഞ്ഞത് മൂന്ന് വർഷത്തേക്ക് നിലനിർത്തണമെന്നാണ് നിർദേശം.അതേസമയം, വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം ഇതിനകം പൂർത്തിയായിട്ടില്ല. പബ്ലിക്ക്–പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റി നൽകിയിരിക്കുന്നത് തത്വത്തിലുള്ള അനുമതി മാത്രമാണ്. ഇനി സ്വകാര്യ കമ്പനികളെ കണ്ടെത്തുന്നതിനും കരാർ നടപടികൾ പൂർത്തിയാക്കുന്നതിനുമുള്ള തുടർ നടപടികളാണ് നടക്കേണ്ടത്. വിമാനത്താവള മേഖലയിൽ ഏതെങ്കിലും ഒരു കമ്പനിയുടെ കുത്തക ഉണ്ടാകുന്നത് തടയുന്നതിനും സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുന്നതിനുമായി വ്യോമയാന മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.ഇതനുസരിച്ച് ഒരു ലേലക്കാരന് പരമാവധി എത്ര ബണ്ടിലുകളിൽ വിമാനത്താവളങ്ങൾ നൽകാം എന്നതിന് പരിധി നിശ്ചയിക്കും. മുൻപ് നടന്ന ലേലത്തിൽ ആറ് വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതിനെ തുടർന്ന് ഈ മേഖലയിൽ കുത്തകവൽക്കരണം ഉണ്ടാകുന്നതിനെക്കുറിച്ച് വലിയ ആശങ്കകൾ ഉയർന്നിരുന്നു. ഒരു ലേലക്കാരന് പരമാവധി രണ്ട് വിമാനത്താവളങ്ങൾ മാത്രമേ നൽകാവൂ എന്ന ധനകാര്യ മന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും ശുപാർശകൾ മുൻ ലേല സമയത്ത് പി.പി.പി.എ.സി. തള്ളുകയായിരുന്നു.
വിമാന സർവീസുകൾ വൈകിയാൽ നടപടി സ്വീകരിക്കും; സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ
കൊച്ചി: വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി വൈകിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാൽ). സര്‍വീസുകള്‍ വൈകിയതിനെ തുടര്‍ന്ന് വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടിസ് നല്‍കിയിരിക്കുകയാണ് സിയാല്‍. ആഗസ്റ്റ് ഒന്നു മുതല്‍ വിമാന സര്‍വീസുകള്‍ വൈകിയിരുന്നു. കൃത്യതയോടെ സര്‍വീസ് നടത്തിയില്ലെങ്കില്‍ സ്ലോട്ട് പിന്‍വലിക്കുമെന്ന് താക്കീത് നല്‍കിയാണ് സിയാല്‍ നോട്ടീസ് നല്‍കിയത്. വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് സിയാലിന് കുടിശികയായി ലഭിക്കാനുള്ളത് കോടികള്‍ ആണ്.അതിനിടെ, ഞായറാഴ്ച രാത്രി 9.20ന് കൊച്ചിയിലെത്തേണ്ട സ്പൈസ് ജെറ്റിന്റെ ദുബായ് വിമാനം രാത്രി 12.25നാണ് എത്തിയത്. ഇന്നലെ രാവിലെ 6.55ന് കൊച്ചിയില്‍ എത്തേണ്ട ഫുജൈറ വിമാനം റദ്ദാക്കി. ഞായറാഴ്ച രാത്രി 11.45ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട ഫുജൈറ വിമാനം ആദ്യം രാത്രി 9.40ന് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് സര്‍വീസ് റദ്ദാക്കി.
മൂന്ന് മാസത്തെ ഉയർന്ന നിലയിൽ സ്വർണ വില; ഒരു പവൻ വാങ്ങാൻ 1,30,000 രൂപയിലധികം നൽകണം
സംസ്ഥാനത്ത് സ്വർണ വില ഉയർന്ന നിലയിൽ തന്നെ. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ റെക്കോർഡ് നിരക്കായ 1,20,240 എന്ന ലെവലിൽ നിന്നും പവന് 160 രൂപയുടെ മാത്രം കുറവാണ് ഇന്ന് റിപ്പോർട്ട് ചെയ്തരിക്കുന്നത്. ഇതോടെ 8 ഗ്രാം സ്വർണത്തിന് 1,20,080 രൂപയും, ഗ്രാമിന് 20 രൂപയുടെ ഇടിവോടെ 15,010 രൂപയിലുമെത്തി. ഓഗസ്റ്റ് മാസത്തിൽ മാത്രം സ്വർണ വിലയിൽ 14,480 രൂപയുടെ കുതിപ്പാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ആഭരണം വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയും കൂടി നൽകേണ്ടതുണ്ട്. ഉദാഹരണത്തിന് 5 ശതമാനം പണിക്കൂലി കണക്കാക്കിയാൽ 6,004 രൂപ അധികമായി വരും. ഇതോടെ ആകെ തുക 1,26,084 രൂപയാകും. ഇതിന് 3 ശതമാനം ജിഎസ്ടി കൂടി ചേർത്താൽ ഒരു പവൻ സ്വർണാഭരണത്തിന് ഏകദേശം 1,29,867 രൂപ നൽകേണ്ടിവരും. ആഭരണത്തിന്റെ രൂപകൽപ്പനയ്ക്കും പണിക്കൂലിക്കും അനുസരിച്ച് തുകയിൽ ഏറ്റക്കുറച്ചിലുണ്ടാകും. അതിനാൽ ചില ആഭരണങ്ങൾക്ക് ഒരു പവന് 1,30,000 രൂപയിലധികം നൽകേണ്ടിവന്നേക്കാം.അമേരിക്കൻ കടപത്രങ്ങളിൽ നിന്നുള്ള നേട്ടത്തിലുണ്ടായ ഏറ്റക്കുറച്ചിലും ക്രൂഡ് ഓയിൽ വില കുറഞ്ഞതോടെ യു.എസ് ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ ഇടിവും സ്വർണ വിലയ്ക്ക് താങ്ങ് നൽകുന്നുണ്ട്. കൂടാതെ യു,എസ് ഇറാനുമേൽ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചതോടെ ഇനി സ്വർണ വിലയെ സ്വാധീനിക്കുക ഇതിലെ പുരോഗതികളായിരിക്കും. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താൽപര്യം കൂടുന്നതും വിലയെ സ്വാധീനിക്കുന്ന ഘടകമാണ്.
'ദൈവത്തിന്റെ കൈ' സ്പർശിച്ച പന്ത്; ലേലത്തിൽ ലഭിച്ചത് 32.61കോടി
ലോകകപ്പ് 1986 ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അർജന്റീന ഇതിഹാസതാരം ഡീഗോ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോളിലെ പന്തിന് ലേലത്തിൽ 32.61 കോടി രൂപ.അമേരിക്കയിലെ ഹെറിറ്റേജ് ഓക്ഷൻസിന്റെ ലേലത്തിലാണ് ഇത്രയും രൂപ ലഭിച്ചത്.മത്സരം നിയന്ത്രിച്ച ടുണീഷ്യൻ റഫറി അലി ബിൻ നാസർ പന്ത് മൂന്ന് പതിറ്റാണ്ടിലേറെ സൂക്ഷിച്ചിരുന്നെങ്കിലും 2022-ൽ 22 കോടി രൂപയ്ക്ക് വിറ്റു.
തെരുവ് നായ്ക്കളുടെ ദയാവധം: മാർഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്; `അക്രമകാരികളായ നായ്ക്കളെ കൊല്ലാം'
തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്. അക്രമകാരികളായ നായ്ക്കളെ കൊല്ലാം. കൂടാതെ, പേവിഷ ബാധയേറ്റതും ഗുരുതരമായി പരിക്ക് പറ്റിയതും മാറ്റാനാകാത്ത രോഗ ബാധയേറ്റതുമായ നായ്ക്കളെയും കൊല്ലാമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു. നായ്ക്കൾക്ക് മരുന്ന് കുത്തിവെക്കുന്നത് വെറ്ററിനറി സർജൻ ആയിരിക്കണമെന്നും കർശനമാക്കിയിട്ടുണ്ട്.നായ്ക്കളെ യന്ത്രം ഉപയോഗിച്ച് കൊല്ലാൻ പാടില്ല. സോഡിയം പെന്റോ ബാർബിറ്റൽ, തയോ പെന്റാൽ സോഡിയം എന്നിവ മാത്രമേ കുത്തിവെക്കാൻ പാടുള്ളൂ. ദയാവധത്തിന് നായ്ക്കളെ പിടികൂടിയ ശേഷം മൂന്നുനാൾ ഐസൊലേഷൻ സെല്ലിൽ പാർപ്പിക്കണം. ആരെങ്കിലും ഏറ്റെടുക്കാൻ തയ്യാറുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമായിരിക്കണം ദയാവധമെന്നും മാർഗനിർദേശത്തിലുണ്ട്. കൂടാതെ, നായ്ക്കളുടെ വിശദ രജിസ്റ്റർ സൂക്ഷിക്കുകയും ക്യാപ്ചർ മാപ് തയ്യാറാക്കുകയും വേണമെന്നും വ്യക്തമാക്കുന്നുണ്ട്.
നാനൂറോളം വിമാനങ്ങൾ വൈകി, 26 വിമാനങ്ങൾ റദ്ദാക്കി; ദില്ലിയിലും ഗുരുഗ്രാമിലും കനത്ത മഴ, വർക്ക് ഫ്രം ഹോം നിർദേശം
ദില്ലിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 397 ഓളം വിമാന സർവീസുകൾ വൈകുകയോ തടസ്സപ്പെടുകയോ ചെയ്തു. 26 വിമാനങ്ങൾ റദ്ദാക്കുകയും 3 അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ 15 വിമാനങ്ങൾ വഴി തിരിച്ചുവിടുകയും ചെയ്തു. 12 എണ്ണം ജയ്പൂരിലേക്കും 2 എണ്ണം ചണ്ഡീഗഡിലേക്കും ഒരെണ്ണം ലഖ്നൗവിലേക്കുമാണ് വഴി തിരിച്ചുവിട്ടത്.
വർഷം 3 സൗജന്യ ഗ്യാസ് സിലിണ്ടർ, കൂടുതൽ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര; വമ്പൻ ക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്
തമിഴ്നാട്ടിൽ കൂടുതൽ ക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി കൂടുതൽ ബസുകളിലേക്ക് വിപുലീകരിച്ചു. ഗാന്ധിജയന്തി ദിനം മുതൽ നഗരങ്ങളിലും മെട്രോപ്പോലീത്തൻ പ്രദേശങ്ങളിലും ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ്പ്, എക്സ്പ്രസ് ബസുകളിലും സൗജന്യ യാത്ര അനുവദിച്ചതായി വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. വർഷം 6000 കോടി രൂപ ചെലവിലാണ് വെട്രി പയന തിട്ടം എന്ന പേരിൽ പദ്ധതി.നിലവിൽ ഓർഡിനറി, സിറ്റി ബസുകളിൽ ആണ് ആനുകൂല്യം ഉള്ളത്. രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനം ഉള്ളവർക്ക് അടുത്ത പൊങ്കൽ മുതൽ മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടർ നൽകും എന്നും വിജയ് പ്രഖ്യാപിച്ചു. 1.34 കോടി കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. പണം ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും എന്നും വിജയ് പറഞ്ഞു. 6 സൗജന്യ ഗ്യാസ് സിലിണ്ടർ വിജയ്യുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു.
വീടുകളിൽ ഇനി എൽപിജിക്ക് പകരം പിഎൻജി: പുതിയ ഉത്തരവുമായി കേന്ദ്ര സർക്കാർ; മാറ്റം വേഗത്തിലാക്കാൻ നടപടി
രാജ്യത്തെ വീടുകളിൽ എൽപിജി (LPG) സിലിണ്ടറുകൾക്ക് പകരം കൂടുതൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (Piped Natural Gas – PNG) ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം നടപടികൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി എനർജി ട്രാൻസിഷൻ (Energy Transition) വേഗത്തിലാക്കാനും ജില്ലാതലത്തിൽ നടപടികൾ ശക്തമാക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.പിഎൻജി ശൃംഖല ലഭ്യമായ പ്രദേശങ്ങളിൽ ഒരേസമയം എൽപിജി, പിഎൻജി കണക്ഷനുകൾ കൈവശം വെക്കുന്നത് തടയുന്നതിനുള്ള റെഗുലേറ്ററി ഫ്രെയിംവർക്ക് നടപ്പിലാക്കാനും നിർദ്ദേശമുണ്ട്. പെട്രോളിയം സെക്രട്ടറി നീരജ് മിത്തൽ ഓഗസ്റ്റ് 21-ന് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.മുൻപ് പടിഞ്ഞാറൻ ഏഷ്യയിലെ പ്രതിസന്ധിയെ തുടർന്ന് എൽപിജി വിതരണത്തിൽ തടസ്സങ്ങൾ നേരിട്ടിരുന്നു. ഖത്തർ, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ എൽപിജി വിതരണം ബാധിക്കപ്പെട്ടിരുന്നു. എന്നാൽ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകം ഉപയോഗിക്കുന്നതിനാൽ പിഎൻജി വിതരണത്തെ ഇത്തരം പ്രതിസന്ധികൾ ബാധിച്ചിരുന്നില്ല.ഇതുമായി ബന്ധപ്പെട്ട് നാച്ചുറൽ ഗ്യാസ് ആൻഡ് പെട്രോളിയം പ്രോഡക്ട്സ് ഡിസ്ട്രിബ്യൂഷൻ ഓർഡർ 2026, എൽപിജി കൺട്രോൾ ഓർഡർ എന്നിവ സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. പിഎൻജി സൗകര്യമുള്ള സ്ഥലങ്ങളിൽ നോട്ടീസ് നൽകിയിട്ടും അത് സ്വീകരിക്കാത്ത വീടുകളിലെ എൽപിജി വിതരണം നിർത്തിവെക്കാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. നടപടികൾ ഏകോപിപ്പിക്കുന്നതിനായി ഓരോ പ്രദേശത്തും പിഎൻജി കോർഡിനേഷൻ കമ്മിറ്റി (PCC) രൂപീകരിക്കാനും ജില്ലാതലത്തിൽ ഡിസ്ട്രിക്റ്റ് സപ്ലൈ ഓഫീസറുടെ റാങ്കിൽ കുറയാത്ത നോഡൽ ഓഫീസറെ നിയമിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വപ്നം കണ്ടു പക്ഷേ മറന്നുപോയി; ഉണരുമ്പോള്‍ സ്വപ്നം മറന്നുപോകുന്നത് എന്തുകൊണ്ടാണ്
രാത്രിയില്‍ ഉറക്കത്തിനിടയില്‍ എല്ലാവരും മനോഹരമോ, ഭയപ്പെടുത്തുന്നതോ, വിചിത്രമോ ആയ പല സ്വപ്നങ്ങള്‍ കാണാറുണ്ട്. എന്നാല്‍ പലപ്പോഴും രാവിലെ ഉണരുമ്പോഴേക്കും ആ സ്വപ്നങ്ങള്‍ പൂര്‍ണ്ണമായും മറന്നുപോവുകയാണ് ചെയ്യാറ്. ചിലപ്പോള്‍ ഓര്‍ത്തെടുക്കാന്‍ നോക്കിയാലും എന്തൊക്കയോ അവ്യക്തമായ ചിത്രമായിരിക്കും ലഭിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?എന്തുകൊണ്ടാണ് സ്വപ്നങ്ങള്‍ ഓര്‍മ്മിക്കാന്‍ കഴിയാത്തത്?തലച്ചോറില്‍ 'ഹിപ്പോകാമ്പസ്' എന്നൊരു ചെറിയ ഭാഗമുണ്ട്. അതിനെ തലച്ചോറിന്റെ മെമ്മറി കാര്‍ഡ് എന്ന് വിളിക്കാം. അത് ഹ്രസ്വകാല ഓര്‍മ്മകളെ ദീര്‍ഘകാല ഓര്‍മ്മകളാക്കി മാറ്റുന്നു. ഒരാള്‍ ഉറങ്ങുമ്പോള്‍ ഹിപ്പോകാമ്പസും പൂര്‍ണ്ണമായും ഉറങ്ങുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. അതിനാല്‍ ഒരാള്‍ സ്വപ്നം കാണുമ്പോള്‍ അയാളുടെ തലച്ചോറിന് അത് മെമ്മറി കാര്‍ഡില്‍ സൂക്ഷിക്കാന്‍ കഴിയില്ല. ഹിപ്പോകാമ്പസ് ഉണരുമ്പോഴേക്കും സ്വപ്നവും അപ്രത്യക്ഷമായിട്ടുണ്ടാകും.''നോറെപിനെഫ്രിന്‍' എന്ന രാസവസ്തുവിന്റെ കുറവ്കാര്യങ്ങള് ഓര്‍മ്മിക്കാന്‍ തലച്ചോറിന് നോറെപിനെഫ്രിന്‍ എന്ന പ്രത്യേക കെമിക്കല്‍ ന്യൂറോ ട്രാന്‍സ്മിറ്റര്‍ ആവശ്യമാണ്. ഒരാള്‍ മിക്കപ്പോഴും സ്വപ്നം കാണുന്നത് ഗാഢനിദ്രയിലായിരിക്കുമ്പോഴാണ്. ഈ സമയത്ത് ശരീരത്തിലെ ഈ രാസവസ്തുവിന്റെ അളവ് ഗണ്യമായി കുറയുന്നു. ഈ രാസവസ്തു ഇല്ലാതെ തലച്ചോറിന് സ്വപ്നങ്ങളെ ഓര്‍മ്മകളായി രേഖപ്പെടുത്താന്‍ കഴിയില്ല. സ്വപ്നങ്ങള്‍ മറന്നുപോകുന്നത് യഥാര്‍ഥത്തില്‍ മനുഷ്യന് അനുഗ്രഹമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.എല്ലാ രാത്രിയിലും കാണുന്ന ഓരോ സ്വപ്നവും ഓര്‍മ്മിച്ചാല്‍ യഥാര്‍ത്ഥ ജീവിത ഓര്‍മ്മകളും സ്വപ്നങ്ങളുടെ സാങ്കല്‍പ്പിക ലോകവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ തലച്ചോറിന് കഴിയില്ല. അതിനാല്‍ ആ സങ്കീര്ണതയില് നിന്ന് സ്വയം സംരക്ഷിക്കാന്‍ തലച്ചോറ് സ്വപ്നങ്ങളെ ഉടനടി മായ്ക്കുന്നു.
ട്രെയിൻ ടിക്കറ്റ് അപ്ഗ്രേഡ് ചെയ്താൽ അധിക പണം നൽകണോ? അറിയാം റെയിൽവേയുടെ ഓട്ടോ അപ്ഗ്രേഡ് സൗകര്യം
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രയുടെ ദൈര്‍ഘ്യവും ബജറ്റും അനുസരിച്ചാണ് പലരും കോച്ച് തിരഞ്ഞെടുക്കുന്നത്. സ്ലീപ്പര്‍, 3AC, 2AC, 1AC എന്നിങ്ങനെ വ്യത്യസ്ത ക്ലാസുകളുണ്ട്. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം യാത്രയ്ക്ക് മുമ്പ് പരിശോധിക്കുമ്പോള്‍ താന്‍ ബുക്ക് ചെയ്തതിനെക്കാള്‍ ഉയര്‍ന്ന ക്ലാസിലാണ് സീറ്റ് ലഭിച്ചിരിക്കുന്നതെന്ന് കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഇത് ഇന്ത്യന്‍ റെയില്‍വേയുടെ ഓട്ടോ അപ്ഗ്രേഡ് (Auto Upgrade) സംവിധാനത്തിലൂടെയാണ് സംഭവിക്കുന്നത്. അതായത് അധിക നിരക്ക് ഈടാക്കാതെ തന്നെ ചില യാത്രക്കാരുടെ ടിക്കറ്റുകള്‍ ലഭ്യത അനുസരിച്ച് ഉയര്‍ന്ന ക്ലാസിലേക്ക് മാറ്റുന്ന സംവിധാനമാണിത്.എന്താണ് ഓട്ടോ അപ്ഗ്രേഡ്?റെയില്‍വേയില്‍ ചില ഉയര്‍ന്ന ക്ലാസുകളിലെ സീറ്റുകള്‍ ഒഴിവുണ്ടാകുമ്പോള്‍ താഴ്ന്ന ക്ലാസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ചില യാത്രക്കാരെ ആ ഒഴിവുള്ള ഉയര്‍ന്ന ക്ലാസിലേക്ക് മാറ്റുന്നതിനെയാണ് ഓട്ടോ അപ്ഗ്രേഡ് എന്ന് പറയുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ സ്ലീപ്പര്‍ ക്ലാസില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയാണെന്ന് കരുതുക. ട്രെയിനില്‍ 3ACയില്‍ സീറ്റ് ലഭ്യമാണെങ്കില്‍ റെയില്‍വേയുടെ നിബന്ധനകള്‍ക്ക് അനുസരിച്ച് നിങ്ങളുടെ ടിക്കറ്റ് 3ACയിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടേക്കാം.അപ്ഗ്രേഡ് ചെയ്താല്‍ അധിക പണം നല്‍കണോ?ഓട്ടോ അപ്ഗ്രേഡ് വഴി ഉയര്‍ന്ന ക്ലാസ് ലഭിച്ചാലും അതിനായി ഉയര്‍ന്ന ക്ലാസിന്റെ നിരക്ക് ഈടാക്കില്ല.അതായത് സ്ലീപ്പര്‍ ടിക്കറ്റിന് പണം നല്കിയ യാത്രക്കാരന് 3ACയിലേക്ക് ഓട്ടോ അപ്ഗ്രേഡ് ലഭിച്ചാല്‍ 3ACയുടെയും സ്ലീപ്പറിന്റെയും നിരക്കിലെ വ്യത്യാസം അധികമായി അടയ്ക്കേണ്ടതില്ല. ഇതാണ് ഓട്ടോ അപ്ഗ്രേഡ് സൗകര്യത്തിന്റെ പ്രധാന പ്രത്യേകത.റെയില്‍വേ സ്വമേധയാ എല്ലാവരുടെയും ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യുമോ?ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് 'Consider for Auto Upgradation' എന്ന ഓപ്ഷന് തിരഞ്ഞെടുക്കണം. ഈ ഓപ്ഷന് നല്കിയിട്ടുണ്ടെങ്കില് മാത്രമാണ് യാത്രക്കാരനെ ഓട്ടോ അപ്ഗ്രേഡിനായി പരിഗണിക്കുക. ഈ ഓപ്ഷന് തിരഞ്ഞെടുത്താല്‍ ഉറപ്പായും ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യുമെന്നല്ല പറഞ്ഞുവരുന്നത്. ഉയര്‍ന്ന ക്ലാസില്‍ സീറ്റ് ലഭ്യമാണോ, റെയില്‍വേയുടെ മറ്റ് നിബന്ധനകള്‍ പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് അപ്ഗ്രേഡ് തീരുമാനിക്കുന്നത്ആര്ക്കാണ് ടിക്കറ്റ് അപ്ഗ്രേഡ് ചെയ്ത് ലഭിക്കുക?എല്ലാ യാത്രക്കാരുടെയും ടിക്കറ്റ് ഒരുപോലെ അപ്ഗ്രേഡ് ചെയ്യണമെന്നില്ല. ലഭ്യമായ സീറ്റുകള്‍, ടിക്കറ്റ് ബുക്കിംഗ് വിവരങ്ങള്‍, യാത്രക്കാരുടെ യോഗ്യത, റെയില്‍വേയുടെ അപ്ഗ്രേഡ് നിയമങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് ഇത് തീരുമാനിക്കുന്നത്. ഒരേ ടിക്കറ്റില്‍ ഒന്നിലധികം യാത്രക്കാരുണ്ടെങ്കില്‍ എല്ലാവരുടെയും ടിക്കറ്റ് ഒരേ ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യണമെന്നില്ലെന്ന കാര്യവും ശ്രദ്ധിക്കണം.ടിക്കറ്റ് താഴ്ന്ന ക്ലാസിലേക്ക് മാറ്റുമോ?ഓട്ടോ അപ്ഗ്രേഡ് എന്നത് ഉയര്‍ന്ന ക്ലാസിലേക്ക് മാറ്റുന്നതാണ്. അതിനാല്‍ ഈ സംവിധാനത്തിലൂടെ സ്ലീപ്പര്‍ ടിക്കറ്റ് ജനറല്‍ ക്ലാസിലേക്കോ 3AC ടിക്കറ്റ് സ്ലീപ്പറിലേക്കോ മാറ്റില്ല. എന്നാല്‍ കോച്ച് റദ്ദാക്കുക, സാങ്കേതിക പ്രശ്നങ്ങള്‍, ട്രെയിനില്‍ കോച്ചുകളുടെ മാറ്റം തുടങ്ങിയ അസാധാരണ സാഹചര്യങ്ങളില്‍ യാത്രക്കാരുടെ ബുക്കിങ് ക്രമീകരണങ്ങളില്‍ മാറ്റമുണ്ടാകാം. അത്തരം സാഹചര്യങ്ങളെ ഓട്ടോ അപ്ഗ്രേഡുമായി ചേര്‍ക്കാനാവില്ല.
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; ഓണക്കാലത്ത് നാട്ടിലേക്ക് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ കൂടി
ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ബെംഗളൂരു കൻ്റോൺമെൻ്റ്, എസ്എംവിടി ബെംഗളൂരു, യശ്വന്ത്പൂർ എന്നീ സ്റ്റേഷനുകളിൽനിന്ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചുമാണ് പുതിയ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. മൂന്നു ട്രെയിനുകളും കോട്ടയം വഴിയാണ് സർവീസ് നടത്തുക. ട്രെയിനുകളുടെ സമയക്രമവും മറ്റ് വിവരങ്ങളും ചുവടെ.1. ബെംഗളൂരു കൻ്റോൺമെൻ്റ് - തിരുവനന്തപുരം നോർത്ത് (06579/06580)ബെംഗളൂരു കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷനിൽനിന്ന് ഓഗസ്റ്റ് 28ന് വൈകുന്നേരം 4:40ന് പുറപ്പെടുന്ന ട്രെയിൻ 29ന് രാവിലെ 10:30ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. 29ന് ഉച്ചയ്ക്ക് 12:40ന് തിരുവനന്തപുരം നോർത്തിൽനിന്ന് മടങ്ങുന്ന ട്രെയിൻ 30ന് പുലർച്ചെ 5:15ന് ബെംഗളൂരു കൻ്റോൺമെൻ്റിൽ എത്തിച്ചേരും. കെആർ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. റിസർവേഷൻ 21ന് രാവിലെ എട്ടുമണിമുതൽ ആരംഭിച്ചു.2. എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് (06575/06576)എസ്എംവിടി ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്ന് ഓഗസ്റ്റ് 22ന് വൈകുന്നേരം 4:40ന് പുറപ്പെടുന്ന ട്രെയിൻ 23ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. 23ന് ഉച്ചയ്ക്ക് 12:40ന് തിരുവനന്തപുരം നോർത്തിൽനിന്ന് മടങ്ങുന്ന ട്രെയിൻ 24ന് പുലർച്ചെ 5:15ന് ബെംഗളൂരു കൻ്റോൺമെൻ്റിൽ എത്തിച്ചേരും. ബെംഗളൂരു കൻ്റോൺമെൻ്റ്, കെആർ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. റിസർവേഷൻ 21ന് രാവിലെ എട്ടുമണിമുതൽ ആരംഭിച്ചു.3. യശ്വന്ത്പൂർ - തിരുവനന്തപുരം നോർത്ത് ( 06573/06574)യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഓഗസ്റ്റ് 21ന് രാത്രി 8:45ന് പുറപ്പെടുന്ന ട്രെയിൻ 22ന് ഉച്ചയ്ക്ക് 1:30ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. 22ന് ഉച്ചകഴിഞ്ഞ് 3:15ന് തിരുവനന്തപുരം നോർത്തിൽനിന്ന് മടങ്ങുന്ന ട്രെയിൻ 23ന് രാവിലെ 9:45ന് യശ്വന്ത്പൂരിൽ എത്തിച്ചേരും. ഹൊസൂർ, ധർമപുരി, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.
ഇറാനെതിരായ ട്രംപിന്റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന; 'ഉപരോധവും സമ്മർദതന്ത്രവും അല്ല പരിഹാരം
ഇറാനെതിരായ ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന. ഉപരോധവും സമ്മർദതന്ത്രവും അല്ല പരിഹാരം എന്നാണ് ചൈനയുടെ നിലപാടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി. നയതന്ത്ര മാർഗ്ഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതുവരെ കണ്ടിട്ടില്ലാത്ത വിധം സാമ്പത്തികമായി ഇറാനെ വരിഞ്ഞു മുറുക്കുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇറാനുമായി വ്യാപാര ബന്ധം പുലർത്തുന്ന, ഇറാനെ സാമ്പത്തികമായി സഹായിക്കുന്ന രാജ്യങ്ങളും കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണി മുഴക്കി. സാമ്പത്തിക യുദ്ധത്തിൽ ഒപ്പം നിൽക്കണമെന്ന് ചൈനയോട് അമേരിക്ക ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്.
