സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് സമരം ആരംഭിക്കുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ബസ് ഉടമകൾ അറിയിച്ചു. സ്ത്രീകളുടെ സൗജന്യ യാത്ര നിലവിൽ വന്നതോടെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും, നാളെ മുതൽ സർവീസ് മുടക്കിക്കൊണ്ടുള്ള യാതൊരു സമരവുമില്ലെന്ന് ഉടമകളുടെ സംഘടന വ്യക്തമാക്കുന്നു.
പതിവുപോലെ നാളെ കണ്ണൂർ ജില്ലയിലും ബസുകൾ സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി. കെ പവിത്രൻ അറിയിച്ചിട്ടുണ്ട്. ബസ് വ്യവസായം നേരിടുന്ന വിവിധ പ്രതിസന്ധികളെയും ആവശ്യങ്ങളെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി വരും ദിവസങ്ങളിൽ ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തിൽ നിർണായക യോഗം ചേരുന്നുണ്ട്. ഈ മാസം 13-നാണ് ഗതാഗത മന്ത്രിയുമായുള്ള ഔദ്യോഗിക ചർച്ച നിശ്ചയിച്ചിരിക്കുന്നത്.
അതുവരെ സമരവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളിൽ പൊതുജനങ്ങളും യാത്രക്കാരും ആശങ്കപ്പെടേണ്ടതില്ലെന്നും ബസ് സർവീസുകൾ സാധാരണ നിലയിൽ തന്നെ തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു

