ട്രെയിൻ യാത്രയ്ക്കിടെ സ്പീക്കറിലിട്ട് പാട്ട് കേൾക്കുകയോ ഉച്ചത്തിൽ ഫോണിൽ സംസാരിക്കുകയോ ചെയ്യുന്ന ശീലമുണ്ടോ? എങ്കിൽ ശ്രദ്ധിക്കണം. സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ നടപടി കർശനമാക്കുകയാണ് ദക്ഷിണ റെയിൽവേ. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഉച്ചത്തിൽ പാട്ടുകളും വീഡിയോകളും പ്ലേ ചെയ്യുന്നതും മറ്റുള്ളവർക്ക് ശല്യമാകുന്ന തരത്തിൽ സംസാരിക്കുന്നതും ഇനി പിഴയ്ക്ക് കാരണമാകാം. ഇതുസംബന്ധിച്ച് ദക്ഷിണ റെയിൽവേ ഡിവിഷനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കാരെ ബോധവത്കരിക്കുന്നതിനായി ട്രെയിനുകളിലും സ്റ്റേഷനുകളിലും പ്രാദേശിക ഭാഷകൾ, ഹിന്ദി, ഇംഗ്ലീഷ് എന്നിവയിൽ അറിയിപ്പുകൾ നൽകാനും നോട്ടീസുകൾ പ്രദർശിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. റെയിൽവേ നിയമത്തിലെ 145-ാം വകുപ്പുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രകാരം യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കാം. നിയമലംഘനത്തിന് 1000 രൂപ വരെ പിഴയും മറ്റ് നടപടികളും നേരിടേണ്ടിവരാം. ശല്യമുണ്ടാക്കുന്ന യാത്രക്കാരെ ട്രെയിനിൽനിന്നോ റെയിൽവേ പരിസരത്തുനിന്നോ നീക്കാനും ടിക്കറ്റോ പാസോ റദ്ദാക്കാനും വ്യവസ്ഥയുണ്ട്. റെയിൽവേ ജീവനക്കാരന്റെ നിർദേശം ലഭിച്ചിട്ടും ശല്യം തുടരുകയാണെങ്കിൽ ആറുമാസം വരെ തടവോ 5000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. മൊബൈൽ ഫോണിൽ പാട്ട് കേൾക്കുന്നതും വീഡിയോകൾ കാണുന്നതും നിരോധിക്കുകയല്ല ലക്ഷ്യം. മറിച്ച്, മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ഉപയോഗിക്കണമെന്നാണ് റെയിൽവേയുടെ നിർദേശം. പാട്ടുകളും വീഡിയോകളും കേൾക്കാൻ ഇയർഫോൺ ഉപയോഗിക്കണമെന്നും ഫോൺവിളികൾക്കിടെ ശബ്ദം നിയന്ത്രിക്കണമെന്നും യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രെയിനിൽ ദീർഘനേരം ഉച്ചത്തിൽ സംസാരിക്കുന്നതും റിങ്ടോണുകൾ ഉയർന്ന ശബ്ദത്തിൽ മുഴങ്ങുന്നതും സഹയാത്രികരുടെ യാത്രാസുഖത്തെ ബാധിക്കാറുണ്ട്. ഇത്തരം പരാതികൾ പരിഗണിച്ചാണ് ബോധവത്കരണവും നിയമനടപടികളും ശക്തമാക്കുന്നത്. സഹയാത്രികരുടെ സൗകര്യവും യാത്രയിലെ സമാധാനവും ഉറപ്പാക്കുക എന്നതാണ് നടപടിയുടെ ലക്ഷ്യം. അതിനാൽ ട്രെയിനിൽ പാട്ട് കേൾക്കുമ്പോഴും വീഡിയോകൾ കാണുമ്പോഴും ഇയർഫോൺ ഉപയോഗിക്കാനും ഫോണിൽ സംസാരിക്കുമ്പോൾ ശബ്ദം നിയന്ത്രിക്കാനും ശ്രദ്ധിക്കുക.
general
ട്രെയിനിൽ ഉച്ചത്തിലുള്ള ഫോൺവിളിക്കും പാട്ടിനും പൂട്ട്; 1000 രൂപ പിഴ, ആവർത്തിച്ചാൽ 6 മാസം തടവോ 5000 രൂപ പിഴയോ!
Related News
അടുത്ത വർഷം പൊതു അവധി ദിനങ്ങളുടെ എണ്ണം 21, പുറമെ എല്ലാ രണ്ടാം ശനിയാഴ്ചകളും ഞായറാഴ്ചകളും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി
ശോഭയുള്ള ഭാവിക്കായി പെൺകരുത്ത്: വേലിയമ്പം ഗേൾസ് ഹോസ്റ്റലിൽ 'തേജസ്സ്' സെമിനാർ ശ്രദ്ധേയമായി
മഴ കനക്കുന്നു; തിരുവനന്തപുരത്തും കൊല്ലത്തും അടക്കം വെള്ളക്കെട്ട് രൂക്ഷം, 10 ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട്
സമാധാന കരാറില്‍ അമേരിക്കയും ഇറാനും നേര്‍ക്കുനേര്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മൂസ് തുറക്കില്ലെന്ന് ഇറാന്
ലമീൻ യമാലിനെ ലിയോണൽ മെസിയുമായി താരതമ്യം ചെയ്യാനാവില്ലെന്ന് ലൂയിസ് എൻറിക്വ

