ഓണം വാരാഘോഷം സമാപനത്തിൻ്റെ ഭാഗമായി സർക്കാർ സംഘടിപ്പിച്ച ഘോഷയാത്രയിൽ സംസ്ഥാന വകുപ്പുകളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയ വനം വകുപ്പിൻ്റെ ടാബ്ലോ വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ വകുപ്പ് ആസ്ഥാനത്തെത്തി സന്ദർശിച്ചു. ടാബ്ലോ നിർമ്മാണച്ചുമതല ഉണ്ടായിരുന്ന ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോ ടീം അംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു. ഫ്ലോട്ട് നിർമ്മിച്ച കലാകാരൻ ബിജു എസ്. റ്റി. യെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് & വനം വകുപ്പു മേധാവി രാജേഷ് രവീന്ദ്രൻ, ചീഫ് വൈൽഡ്ലൈഫ് വാർഡൻ & പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (വൈൽഡ്ലൈഫ്) ഡോ. പി. പുകഴേന്തി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (ഫോറസ്റ്റ് മാനേജ്മെൻ്റ്) ദീപക് മിശ്ര, അഡി. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (സോഷ്യൽ ഫോറസ്ടി) പ്രമോദ് ജി. കൃഷ്ണൻ, അഡി. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (ഫിനാൻസ്) ഡോ. എൽ. ചന്ദ്രശേഖർ, പ്ലോട്ടിൻ്റെ നിർമ്മാണച്ചുമതല ഉണ്ടായിരുന്ന ഫോറസ്ട്രി ഇൻഫർമേഷൻ ഡയറക്ടർ ബൈജു കൃഷ്ണൻ, ഫോറസ്റ്റ് പിആർഒ സിനി കെ തോമസ്, ഡി സി എഫ് ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
അതിജീവനം സഹവർത്തിത്വത്തിലൂടെ എന്ന ആശയത്തിൽ നഗരവത്കരണത്തിൻ്റെയും വനനശീകരണത്തിൻ്റെയും ബാക്കി പത്രമായി മാറിയ മരക്കുറ്റിയിൽ നിന്ന് വീണ്ടും തളിർത്ത ചില്ലയിൽ, അവശേഷിക്കുന്ന അവസാനത്തെ പച്ചപ്പിൽ, അഭയം കണ്ടെത്തുന്ന മനുഷ്യനും വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുമാണ് വനം വകുപ്പ് അവതരിപ്പിച്ചത്. പശ്ചിമഘട്ട മലനിരകളിൽ കാണപ്പെടുന്ന ശരറാന്തൽപ്പൂ വള്ളിപ്പടർപ്പും സസ്യജാലങ്ങളും നിറഞ്ഞ കാടിൻ്റെ പശ്ചാത്തലത്തിൽ മനുഷ്യരും വന്യ ജീവികളുമായുള്ള സഹവർത്തിത്വമാണ് ടാബ്ലോയിൽ ഉണ്ടായിരുന്നത്.

