116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്

Advertisement
Featured Image

വെള്ളമുണ്ട: ക്രോഷെറ്റ് ചെയിൻ സ്റ്റിച്ചിങ്ങിൽ അതിവേഗ പ്രകടനം കാഴ്ചവെച്ച് വയനാട് വെള്ളമുണ്ട സ്വദേശിനിയായ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം. ഒരു മിനിറ്റിൽ 116 ക്രോഷെറ്റ് ചെയിൻ  സ്റ്റിച്ചുകൾ പൂർത്തിയാക്കിയതിനാണ് ശിവന്യ റെക്കോർഡ് സ്വന്തമാക്കിയത്.


ഈ വിഭാഗത്തിലെ നിലവിലെ റെക്കോർഡ് 82 സ്റ്റിച്ചുകൾ ആയിരുന്നു. അതിനെ മറികടന്ന് ഒരു മിനിറ്റിൽ 116 സ്റ്റിച്ചുകൾ പൂർത്തിയാക്കിയാണ് ശിവന്യ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.


വയനാട് സ്വദേശിയായ രാജിത്ത് വെള്ളമുണ്ടയുടെയും മഞ്ചുവിന്റെയും ഏക മകളാണ് ശിവന്യ. ഡിപോൾ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ശിവന്യ ചെറുപ്പം മുതലേ ക്രോഷെറ്റ് ചെയിൻ വർക്കുകളോട് വലിയ താൽപര്യം പുലർത്തിയിരുന്നു.


വിവിധതരം ക്രോഷെറ്റ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ കഴിവ് തെളിയിച്ചിട്ടുള്ള ശിവന്യ പൂക്കൾ, ബാഗുകൾ തുടങ്ങി നിരവധി മനോഹരമായ വസ്തുക്കൾ സ്വന്തമായി നിർമ്മിച്ചിട്ടുണ്ട്. നൂലും ക്രോച്ചറ്റ് സൂചിയും കൈയിലെത്തിയാൽ മണിക്കൂറുകളോളം അതിൽ മുഴുകി പ്രവർത്തിക്കുന്ന ശിവന്യയുടെ കഴിവും താൽപര്യവുമാണ് റെക്കോർഡ് നേട്ടത്തിലേക്ക് നയിച്ചത്.


പഠനത്തോടൊപ്പം ക്രോഷെറ്റ് മേഖലയിലും കഴിവ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ശിവന്യയുടെ ഈ നേട്ടം നാടിനും സ്കൂളിനും കുടുംബത്തിനും അഭിമാനമായി. ചെറുപ്രായത്തിൽ തന്നെ അന്താരാഷ്ട്ര തലത്തിലുള്ള റെക്കോർഡ് സ്വന്തമാക്കിയ ശിവന്യയ്ക്ക് വിവിധ മേഖലകളിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിച്ചുവരികയാണ്.


ക്രോഷെറ്റ് ചെയിൻ രംഗത്ത് കൂടുതൽ പുതിയ സൃഷ്ടികളും റെക്കോർഡ് നേട്ടങ്ങളും സ്വന്തമാക്കുകയാണ് ശിവന്യയുടെ ലക്ഷ്യം.

Advertisement

Related News